മലപ്പുറം: ലഡാക്കില്‍ വാഹനാപകടത്തില്‍ (Ladakh accident) മരിച്ച മലപ്പുറം സ്വദേശിയായ സൈനികന് ലാന്‍സ് ഹവില്‍ദാര്‍ മുഹമ്മദ് ഷൈജലിന്റെ മൃതദേഹം ഇന്ന് ജന്മനാട്ടിലെത്തിക്കും. എയര്‍ഇന്ത്യ വിമാനത്തില്‍ കരിപ്പൂര്‍ വിമാനത്താവളത്തിലാണ് എത്തുക. 11.30 മുതല്‍ തിരൂരങ്ങാടി യത്തീംഖാനയിലും തുടര്‍ന്ന് പരപ്പനങ്ങാടി എസ്എന്‍എം ഹയര്‍സെക്കന്‍ഡറി സ്കൂളിലും പൊതുദര്‍ശനത്തിന് വെക്കും. മൂന്നു മണിയോടെയായിരിക്കും ഖബറടക്കം.
ലഡാക്കിലെ അപകടത്തില്‍ മരിച്ച മലയാളി സൈനികന് മുഹമ്മദ് ഷൈജല്‍ ഉള്‍പ്പടെയുള്ളവരുടെ മൃതദേഹം ഡല്‍ഹിയിലെ പാലം എയര്‍ബേസില്‍ എത്തിച്ചിരുന്നു. ലഡാക്കില്‍ ഷ്യാക് നദിയിലേക്കു സൈനിക വാഹനം മറിഞ്ഞുണ്ടായ അപകടത്തില്‍ മുഹമ്മദ് ഷൈജില്‍ ഉള്‍പ്പെടെ ഏഴു സൈനികരാണ് മരിച്ചത്.
ഇന്ത്യ - ചൈന അതിര്‍ത്തിയിലെ തുര്‍തുക് സെക്ടറിലേക്കു പോകും വഴി ഇവര്‍ സഞ്ചരിച്ച വാഹനം നിയന്ത്രണം വിട്ട് ഷ്യോക് നദിയിലേക്കു വീഴുകയായിരുന്നു. 26 സൈനികരാണു വാഹനത്തിലുണ്ടായിരുന്നത്. റോഡില്‍നിന്നു തെന്നിമാറിയ വാഹനം ഏകദേശം 50-60 അടി താഴ്ചയിലേക്ക് വീണാണ് അപകടം. മരിച്ച സൈനികന്റെ ഭാര്യ: റഹ്മത്ത്: മക്കള്‍ - ഫാത്തിമ സന്‍ഹ, തന്‍സില്‍, ഫാത്തിമ മഹസ.
മുഹമ്മദ് ഷൈജലിന്റെ വീട് റവന്യു മന്ത്രി കെ. രാജന്, തുറമുഖം വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ എന്നിവര്‍ സന്ദര്‍ശിച്ചു. ബിനോയ് വിശ്വം എം. പി , പി. അബ്ദുല്‍ ഹമീദ് എം. എല്‍. എ എന്നിവരും സന്ദര്‍ശന വേളയില്‍ ഒപ്പമുണ്ടായിരുന്നു. ഷൈജലിന്റെ കുടുംബംഗങ്ങളുമായി ജനപ്രതിനിധികള്‍ സംസാരിച്ചു. അപകടത്തെ കുറിച്ച് സൈന്യം അന്വേഷണം തുടങ്ങി.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.