• HOME
  • »
  • NEWS
  • »
  • kerala
  • »
  • KV Thomas | അച്ചടക്ക സമിതിയുടേത് സാധാരണ നടപടിക്രമം മാത്രം; അന്തിമ തീരുമാനം എടുക്കേണ്ടത് സോണിയ ഗാന്ധിയെന്ന് കെ.വി തോമസ്

KV Thomas | അച്ചടക്ക സമിതിയുടേത് സാധാരണ നടപടിക്രമം മാത്രം; അന്തിമ തീരുമാനം എടുക്കേണ്ടത് സോണിയ ഗാന്ധിയെന്ന് കെ.വി തോമസ്

കണ്ണൂരിൽ എത്തിയാൽ കാലുവെട്ടുമെന്നായിരുന്നു ഭീഷണി. എന്നാൽ സെമിനാറിൽ പങ്കെടുത്ത് തിരിച്ചുവന്നിട്ടും തൻ്റെ കാലിന് ഇപ്പോഴും ഒരു കുഴപ്പവുമില്ലെന്നും കെ.വി. തോമസ് പറഞ്ഞു.

  • Share this:
കൊച്ചി: സി. പി. എം സെമിനാറിൽ (cpm seminar) പങ്കെടുത്തതിൻ്റെ പേരിൽ അച്ചടക്ക നടപടിയെ കുറിച്ച് തനിക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് മുതിർന്ന കോൺഗ്രസ് (Congress) നേതാവ് കെ. വി. തോമസ് (KV Thomas)   അച്ചടക്ക സമിതിയുടേത് സാധാരണ നടപടിക്രമം മാത്രമാണ്.  അന്തിമ തീരുമാനം എടുക്കേണ്ടത് കോൺഗ്രസ്‌ അധ്യക്ഷ സോണിയാഗാന്ധിയാണ്.  അച്ചടക്ക സമിതിയുടേത് സാധാരണ നടപടിക്രമം മാത്രമാണെന്നും കെ.വി തോമസ് പ്രതികരിച്ചു. സോണിയ ഗാന്ധിയെ നേരിൽ കാണാൻ അനുമതി തേടിയിരുന്നു. നടപടി അറിയിച്ച ശേഷം ഔദ്യോഗിക പ്രതികരണം ഉണ്ടാവും.

കണ്ണൂരിൽ എത്തിയാൽ കാലുവെട്ടുമെന്നായിരുന്നു ഭീഷണി. എന്നാൽ സെമിനാറിൽ പങ്കെടുത്ത് തിരിച്ചുവന്നിട്ടും തൻ്റെ കാലിന് ഇപ്പോഴും ഒരു കുഴപ്പവുമില്ലെന്നും കെ.വി. തോമസ് പറഞ്ഞു.

പാർട്ടി അച്ചടക്കം ലംഘിച്ചതിൻ്റെ പേരിൽ കെ.വി തോമസിനെ പാർട്ടി പദവികളിൽ നിന്ന് ഒഴിവാക്കാനാണ് അച്ചടക്ക സമിതി ശുപാർശ ചെയ്തിരിക്കുന്നത്.  എഐസിസി അം​ഗത്വത്തിൽ (aicc membership) നിന്നും രാഷ്ട്രീയകാര്യ സമിതിയിൽ (political affairs committee) നിന്നും നീക്കാനാണ് ശുപാർശ. അച്ചടക്ക സമിതിയുടെ ശുപാർശ കോൺഗ്രസ് അധ്യക്ഷയ്ക്ക്  കൈമാറും. കെ.വി.തോമസിനെ താക്കീത് ചെയ്യാനും അച്ചടക്ക സമിതി ശുപാർശ ചെയ്തിട്ടുണ്ട്.

Also Read- കെ.വി. തോമസിനെ പുറത്താക്കില്ല; പദവികളിൽ നിന്നൊഴിവാക്കും; താക്കീത് ചെയ്യാനും അച്ചടക്ക സമിതി ശുപാർശ

അച്ചടക്ക സമിതിയുടെ ശുപാർശകളിൽ അന്തിമ തരുമാനം എഐസിസി അധ്യക്ഷ സോണിയാ ഗാന്ധിയുടേതാണ്. അച്ചടക്കം ലംഘിച്ച സുനിൽ ജാക്കറിന് 2 വർഷം സസ്പെൻഷനും അച്ചടക്ക സമിതി ശുപാർശ ചെയ്തു. അതേസമയം നേരിൽ ഹാജരായി വിശദീകരണം നൽകാൻ സാഹചര്യം തരണമെന്ന കെ.വി തോമസിന്റെ ആവശ്യവും എ. കെ. ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതി തള്ളി.

പാർട്ടി വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺ​ഗ്രസ് സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്തതിനും പിണറായി വിജയനെ പുകഴ്ത്തിയതിനുമെതിരെയാണ് നടപടിക്ക് വിധേയനാവുന്നത്. കെ.വി തോമസിനെ കോൺ​ഗ്രസ് പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നു തന്നെ സസ്പെൻ‍ഡ് ചെയ്യണമെന്നായിരുന്നു കെപിസിസി നൽകിയ കത്തിൽ പറഞ്ഞിരുന്നത്. അച്ചടക്കം ലംഘിച്ച സാഹചര്യത്തിൽ കെ. വി. തോമസിനെ പാർട്ടിയിൽ നിന്നും പുറത്താക്കുമെന്നും കെ. പി. സി. സി പ്രസിഡൻ്റ് കെ.സുധാകരൻ പ്രഖ്യാപിച്ചിരുന്നു.

Also Read- 'എന്നെ പുറത്താക്കാൻ ലക്ഷ്യമിടുന്നു'; കെ സുധാകരന്‍റെ സാമ്പത്തികം അന്വേഷിക്കണമെന്ന് കെ വി തോമസ്

എന്നാൽ സസ്പെൻഷൻ പോലും നൽകാതെ പാർട്ടിയിൽ നിറുത്തി കൊണ്ട് കെ. വി. തോമസിനെ അപ്രസക്തനാക്കുവാനാണ് കോൺഗ്രസ് നേതൃത്വത്തിൻ്റെ നീക്കം. അതുകൊണ്ട് താക്കീതിലും പാർട്ടി പദവികളിൽ നിന്നും ഒഴിവാക്കി നടപടി നേർപ്പിച്ചു. പാർട്ടിയിൽ നിന്നും  പുറത്താക്കിയാൽ രാഷ്ട്രീയപരമായി അത് കെ.വി തോമസ് ഗുണം ചെയ്യുമെന്ന വിലയിരുത്തലാണ് കോൺഗ്രസ് നേതൃത്വം എത്തിചേർന്നത്.അത്  കെ വി തോമസിന് രക്തസാക്ഷി പരിവേഷം നൽകും. അതിനാൽ പുറത്താക്കാതെയുള്ള രാഷ്ട്രീയ തന്ത്രമാണ് കോൺഗ്രസ് സ്വീകരിച്ചത്.

സിപിഎം പാ‍‌ർട്ടി കോൺ​ഗ്രസിന്റെ ഭാ​ഗമായി സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുക്കാൻ ശശി തരൂരിനും കെ.വിതോമസിനുമാണ് സിപിഎമ്മിൽ നിന്ന് ക്ഷണം ഉണ്ടായിരുന്നത്. കെപിസിസിയുടെ എതിർപ്പും എഐസിസിയുടെ നിർദേശവും പരി​ഗണിച്ച് ശശി തരൂർ സെമിനാറിൽ പങ്കെടുക്കുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു.

എന്നാൽ കെ വി തോമസ് സെമിനാറിൽ പങ്കെടുത്തുവെന്ന് മാത്രമല്ല മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി പ്രസം​ഗിക്കുകയും ചെയ്തു. ഇതെല്ലാം സംസ്ഥാന കോൺ​ഗ്രസ് നേതൃത്വത്തെ പ്രകോപിപ്പിക്കുന്ന തരത്തിലായിരുന്നു. മാത്രവുമല്ല  സിപിഎം പാർട്ടി കോൺ​ഗ്രസിൽ പങ്കെടുത്ത കെ വി തോമസിനെ രൂക്ഷമായി വിമർശിച്ച സംസ്ഥാന നേതൃത്വത്തിനെതിരെ കെ വി തോമസും പരസ്യ നിലപാാട് എടുത്തിരുന്നു.
Published by:Arun krishna
First published: