പാലക്കാട് - കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ദേശീയപാതയുടെ (Kozhikode-Palakkad Greenfield National Highway) സ്ഥലമേറ്റടുക്കലിന്റെ ഭാഗമായുള്ള ജില്ലയിലെ കല്ലിടലിന് തുടക്കമായി. പാലക്കാട് ജില്ലയില്‍ നിന്നും പാത മലപ്പുറം ജില്ലയിലേക്ക് പ്രവേശിക്കുന്ന എടപ്പറ്റ ഗ്രാമപഞ്ചായത്തിലെ മൂനാടിയിലെ കർഷകനായ ഉമ്മറിൻ്റെ സ്ഥലത്താണ് ആദ്യ കല്ല് പാകിയത്.
പെരിന്തല്‍മണ്ണ, നിലമ്പൂര്‍, ഏറനാട്, കൊണ്ടോട്ടി താലൂക്കുകളിലെ 15 വില്ലേജുകളില്‍ കൂടി പാത കടന്നുപോകും. 121 കിലോമീറ്റര്‍ പാതയിലെ 52.8 കി.മീ. ജില്ലയിലാണ്. എടപ്പറ്റ, കരുവാരക്കുണ്ട്, തുവൂര്‍, ചെമ്പ്രശ്ശേരി, വെട്ടിക്കാട്ടിരി, പോരൂര്‍, എളങ്കൂര്‍, കാരക്കുന്ന്, പെരകമണ്ണ, കാവനൂര്‍, അരീക്കോട്, മുതുവല്ലൂര്‍, ചീക്കോട്, വാഴക്കാട്, വാഴയൂര്‍, വില്ലേജുകളിലൂടെയാണ് ജില്ലയിലെ പാത കടന്നുപോകുന്നത്.
45 മീറ്റര്‍ വീതിയില്‍ പൂര്‍ണമായും പുതിയ പാതയാണ് നിര്‍മിക്കുന്നത്. ഓരോ അന്‍പത് മീറ്ററിലും ഇരുവശത്തും അതിര്‍ത്തി കല്ലുകള്‍ സ്ഥാപിക്കും. ഇത്തരത്തില്‍ 2144 അതിര്‍ത്തി കല്ലുകളാണ് സ്ഥാപിക്കുന്നത്. 'ഭാരത് മാല പദ്ധതി'യിലുള്‍പ്പെടുത്തി നിര്‍മിക്കുന്ന ഗ്രീന്‍ഫീല്‍ഡ് പാത പദ്ധതിയ്ക്കായി 237 ഹെക്ടര്‍ ഭൂമിയാണ് ജില്ലയില്‍ നിന്നും ഏറ്റെടുക്കും.
അലൈന്മെന്റിനെ അടിസ്ഥാനപ്പെടുത്തിയുള്ള ജി.പി.എസ് കോര്‍ഡിനേറ്റ്സിന്റെ അടിസ്ഥാനത്തിലാണ് കല്ലുകള്‍ സ്ഥാപിക്കുക. അതിനാല്‍, കല്ലുകള്‍ക്ക് സ്ഥാന ചലനം സംഭവിച്ചാലും എളുപ്പത്തില്‍ പുനഃസ്ഥാപിക്കാനാവും. കല്ലുകള്‍ക്ക് സ്ഥാനചലനം സംഭവിക്കുന്നില്ലെന്ന് അതത് ഭൂഉടമസ്ഥര്‍ ഉറപ്പുവരുത്തണം. അല്ലാത്ത പക്ഷം ക്രിമിനല്‍ നടപടികള്‍ക്ക് വിധേയമാകും.
Also read: 'കാട്ടാക്കട സംഭവം ഞെട്ടിക്കുന്നത്, പരിക്കേറ്റവരെ നേരിൽക്കണ്ട് റിപ്പോർട്ട് നൽകണം'; ഹൈക്കോടതിഒരു മാസം കൊണ്ട് ജില്ലയിലെ കല്ലിടല്‍ പൂര്‍ത്തിയാക്കുന്നതിനാണ് പദ്ധതി തയ്യാറായിട്ടുള്ളത്. കല്ലിടലിനോടൊപ്പം സര്‍വേ ജോലികളും ആരംഭിക്കും. ദേശീയപാത ഭൂമി ഏറ്റെടുക്കല്‍ കാര്യാലയത്തിലെ ഉദ്യോഗസ്ഥര്‍ ഓരോരുത്തരില്‍ നിന്നും ഏറ്റെടുത്ത ഭൂമി, കെട്ടിടങ്ങള്‍ ഉള്‍പ്പടെയുള്ള നിര്‍മിതികള്‍, കാര്‍ഷിക വിളകള്‍, മരങ്ങള്‍ എന്നിവയുടെ കണക്കെടുക്കുന്നതായിരിക്കും. ഇതിനായി ബന്ധപ്പെട്ട ഭൂ ഉടമസ്ഥര്‍ ആധാരത്തിന്റെയും നികുതി രസീതിന്റെയും പകര്‍പ്പുകള്‍ സഹിതം സ്ഥലത്ത് ഉണ്ടായിരിക്കണം. ഏറ്റെടുക്കുന്ന ഭൂമിയിലെ അതിര്‍ത്തികള്‍ വ്യക്തമായി കല്ലിട്ട് വേര്‍തിരിക്കും.
നാശനഷ്ടങ്ങളുടെ കണക്കെടുപ്പിനുശേഷം വിലനിര്‍ണയത്തിലേക്ക് കടക്കും. നഷ്ടപ്പെടുന്ന ഭൂമി, നിര്‍മിതികള്‍, കാര്‍ഷിക വിളകള്‍, മരങ്ങള്‍ എന്നിവയ്ക്ക് ഓരോന്നിനും പ്രത്യേകമായി വിലനിശ്ചയിക്കും. ഭൂമിയുടെ വില റവന്യൂ അധികൃതരും നിര്‍മിതികളുടെ വില പൊതുമരാമത്ത് ഉദ്യോഗസ്ഥരും കാര്‍ഷിക വിളകളുടേത് കൃഷി ഓഫീസര്‍മാരും മരങ്ങളുടേത് ഫോറസ്റ്റ് അധികൃതരുമാണ് നിശ്ചയിക്കുന്നത്.
2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരമാണ് നഷ്ടപരിഹാര നിര്‍ണയവും പുനഃരധിവാസവും. ഏറ്റെടുക്കുന്ന ഭൂമിയ്ക്ക് നിശ്ചയിക്കുന്ന വിലയുടെ രണ്ടര ഇരട്ടിയും മറ്റുള്ളവയ്ക്ക് ഇരട്ടി തുകയും നഷ്ടപരിഹാരമായി ലഭിക്കും. നിശ്ചയിച്ച നഷ്ടപരിഹാരതുക ഡെപ്യൂട്ടി കലക്ടര്‍മാരുടെ അക്കൗണ്ടില്‍ എത്തിയതിനു ശേഷം മാത്രമേ ഒഴിഞ്ഞുപോകുന്നതിന് നോട്ടീസ് നല്‍കുകയുള്ളൂ.
സ്ഥലം ഒഴിയുന്നതിന് 60 ദിവസം വരെ സമയമെടുക്കാം. വിട്ടൊഴിഞ്ഞതിനുശേഷം ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നഷ്ടപരിഹാരം അക്കൗണ്ടില്‍ എത്തും. ഇതിനുശേഷം മാത്രമേ കെട്ടിടം പൊളിക്കലും റോഡ് നിര്‍മാണവും ആരംഭിക്കൂ. ജില്ലയിലെ അവികസിത പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന പാതയ്ക്ക് അനുകൂലമായ പ്രതികരണമാണ് ജനങ്ങളുടെയും ജനപ്രതിനിധികളുടെയും ഭാഗത്ത് നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത് എന്നത് അധികൃതർക്ക് ആശ്വാസമാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.