കൊച്ചി: വർഷങ്ങളായി തേയില, കാപ്പി, ഏലം, കുരുമുളക്, കശുവണ്ടി തുടങ്ങിയ വിളകൾ കൃഷി ചെയ്യുന്ന ഭൂമി പരിസ്ഥിതി ദുർബല പ്രദേശമായി വിജ്ഞാപനം ചെയ്യാനാവില്ലെന്ന് കേരള ഹൈക്കോടതി (Kerala High Court). പതിറ്റാണ്ടുകളായി കൃഷി ചെയ്യുന്ന ഭൂമി വനഭൂമിയുടെ നിർവചനത്തിൽ വരില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കേരള വനം (പരിസ്ഥിതി ദുർബലപ്രദേശം ഏറ്റെടുക്കലും പരിപാലിക്കലും) നിയമപ്രകാരം മാനന്തവാടിയിലെ 6.072 ഹെക്ടർ ഭൂമി പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിച്ചതിനെതിരെ ഭൂവുടമ തലശേരി സ്വദേശി എസ് രവീന്ദ്രനാഥ പൈ അടക്കമുള്ളവർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി ബി സുരേഷ് കുമാർ, ജസ്റ്റിസ് സി എസ് സുധ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ വിധി.
Also Read-
Jana Gana Mana review | ജനഗണമന റിവ്യൂ: ഓരോ പകുതികളിലായി സുരാജിന്റെയും പൃഥ്വിരാജിന്റേയും തകർപ്പൻ വൺ മാൻ ഷോ
പരാതിക്കാരുടെ ഭൂമി പരിസ്ഥിതി ദുർബല പ്രദേശമായി വിജ്ഞാപനം ചെയ്ത സർക്കാർ ഉത്തരവ് കോടതി റദ്ദാക്കി. മാനന്തവാടിയിൽ ഹർജിക്കാരുടെ 30 ഏക്കർ തോട്ടത്തിൽ 1965-70 കാലം മുതൽ തേയിലയും കാപ്പിയും കൃഷി ചെയ്തു വരികയാണ്. ഇത് പരിസ്ഥിതി ദുർബല പ്രദേശമായി പ്രഖ്യാപിച്ചത് നിയമപരമല്ലെന്നായിരുന്നു ഹർജിയിലെ വാദം.
കൃഷിഭൂമിയാണെങ്കിലും അതിരുകൾ വനമാണെന്നും വന്യജീവികളുടെ സാന്നിദ്ധ്യമുണ്ടെന്നും ചൂണ്ടിക്കാട്ടി വനം വകുപ്പ് ഹർജിയെ എതിർത്തു. പശ്ചിമഘട്ടത്തിന്റെ ഭാഗമായ വനഭൂമിയാണെന്നും ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ വ്യക്തമാക്കി. തുടർന്ന് പരിശോധന നടത്തി റിപ്പോർട്ട് നൽകാൻ അഭിഭാഷക കമ്മീഷനെയും ഒരു വിദഗ്ദ്ധ സഹായിയെയും ഹൈക്കോടതി ചുമതലപ്പെടുത്തി.
Also Read-
IAS wedding | ശ്രീറാം വെങ്കിട്ടരാമനും ആലപ്പുഴ കളക്ടർ രേണുരാജു൦ വിവാഹിതരായി
30 വർഷം മുമ്പ് കൃഷി ചെയ്യാൻ കളക്ടർ അനുമതി നൽകിയിട്ടുണ്ടെന്നും കേരള ഭൂപരിഷ്കരണ നിയമ പ്രകാരം ഉടമസ്ഥാവകാശമുള്ള ഭൂമിയാണിതെന്നും കമ്മീഷൻ റിപ്പോർട്ട് നൽകി. വൈദ്യുത വേലിയും വീടുകളും പമ്പ് ഹൗസുകളുമുള്ള ഭൂമി കൃഷി ഭൂമിയാണെന്നും വ്യക്തമാക്കി.
വന്യമൃഗ ആവാസ മേഖലയാണെന്നും 3 ഭാഗവും വനത്താൽ ചുറ്റപ്പെട്ടതും തദ്ദേശജന്യമായ ഒട്ടേറെ മരങ്ങൾ ഉള്ളതുമാണ് ഈ ഭൂമിയെന്ന ട്രൈബ്യൂണലിന്റെ അഭിപ്രായം അപ്രസക്തമാണ്. നിർദിഷ്ട ഭൂമിയിൽ മുഖ്യ പ്രവർത്തനം കൃഷിയാണെന്നും ദീർഘകാല വിളകളാണെന്നും റിപ്പോർട്ടിൽ നിന്നു വ്യക്തമാണെന്നു കോടതി പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.