കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ സി.പി.ഐ. (എം) പരിഗണിക്കുന്നത് മുൻ KPCC വൈസ് പ്രസിഡന്റ് ലാലി വിൻസെന്റിനെയാണെന്ന് (Laly Vincent) രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചകൾ സജീവമായിരിക്കെ, പ്രതികരണവുമായി ലാലി. മണ്ഡലത്തിൽ ബന്ധങ്ങളുളള കോൺഗ്രസ് നേതാവിനെയാണ് സി.പി.ഐ. (എം) സ്ഥാനാർത്ഥിയാക്കാൻ ഒരുങ്ങുന്നത് എന്ന സൂചനകളാണ് ഇത്തരം ചർച്ചയ്ക്ക് ബലം നൽകിയത്. കഴിഞ്ഞ കുറച്ച് നാളുകളായി കോൺഗ്രസ് വേദികളിൽ ലാലി വിൻസെന്റ് സജീവമല്ലാതിരുന്നതും സംശയത്തിന് ഇടയാക്കി. ഇതിനിടയിലാണ് താൻ സ്ഥാനാർത്ഥിയാകുന്ന വാർത്ത പൂർണ്ണമായും നിഷേധിച്ച് ലാലി വിൻസെന്റ് രംഗത്ത് വന്നത്.
സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് തൻ്റെ പേര് വലിച്ചിഴച്ചത് ബോധപൂർവമാണ്. എന്നാൽ തനിക്ക് അതിൽ യാതൊരു പങ്കുമില്ല. താൻ കോൺഗ്രസ് വിട്ട് പോകുന്ന പ്രശ്നമില്ലെന്നും ലാലി വിൻസെന്റ് ന്യൂസ് 18 നോട് പറഞ്ഞു.
തൃക്കാക്കരയിലെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് ഇടത് നേതൃത്വവുമായി ഒരു ചർച്ചയും നടന്നിട്ടില്ല. അത്തരം ചർച്ച താനുമായി നടത്താനുള്ള ധൈര്യം ഇടത് നേതൃത്വത്തിന് ഉണ്ടെന്ന് കരുതുന്നില്ല. താൻ കോൺഗ്രസ് ഭക്തയാണ്. മറ്റൊരു പാർട്ടിയുടെ സ്ഥാനാർത്ഥിയാവുന്നത് തൻ്റെ സ്വപ്നത്തിൽ പോലുമില്ല. തൻ്റെ വ്യക്തിപരമായ പ്രശ്നങ്ങൾ കൊണ്ടാണ് സജീവ രാഷ്ട്രീയത്തിൽ നിന്നും മാറി നിന്നത്. പാർട്ടിയുമായി യാതൊരു പ്രശ്നങ്ങളുമില്ല. തനിക്ക് മറ്റൊരു പാർട്ടിയായി മാറുവാൻ കഴിയില്ല. കെ.വി. തോമസ് മാത്രമല്ല, എല്ലാ നേതാക്കളുമായി തനിക്ക് നല്ല ബന്ധമാണെന്നും ലാലി വിൻസെന്റ് വ്യക്തമാക്കി.
തൃക്കാക്കരയിൽ കോൺഗ്രസ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് യാതൊന്നും ലാലി വിൻസെന്റിന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിൽ ഉണ്ടായിരുന്നില്ല. രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജെബി മേത്തറെ അഭിനന്ദിച്ചുകൊണ്ടുളളതാണ് ലാലി വിൻസെന്റിന്റെ കോൺഗ്രസുമായി ബന്ധപ്പെട്ട അവസാനത്തെ പോസ്റ്റ്. ഇതും സംശയത്തിന് ഇടയാക്കിയിരുന്നു
പി.ടി. തോമസുമായും ഉമ തോമസുമായും തനിക്ക് മികച്ച ബന്ധമാണുളളതെന്ന് ലാലി വിൻസെന്റ് പറഞ്ഞിരുന്നു. പി.ടി. തോമസും താനും മഹാരാജാസ് കോളേജിൽ ഒരുമിച്ചു പഠിച്ചതാണെന്നും, ഒരുമിച്ചാണ് വിദ്യാർത്ഥി രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതെന്നും ലാലി വിൻസെന്റ് പറഞ്ഞിരുന്നു. എങ്കിലും ഉമ തോമസ് സ്ഥാനാർത്ഥിയായി വന്നിട്ടും ഇക്കാര്യം സൂചിപ്പിച്ചുകൊണ്ട് ഒരു ഫേസ്ബുക്ക് പോസ്റ്റ് പോലും ഇല്ലാത്തതാണ് ലാലി വിൻസെന്റിന്റെ സ്ഥാനാർത്ഥിത്വത്തെ പറ്റി രാഷട്രീയ വൃത്തങ്ങളിൽ ചർച്ചകൾ സജീവമാക്കിയത്.
നേരത്തെ തൃക്കാക്കരയിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായി സി.പി.ഐ. (എം) ജില്ലാ കമ്മറ്റി അംഗവും DYFI നേതാവുമായ അഡ്വ. കെ.എസ്. അരുണ്‍ കുമാർ വരുമെന്ന അഭ്യൂഹങ്ങളുയർന്നിരുന്നു. എന്നാൽ ഈ കാര്യത്തിൽ വ്യക്തത വരാതിരുന്നതും ലാലിയുടെ പേര് ഉയരുവാൻ ഇടയാക്കി. സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് സി.പി.എം. നിർണ്ണായക യോഗം നടക്കുകയാണ്.
Summary: Laly Vincent denies being pitted as LDF candidate in Thrikkakkara. However, candidature of LDF representative in the constituency is still under debate
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.