കൊച്ചി: കോൺഗ്രസ് നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് സിപിഐഎം (CPM)വേദിയിൽ പങ്കെടുത്ത സംഭവത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് കെവി തോമസ് എ ഐ സി സി ക്ക് (AICC)മറുപടി നൽകി. ഇ മെയിൽ മാർഗമാണ് കെ വി തോമസ് വിശദീകരണം നൽകിയത്. ഇന്ന് രേഖാമൂലം മറുപടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സിപിഎം പാര്‍ട്ടി കോൺഗ്രസില്‍ പങ്കെടുക്കാനിടയായ സാഹചര്യത്തെകുറിച്ചാണ് കോൺഗ്രസ് നേതാവ് കെ വി തോമസ് എ. ഐ. സി. സി. ക്ക് വിശദീകരണം നല‍്കിയത്. പാര്‍ട്ടി നിര്‍ദ്ദേശം ലംഘിച്ചതിനാല്‍ നടപടിയെടുക്കാതിരിക്കാന്‍ വിശദീകരണം നല്‍കണമെന്ന് നേരത്തെ എ. ഐ. സി. സി തോമസിനോട് ആവശ്യപെട്ടിരുന്നു. ഇന്ന് വൈകിട്ട് ഇ മെയില്‍ മുഖേനയാണ് കെ വി തോമസ് മറുപടി നല്‍കിയത്.
നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ദേശിയ രാഷ്ട്രീയത്തില്‍ സിപിഎമ്മിനെ കോണ്‍ഗ്രസ് ശത്രുവായി കണേണ്ടതില്ലെന്നുമാണ് മറുപടിയിലുള്ളത്. തനിക്ക് അച്ചടക്ക സമിതി മുൻപാകെ നേരിട്ട് കാര്യങ്ങൾ ബോധിപ്പിക്കുവാൻ അവസരം വേണമെന്നും വിശദീകരണ കത്തിൽ ഉന്നയിക്കുന്നുണ്ട്. അതേസമയം കോണ്‍ഗ്രസ് രാഷ്ട്രീയ കാര്യസമിതിയോഗത്തിലേക്ക് കെ വി തോമസിനെ ക്ഷണിച്ചിട്ടില്ല.
Also Read-വർഗീയ ശക്തികൾ പോലീസിൽ നുഴഞ്ഞു കയറിയെന്ന് ഡി രാജയും ആനി രാജയും പറഞ്ഞത് ശരി: വിഡി സതീശൻ
കോണ്‍ഗ്രസിന്‍റെ നിര്‍ണ്ണായക തീരുമാനങ്ങളെടുക്കുന്ന വാര്‍റൂമില്‍ മൂന്ന് മണിക്കൂര്‍ നീണ്ട യോഗത്തിന് ശേഷമാണ് കെ വി തോമസിന് കാരണം കാണിക്കല്‍ നോട്ടീസയക്കാന്‍ തീരുമാനിച്ചത്. കെ. പി. സി. സി പ്രസിഡന്റ് കെ സുധാകരന്‍ നല്‍കിയ റിപ്പോര്‍ട്ടനുസരിച്ച് ഗുരുതരമായ അച്ചടക്ക ലംഘനമാണ് തോമസ് നടത്തിയതെന്ന് അച്ചടക്ക സമിതി വിലയിരുത്തി.
പാര്‍ട്ടി ഭരണ ഘടന പ്രകാരം തന്നെ കാര്യങ്ങള്‍ നീങ്ങട്ടെയെന്ന് എ കെ ആന്‍റണി നിര്‍ദ്ദേശിച്ചു. അച്ചടക്ക നടപടിക്ക് ശുപാര്‍ശ ചെയ്ത കെ സുധാകരന് പ്രത്യേക അജണ്ടയുണ്ടെന്ന ആക്ഷേപമുന്നയിച്ചാണ് കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കുമെന്ന് കെ വി തോമസ് പറഞ്ഞത്.
സി.പി.എം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി കണ്ണൂരില്‍ നടന്ന സെമിനാറിലാണ്കെ. വി. തോമസ് പങ്കെടുത്തത്. കണ്ണൂർ ജവഹര്‍ സ്റ്റേഡിയത്തില്‍ നടന്ന സെമിനാറില്‍ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനായിരുന്നു മുഖ്യാതിഥി. കോണ്‍ഗ്രസ് വിലക്ക് ലംഘിച്ചാണ് കെ. വി. തോമസ് സെമിനാറില്‍ പങ്കെടുത്തത്. സെമിനാറിൽ പങ്കെടുക്കുന്നതിന്റ പേരിൽഅച്ചടക്ക നടപടിയെടുത്താലും താൻ കോൺഗ്രസുകാരനായി തുടരുമെന്ന് കെ വി തോമസ് നേരത്തെ പറഞ്ഞിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, സി. പി. എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ എന്നിവർക്കൊപ്പമാണ് സെമിനാറില്‍ വേദി പങ്കിട്ടത്.
എ. ഐ. സി. സി നിർദ്ദേശം തള്ളി സെമിനാറിൽ പങ്കെടുത്തതിൻ്റെ കെ.വി. തോമസിനെതിരെ, കോൺഗ്രസിന്‍റെ നടപടിയും ഉടൻ ഉണ്ടാകുമെന്നും അദ്ദേഹത്തെ പാർട്ടിയിൽനിന്ന് പുറത്താക്കണമെന്ന പൊതുവികാരമാണ് എ. ഐ. സി. സി. യിൽ ഉയർന്നിട്ടുള്ളതെന്നും നേരത്തെ സുധാകരൻ വ്യക്തമാക്കിയിരുന്നു.
സെമിനാറിൽ പങ്കെടുക്കാൻ എത്തിയ കെ വി തോമസിന് കണ്ണൂർ വിമാനത്താവളത്തിൽ സി. പി. എം വൻ സ്വീകരണമാണ് ഒരുക്കിയിരുന്നത്. കണ്ണൂർ ജില്ലാ സെക്രട്ടറി എം വി ജയരാജനും പാർട്ടി പ്രവർത്തകരും കെ വി തോമസിനെ സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയിരുന്നു. എം വി ജയരാജൻ ചുവന്ന ഷാൾ അണിയിച്ചാണ് കെ വി തോമസിനെ സ്വീകരിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: CPM Party Congress, KV Thomas