തിരുവനന്തപുരം: അറബിക്കടലില്‍ രൂപപ്പെട്ട ക്യാര്‍ ചുഴലിക്കാറ്റ് കൂടുതല്‍ ശക്തി പ്രാപിച്ചു. ഉപരിതല വേഗ മണിക്കൂറില്‍ 230 കിലോമീറ്റര്‍ വേഗതയിലാണ് ചൂഴലിക്കാറ്റ് വീശുന്നത്. ചുഴലികാറ്റിന്റെ വേഗത മണിക്കൂറില്‍ 220 കിലോമീറ്ററില്‍ കൂടുതലായാലാണ് സൂപ്പര്‍ സൈക്ലോണ്‍ എന്ന് വിളിക്കുന്നത്. മുംബൈ തീരത്ത് നിന്ന് 620 കിലോമീറ്റര്‍ അകലെയാണ് ക്യാര്‍. 960 കിലോമീറ്റര്‍ അകലെയുള്ള ഒമാന്‍ തീരത്തേയ്ക്കാണ് ക്യാര്‍ നീങ്ങുന്നത്. വരും മണിക്കൂറുകളില്‍ ക്യാര്‍ കൂടുതല്‍ ശക്തമാകും. മണിക്കൂറില്‍ 275 കിലോമീറ്റര്‍ വരെ വേഗതയായേക്കും.
12 വര്‍ഷത്തിന് ശേഷമാണ് അറബിക്കടലില്‍ സൂപ്പര്‍ സൈക്ലോണ്‍ രൂപ്പെടുന്നത്. 2007 ലായിരുന്നു അറബിക്കടലില്‍ ഇതിന് മുന്‍പ് സൂപ്പര്‍ സൈക്ലോണ്‍ രൂപപ്പെട്ടത്. 12 വര്‍ഷം മുന്‍പ് രൂപപ്പെട്ട ഗൊനു ചുഴലിക്കാറ്റും സമാന ദിശയില്‍ തന്നെയായിരുന്നു സഞ്ചരിച്ചതും. അറബിക്കടലില്‍ ഇന്ത്യന്‍ തീരത്തോട് ചേര്‍ന്ന് ജൂണ്‍ 1 ന് രൂപപ്പെട്ട ഗൊനു ജൂണ്‍ എട്ടിന് ഓമാന്‍ തീരത്ത് പ്രവേശിച്ചു. വലിയ നാശനഷ്ടങ്ങള്‍ ഒമാന്‍ തീരത്ത് ഉണ്ടാക്കുകയും ചെയ്തിരുന്നു. 50 പേര് ഒമാനില്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. ഒമാന്‍ തീരത്ത് എത്തിയ ഏറ്റവും ശക്തികൂടി ചുഴലിക്കാറ്റും ഇതായിരുന്നു. വടക്ക് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപപ്പെടുന്ന ഏഴാമത്തെ സൂപ്പര്‍ സൈക്ലോണാണ് ക്യാര്‍.
ഇന്നലെയായിരുന്ന ചുഴലിക്കാന് അതിശക്തമായ ചുഴലിക്കാറ്റ് (Very Severe Cyclonic Storm) ആയി മാറിയത്. ഇന്ന് ചുഴലിക്കാറ്റ് വേഗത 220 കടന്നു. നാളെയും സൂപ്പര്‍ സൈക്ലോണ്‍ ആയി ക്യാര്‍ തുടരും. തിങ്കളാഴ്ചയ്ക്ക് ശേഷം ക്യാര്‍ വീണ്ടും വേഗത കുറയും. ചൊവ്വാഴ്ച വേഗത കുറഞ്ഞ് വീണ്ടും അതിശക്തമായ ചുഴലിക്കാറ്റായിമാറും. അടുത്ത അഞ്ച് ദിവസത്തിനുള്ളില്‍ ക്യാര്‍ ഒമാന്‍ തീരത്ത് എത്തുമെന്നാണ് കണക്കുകൂട്ടല്‍.
വരും ദിവസങ്ങളില്‍ മഴയും കൂടും
സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ മഴയുടെ ശക്തി കൂടും. അറബിക്കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപപ്പെടാനുള്ള സാഹചര്യമാണ് മഴ ശക്തമാകുന്നത്. നാളെ നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച കൊല്ലം ജില്ലയില്‍ ഓറഞ്ച് അലേര്‍ട്ടും, തിരുവനന്തപുരം മുതല്‍ ഇടുക്കി വരെയുള്ള മറ്റ് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ബുധനാഴ്ച ഇടുക്കി ജില്ലയിലും ഓറഞ്ച് അലേര്‍ട്ടാണ്. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ലക്ഷദ്വീപ് പ്രദേശത്തായ് ഒക്ടോബര്‍ 30 ന് ന്യൂനമര്‍ദം രൂപപ്പെടുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.