തിരുവനന്തപുരത്ത് തിരക്കേറിയ ബൈപ്പാസിലും വാഹനമോഷണം; തുമ്പ പൊലീസ് തമിഴ്‌നാട്ടിലേക്ക്

വാഹനം അമരവിള ചെക്ക് പോസ്റ്റ് കടന്നു പോയതായി വ്യക്തമായതോടെയാണ് അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിച്ചത്.

News18 Malayalam | news18-malayalam
Updated: October 15, 2019, 8:43 PM IST
തിരുവനന്തപുരത്ത് തിരക്കേറിയ ബൈപ്പാസിലും വാഹനമോഷണം; തുമ്പ പൊലീസ് തമിഴ്‌നാട്ടിലേക്ക്
kuzhivila
  • Share this:
പ്രദീപ് സി നെടുമണ്‍

തിരുവനന്തപുരം:ബോംബെ മണികണ്ഠന്‍, പളനി, ഒറീസക്കാരന്‍ ചൗധരി കുപ്രസിദ്ധ വാഹന മോഷ്ടാക്കളായ ഇവര്‍ ജയിലില്‍ നിന്ന് ഇറങ്ങിയോ എന്ന അന്വേഷണത്തിലാണ് ഇപ്പോള്‍ തിരുവനന്തപുരം തുമ്പ പൊലീസ്. കാരണം മറ്റൊന്നുമല്ല. വാഹനമോഷണം കേരളത്തില്‍ പതിവാണെങ്കിലും റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന വാഹനം മോഷ്ടിച്ച് കടക്കുന്നതില്‍ കുപ്രസിദ്ധി നേടിയവര്‍ എന്ന നിലയിലാണ് അന്വേഷണം ഇവരെ കേന്ദ്രീകരിക്കുന്നത്.

also read:ജോയ് തോമസിന്റെ രണ്ടാം ഭാര്യക്ക് 9 ഫ്ലാറ്റുകള്‍;രണ്ടാം വിവാഹത്തിനായി ജുനൈദ് ഖാനായി; പിഎംസി തട്ടിപ്പിൽ കൂടുതൽ വിവരങ്ങൾ

പല കാലയളവില്‍ പിടിക്കപ്പെട്ട് രാജ്യത്തെ വിവിധ ജയിലുകളിലായിരുന്ന മൂന്നു പേരുടെയും ശിക്ഷാ കാലാവധി കഴിയാനുള്ള സമയമായിട്ടുണ്ട്. തുമ്പ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ കുഴിവിളയില്‍ ഇന്നലെ രാവിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മോഷണത്തിലാണ് അന്വേഷണം ഹൈവേക്കള്ളന്‍മാരെ കേന്ദ്രീകരിച്ച് ഊര്‍ജിതമാക്കിയിരിക്കുന്നത്.

കഴക്കൂട്ടം -ചാക്ക ബൈപ്പാസില്‍ കുഴിവിള ജംഗ്ഷനിലെ മത്സ്യവ്യാപാര സ്ഥാപനത്തിലെ മിനി ലോറിയാണ് മോഷണം പോയത്. രാത്രിയിലും തിരക്കിന് വലിയ കുറവില്ലാത്ത ബൈപ്പാസിന് സമീപം സര്‍വ്വീസ് റോഡില്‍ പാര്‍ക്ക് ചെയ്തിരിക്കുകയായിരുന്നു കായംകുളം രജിസ്‌ട്രേഷനിലുള്ള വാഹനം. ഡ്രൈവര്‍ സീറ്റിനു വശത്തെ ചില്ല് തകര്‍ത്താണ് വാഹനം അപഹരിച്ചതെന്നാണ് നിഗമനം. ആലപ്പുഴ സ്വദേശിയുടേതാണ് സ്ഥാപനം. ഇതിന് സമീപം ഒരു വീട്ടിലും അടുത്തിടെ മോഷണശ്രമം നടന്നിരുന്നു.

മോഷണം പതിവില്ലാത്ത സ്ഥലമായതിനാല്‍ തന്നെ പൊലീസ് ഊര്‍ജിതമായി കേസ് അന്വേഷിക്കുന്നുണ്ട്. വാഹനം അമരവിള ചെക്ക് പോസ്റ്റ് കടന്നു പോയതായി വ്യക്തമായതോടെയാണ് അന്വേഷണം തമിഴ്‌നാട്ടിലേക്ക് വ്യാപിപ്പിച്ചത്. വിവിധ സ്ഥലങ്ങളിലെ സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നതായി തുമ്പ പൊലീസ് പറഞ്ഞു.തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലെത്തി റോഡരുകില്‍ പാര്‍ക്ക് ചെയ്തിട്ടുള്ള വാഹനം മോഷ്ടിക്കുന്ന കുപ്രസിദ്ധ സംഘത്തിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

ദിണ്ടിഗല്‍, മാര്‍ത്താണ്ഡം എന്നിവിടങ്ങളില്‍ വാഹനം പൊളിച്ചുവില്‍ക്കുന്ന കേന്ദ്രങ്ങളുണ്ട്. ഇവിടങ്ങളില്‍ ഈ വാഹനം കൊണ്ടുവന്നിട്ടുണ്ടോ എന്നറിയാനും ശ്രമം നടക്കുന്നു. പൊളിച്ചുമാറ്റിയാല്‍ പിന്നെ വാഹനം കണ്ടെത്തുക ബുദ്ധിമുട്ടാണ്. എങ്കിലും ചെയ്‌സിസ് നമ്പരും മറ്റും വച്ച് പ്രതികളെ പിടികൂടാനാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ.

കേരളത്തിലെ വാഹനമോഷണക്കേസുകള്‍ മിക്കവയ്ക്കും പിന്നില്‍ അന്തര്‍സംസ്ഥാന വാഹന മോഷ്ടാക്കളാണ്. ഇവര്‍ സ്ഥിരമായി വാഹനങ്ങള്‍ എത്തിക്കുന്ന പൊളിക്കല്‍ കേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്നത് തമിഴ്‌നാട്ടിലും. നാഷണല്‍ പെര്‍മിറ്റ് ലോറികള്‍ മുതല്‍ സ്‌കൂട്ടര്‍ മോഷണം വരെ തുമ്പില്ലാതെ പോയിട്ടുണ്ട്.
തുമ്പ പൊലീസിനും തുമ്പു ലഭിക്കാതെ പോകുമോ എന്ന ആശങ്കയിലാണ് വാഹനം നഷ്ടപ്പെട്ടയാള്‍.

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: October 15, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading