കൊച്ചി: ലക്ഷദ്വീപ് സന്ദർശനം പൂർത്തിയാക്കി അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ ഗോവയിലേക്ക് മടങ്ങി. നേരത്തെ നിശ്ചയിച്ചതിലും ഒരു ദിവസം നേരത്തേയാണ് അഡ്മിനിസ്ട്രേറ്ററുടെ മടക്കം. അതിനിടെ കവരത്തി പൊലീസെടുത്ത രാജ്യദ്രോഹക്കേസിൽ ചോദ്യം ചെയ്യുന്നതിന് ഹാജറാകാൻ ഐഷ സുൽത്താന ലക്ഷദ്വീപിലെത്തി.
ഞായറാഴ്ച മടങ്ങാനായിരുന്നു അഡ്മിനിസ്ട്രേറ്ററുടെ നേരത്തെയുള്ള യാത്രാ പദ്ധതി. എന്നാൽ കൂടിക്കാഴ്ചകളും ഔദ്യോഗിക ചർച്ചകളും നേരത്തെ തന്നെ പൂർത്തിയാക്കിയതിനാൽ ഒരു ദിവസം മുമ്പേ തന്നെ മടങ്ങാൻ അഡ്മിനിസ്ട്രേറ്റർ തീരുമാനിക്കുകയായിരുന്നു. അഡ്മിനിസ്ട്രേറ്റർ ദ്വീപിൽ എത്തിയ ദിവസം മുതൽ പ്രതിഷേധങ്ങളും തുടരുകയായിരുന്നു. പ്രഫുൽ പട്ടേൽ നേരത്തെ മടങ്ങുമെന്ന വിവരം പുറത്തുവന്നതോടെ രാത്രി നടത്താൻ നിശ്ചയിച്ചിരുന്ന വിളക്ക് അണക്കൽ സമരവും ഇന്നലെ ദ്വീപ് നിവാസികൾ നടത്തിയിരുന്നു.
അഡ്മിനിസ്ട്രേറ്റർ സന്ദർശനം പൂർത്തിയാക്കി ദ്വീപിൽ നിന്നും തിരിച്ച് പോകുന്നത് വരെ സമരം തുടരാനായിരുന്നു സേവ് ലക്ഷദ്വീപ് ഫോറം ആഹ്വാനം ചെയ്തത്. ഇതിൻറെ ഭാഗമായി
പഞ്ചായത്ത് മെമ്പർമാരുടെ നേതൃത്വത്തിൽ ആദ്യ ദിനം സമരം നടന്നിരുന്നു. പഞ്ചായത്തിന്റെ അധികാരങ്ങൾ കവർന്നതിന് ഏതിരെ ആയിരുന്നു സമരം. എല്ലാ ദ്വീപുകളിലെയും പഞ്ചായത്ത് അംഗങ്ങൾ സമരത്തിൽ പങ്കെടുത്തിരുന്നു.
ജോലിയിൽ നിന്ന് പിരിച്ച് വിട്ട കരാർ തൊഴിലാളികളാണ് അടുത്ത ദിവസം സമരം നടത്തിയത് . ടൂറിസം മേഖലയിൽ നിന്നായിരുന്നു കൂടുതൽ പേരെ പിരിച്ചു വീട്ടിരുന്നത്. ഓഫ് സീസൺ എന്ന ന്യായം പറഞ്ഞായിരുന്നു ഇത്.
Also Read-
ലക്ഷദ്വീപിൽ കൃഷി വകുപ്പിലെ 85 ശതമാനം ജീവനക്കാരെ മറ്റ് വകുപ്പുകളിലേക്ക് മാറ്റി നിയമിക്കാൻ നടപടി തുടങ്ങിഅഡ്മിനിസ്ട്രേറ്റർ പോകുന്ന ദിവസം ദ്വീപിലെ അന്യായമായ സ്ഥലമേറ്റെടുക്കലിനെതിരെ ലക്ഷദ്വീപ് മുഴുവനായും സമരത്തിനിറങ്ങാനായിരുന്നു തീരുമാനം. എന്നാൽ അഡ്മിനിസ്ട്രേറ്റർ മടക്കം ഒരു ദിവസം വേഗത്തിലാക്കി. അതോടെ സമരവും വേഗത്തിലായി. ദ്വീപുകളിലെ വൈദ്യുതി വിളക്കുകൾ അണച്ച് മെഴുകുതിരി വെട്ടത്തിലായിരുന്നു പ്രതിഷേധം. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ പാത്രത്തിൽ കൊട്ടി അഡ്മിനിസ്ട്രേറ്റർ ഗോ ബാക്ക് വിളിച്ചു
സമരങ്ങളും പ്രതിഷേധങ്ങളും തുടരുന്നതിനിടയിലും തൻറെ നിലപാടിൽ യാതൊരു വിട്ടുവീഴ്ചയും ഇല്ലെന്ന സൂചനയാണ് അഡ്മിനിസ്ട്രേറ്റർ നൽകിയത് . സേവ് ലക്ഷദീപ് ഫോറം പ്രവർത്തകർ അഡ്മിനിസ്ട്രേറ്ററുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ചുവെങ്കിലും നടന്നില്ല . എന്നാൽ ലക്ഷദ്വീപ് ബി ജെ പി നേതാക്കളുമായി പ്രഫുൽ പട്ടേൽ കൂടിക്കാഴ്ച്ച നടത്തിയതായി വിവരം ഉണ്ട്. എതെങ്കിലും രീതിയിലുള്ള ഉറപ്പ് ബി ജെ പി നേതാകൾക്ക് നൽകിയതായി പറയുന്നില്ല. എന്നാൽ ചർച്ചകൾ ദ്വീപിന്റെ താല്പര്യം മുൻനിർത്തിയാണ് നടന്നതെന്ന് ബി ജെ പി പറയുന്നു. ഉറപ്പുകൾ ലഭിച്ചിട്ടുണ്ടെങ്കിൽ പുറത്തുവിടണമെന്ന് ഇതര പാർട്ടികളും ആവശ്യപ്പെടുന്നുണ്ട്.
ഇതിനിടെ അഡ്മിനിസ്ട്രേറ്ററെ ഡൽഹിക്ക് വിളിപ്പിക്കും എന്ന സൂചനകളും ശക്തമാണ്. അതേ സമയം കവരത്തി പൊലീസെടുത്ത രാജ്യദ്രോഹക്കേസിൽ ചോദ്യം ചെയ്യുന്നതിന് ഹാജറാകാൻ ഐഷ സുൽത്താന ലക്ഷദ്വീപിലെത്തി. രാവിലെ കൊച്ചിയിൽ നിന്ന് വിമാനമാർഗം അഗത്തിയിൽ എത്തിയ അവർ ഞായറാഴ്ച കവരത്തിയിൽ എത്തും. രാവിലെ പോലീസിനു മുന്നിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.