കെപിസിസി നേതൃത്വത്തിന്റെ തീരുമാനത്തെ തള്ളി സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കാനുള്ള നീക്കങ്ങള്‍ ശക്തമാക്കി കെ.വി തോമസ്. സെമിനാറില്‍ പങ്കെടുക്കാനുള്ള അനുമതിക്കായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ അദ്ദേഹം സമീപിച്ചു. ഒന്‍പതാം തീയതി വരെ സമയമുണ്ട് കാത്തിരുന്ന് കാണാമെന്നും കെ.വി തോമസ് പറഞ്ഞു.
കണ്ണൂരില്‍ നടക്കുന്ന 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടത്തുന്ന സെമിനാറിലേക്കാണ് കെ.വി തോമസിനും ശശി തരൂരിനും സിപിഎമ്മിന്റെ ക്ഷണം ലഭിച്ചത്. എന്നാല്‍ കെറെയില്‍ അടക്കം നിരവധി വിഷയങ്ങളില്‍ സിപിഎമ്മുമായി നിരന്തരം കോണ്‍ഗ്രസ് പോരടിക്കുന്നതിന് ഇടയില്‍ ഇരുവരും സിപിഎം പരിപാടില്‍ പങ്കെടുക്കരുതെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന് വിലക്കിയിരുന്നു.
ഇതിന് എതിരെ ശശി തരൂര്‍ ഹൈക്കമാന്‍ഡിനെ സമീപിച്ചെങ്കിലും പരിപാടിയില്‍ പങ്കെടുക്കരുതെന്ന നിര്‍ദേശമാണ് സോണിയാ ഗാന്ധിയില്‍ നിന്ന് ലഭിച്ചത്. ഇതിന് പിന്നാലെയാണ് കെ.വി തോമസും സെമിനാറില്‍ പങ്കെടുക്കാന്‍ അനുമതി തേടി ദേശീയ നേതൃത്വത്തെ സമീപിച്ചത്.
Also Read- CPM സെമിനാറില്‍ പങ്കെടുക്കില്ല, ചിലര്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കി; അതൃപ്തിയറിച്ച് ശശി തരൂര്‍
സി.പി.എം സെമിനാറില്‍ പങ്കെടുക്കാന്‍ ക്ഷണം ലഭിച്ചപ്പോള്‍ തന്നെ പങ്കെടുക്കാന്‍ അനുമതി ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് കത്ത് അയച്ചിരുന്നുവെന്ന് കെ.വി.തോമസ് പറഞ്ഞു. കാരണം ഈ സമ്മേളനം ദേശീയ സമ്മേളനമാണ്. ദേശീയ തലത്തില്‍ ബിജെപി ഇതര രാഷ്ട്രീയ പ്രസ്ഥാനങ്ങളെ യോജിപ്പിച്ച് കൊണ്ടുപോകേണ്ടതുണ്ട്. അത് ശരത് പവാര്‍ വ്യക്തമാക്കിയിരുന്നു. സീതാറാം യെച്ചൂരി ഉള്‍പ്പെടെയുള്ള നേതാക്കളുടെ സമീപനവും അതാണെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയിലെ രാഷ്ട്രീയ ജിവിതത്തില്‍, എല്ലാവരേയും യോജിപ്പിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് ഗവണ്മെന്റ് മുന്നോട്ട് പോയത്. ഭക്ഷ്യസുരക്ഷാ നിയമം ഐക്യകണ്ഠേന പാസാക്കിയത് അങ്ങനെയാണ്. ഈയൊരു സാഹചര്യത്തിലാണ് ക്ഷണം ലഭിച്ചപ്പോള്‍ സോണിയ ഗാന്ധിക്ക് കത്തയച്ചത്. കെ.സി. വേണുഗോപാല്‍ വിളിച്ച് തന്നോട് ചില കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Also Read- ഗെയില്‍ പദ്ധതി പൂര്‍ത്തിയാക്കിയത് മുഖ്യമന്ത്രിയുടെ കഴിവെന്ന് കെ.വി തോമസ്; മറുപടി നല്കി വി.ഡി സതീശന്
സീതാറാം യെച്ചൂരിയേയും മുഖ്യമന്ത്രി പിണറായി വിജയനേയും കോടിയേരി ബാലകൃഷ്ണനേയും എം.എ.ബേബിയേയും കാര്യങ്ങള്‍ അറിയിച്ചിട്ടുണ്ട്. ഒന്‍പതാം തീയതി താന്‍ പങ്കെടുക്കേണ്ട പരിപാടിയില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന് പങ്കെടുക്കുന്നുണ്ട്. അതുകൊണ്ട് വെയിറ്റ് ആന്‍ഡ് സീ (കാത്തിരുന്ന് കാണാം) എന്നല്ലാതെ ഒന്നും പറയുന്നില്ലെന്നും കെ.വി തോമസ് കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിയില്‍ അര്‍ഹമായ സ്ഥാനം ലഭിക്കുന്നില്ലെന്ന പരാതി ഏറെ നാളുകളായി കെ.വി തോമസിനുണ്ട്. അടുത്തിടെ നടന്ന രാജ്യസഭ തെരഞ്ഞെടുപ്പില്‍ സീറ്റ് നേടാനായി ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. സെമിനാറില്‍ പങ്കെടുക്കുന്നതില്‍ നിന്ന് നേതാക്കളെ വിലക്കിയത് കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പാപ്പരത്തമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പറഞ്ഞിരുന്നു. കെപിസിസി നേതൃത്വത്തിന്റെ നിലപാടിനോട് ശശി തരൂരും അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.