നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • കരമൊടുക്കാൻ ചെല്ലുമ്പോൾ വസ്തു നിങ്ങടെ തണ്ടപ്പേരിലില്ലെന്നറിഞ്ഞാൽ ഞെട്ടേണ്ട!

  കരമൊടുക്കാൻ ചെല്ലുമ്പോൾ വസ്തു നിങ്ങടെ തണ്ടപ്പേരിലില്ലെന്നറിഞ്ഞാൽ ഞെട്ടേണ്ട!

  റവന്യു വകുപ്പ് സദുദ്ദേശത്തോടെ തണ്ടപ്പേരുകൾ ഡിജിറ്റലൈസ് ചെയ്തു കൊണ്ടിരിക്കുന്ന ഒരു പ്രക്രിയയിലാണിപ്പോൾ. ഡിജിറ്റലൈസേഷൻ പൂർത്തിയാകുന്ന മുറയ്ക്ക് പഴയ കടലാസുരേഖകൾ ഉപേക്ഷിക്കപ്പെടും. അതുകൊണ്ടുതന്നെ ഉദ്യോഗസ്ഥരെ കൈയിലെടുത്ത് ഭൂമാഫിയ നടത്തുന്ന തട്ടിപ്പുകൾ കൂടിവരും

  • Share this:
   കൂടത്തായി, മരട് സംഭവങ്ങളാണ് മാധ്യമങ്ങൾ നിറയെ. പെട്ടെന്നൊരുനാൾ കിടപ്പാടം ഇല്ലാതായ കുറെ മനുഷ്യരെ മരടിൽ കാണാനായി. റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെ വ്യാജ ഓസ്യത്ത് തയ്യാറാക്കി ഒരു കുടുംബത്തിലെ സ്വത്ത് മുഴുവൻ കൈക്കലാക്കുന്നതിനുവേണ്ടി കൊലപാതകങ്ങൾ ചെയ്തയാളാണ് കൂടത്തായിയിലെ ജോളി. ഈ രണ്ട് സംഭവങ്ങളും വിരൽചൂണ്ടുന്നത് നമ്മുടെ റവന്യൂ ഓഫീസുകൾ കേന്ദ്രീകരിച്ച് നടക്കുന്ന വൻ തട്ടിപ്പുകളെക്കുറിച്ചാണ്. കരമൊടുക്കാൻ വില്ലേജ് ഓഫീസിൽ പോകുമ്പോൾ വസ്തു സ്വന്തം പേരിൽ അല്ല എന്നറിഞ്ഞ് ഞെട്ടരുത്. റവന്യു വകുപ്പ് സദുദ്ദേശത്തോടെ തണ്ടപ്പേരുകൾ ഡിജിറ്റലൈസ് ചെയ്തു കൊണ്ടിരിക്കുന്ന ഒരു പ്രക്രിയയിലാണിപ്പോൾ. ഡിജിറ്റലൈസേഷൻ പൂർത്തിയാകുന്ന മുറയ്ക്ക് പഴയ കടലാസുരേഖകൾ ഉപേക്ഷിക്കപ്പെടും. അതുകൊണ്ടുതന്നെ ഉദ്യോഗസ്ഥരെ കൈയിലെടുത്ത് ഭൂമാഫിയ നടത്തുന്ന തട്ടിപ്പുകൾ കൂടിവരും.

   ഇതേക്കുറിച്ച് അശോക് കുമാർ കർത്ത എഴുതി വൈറലായ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം

   ജ്വാളിയായി എല്ലാവരും ടിവികൾ കണ്ടിരുന്നോളു...

   നാളെ കരമൊടുക്കാൻ ചെല്ലുമ്പോൾ വസ്തു നിങ്ങടെ തണ്ടപ്പേരിലില്ലെന്നറിഞ്ഞാൽ ഞെട്ടരുത്.

   റവന്യു വകുപ്പ് സദുദ്ദേശത്തോടെ തണ്ടപ്പേരുകൾ ഡിജിറ്റലൈസ് ചെയ്തു കൊണ്ടിരിക്കുന്ന ഒരു പ്രക്രിയയിലാണിപ്പോൾ. നിങ്ങളുടെ വില്ലേജിൽ അത് പൂർത്തിയാകുമ്പോൾ ഭൂനികുതി ഓൺലൈനിൽ അടയ്ക്കാം. ലാൻഡ് അക്കൗണ്ട് ഓൺലൈനായി കാണാം. വസ്തു കൈമാറ്റത്തിനു ഇനി RoR സർട്ടിഫിക്കേറ്റ് നിർബന്ധമാണ്. ആധാരമെഴുത്തുകാരും സബ് രജിസ്ട്രാർമാരും ചേർന്നു വ്യാജ ഇടപാടുകൾ നടത്തുന്നത് ഒഴിവാക്കാൻ അത് സഹായിക്കും.

   സർക്കാരിന്റെ ഉദ്ദേശശുദ്ധിയിൽ ഒരു സംശയവുമില്ല. ഇതൊക്കെ വളരെ നേരത്തെ വേണ്ടിയിരുന്നു. ചന്ദ്രബാബു നായിഡു പത്തുകൊല്ലം മുൻപേ ആന്ധ്രയിൽ ഇത് നടപ്പാക്കി. കേരളത്തിൽ അത് പൂർത്തിയായി വരുന്നു. അതു കൊണ്ട് നിങ്ങളുടെ വസ്തുവകകൾ നിങ്ങളുടെ പേരിൽത്തന്നെയുണ്ടെന്നു എത്രയും പെട്ടെന്നു ഉറപ്പു വരുത്തണം.

   റവന്യു ഉദ്യോഗസ്ഥരെ തരിമ്പും വിശ്വസിക്കാൻ പറ്റില്ല. അവർ ചെയ്തു വച്ചിരിക്കുന്നത് ഓരോ ഭൂവുടമയും പോയി നോക്കി ബോദ്ധ്യപ്പെടണം. വസ്തു സ്വന്തം പേരിലുണ്ടെങ്കിൽ കരമടച്ച് രസീതു വാങ്ങണം. പിന്നീട് കൈകാലിട്ടടിച്ചിട്ട് കാര്യമില്ല.

   വില്ലേജ് ഓഫീസുകൾ പഴയ വില്ലേജോഫീസുകളല്ല. വില്ലേജ് ഓഫീസറന്മാർ പഴയ വില്ലേജ് ഓഫീസറന്മാരും.

   കഴിഞ്ഞ തലമുറ വില്ലേജോഫീസറന്മാർ കൈക്കൂലി മേടിക്കുകയും അപേക്ഷപ്പുറത്ത് നടത്തി നരകിപ്പിക്കുകയും ചെയ്യുമെന്ന ആക്ഷേപമേ ഉണ്ടായിരുന്നുള്ളു. ഇന്നതല്ല. രേഖകളിൽ വ്യാപകമായ കൃത്രിമങ്ങൾ കാണിക്കാൻ യാതൊരു മടിയുമില്ലാത്തവർ ഒരുപാടുണ്ട്. (സത്യസന്ധരായ വി.ഒമാർ ക്ഷമിക്കുക).

   മണൽകടത്ത്, നിലം നികത്തൽ, വ്യാജപട്ടയ മാഫിയകളുമായി ബന്ധപ്പെട്ടാണ് പുതുതലമുറ ഉദ്യോഗസ്ഥർ പലരും പിഴച്ചു പോയത്. പിന്നെയത് അവരുടെ സ്വഭാവമായി. അതോടെ അവർ മുൻകൈ എടുത്ത് പല കൃത്രിമങ്ങളും ചെയ്യാൻ തുടങ്ങി. മൂന്നാർ, കടകംപള്ളി കേസുകൾ പത്രങ്ങളിൽ വന്നത് വായിച്ചിരിക്കുമല്ലോ. മരട് ഫ്ലാറ്റ് പരിസ്ഥിതി നിയമം ലംഘിച്ചതിനു പൊളിക്കാനിരിക്കുകയുമാണല്ലോ. പക്ഷെ ഫ്ലാറ്റ് നിൽക്കുന്ന ഭൂമിയേപ്പറ്റി ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ? എന്താണതിന്റെ ഭൂചരിത്രം? കേസിൽ ഏതെങ്കിലും വില്ലേജ് ഓഫീസർ ഇതുവരെ പരാമർശിക്കപ്പെട്ടിട്ടുണ്ടോ? തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനൊപ്പം വില്ലേജ് ഓഫീസിന്റെ പങ്കും അന്വേഷിക്കണ്ടതല്ലെ? മട്ടാഞ്ചേരി സബ്കളക്റ്റർ മരടിൽ സ്പെഷൽ ഓഫീസറാണ്. സ്വന്തം നിലയിൽ അത് അദ്ദേഹത്തിനു അന്വേഷിക്കാവുന്നതാണ്. അതു ചെയ്യുമോ?

   ഒരു വില്ലേജ് ഓഫീസർ എന്ത് കൃത്രിമം ചെയ്താലും അതിനു മുകളിലുള്ള ഓഫീസറന്മാർ അവരെ സംരക്ഷിക്കും. പങ്കു കൊടുക്കണമെന്നേയുള്ളു. ഏത് ഉന്നതന്റെയും ഉത്തരവുകളേയും അവർ ലംഘിക്കും. കോടതി ഉത്തരവിനേപ്പോലും പേടിയില്ല. മെക്കാളേയുടെ ലെഗസിയാണ് റെവന്യു വകുപ്പിൽ. ക്ലാസിഫയറുടേയും, പേഷ്കാരുടേയും, പാർവത്യാരുടേയും പ്രേതങ്ങളാണ് ഇപ്പോഴും ആ വകുപ്പ് ഭരിക്കുന്നത്‌.

   എല്ലാ നിയമവും ജനം അറിഞ്ഞിരിക്കണം എന്നു പറയുന്ന നാടാണ് ഇന്ത്യ. Ignorence of law is not an excuse. ദിനംപ്രതി അനേകം ലെജിസ്ലേറ്റീവ്, എക്സിക്യൂട്ടീവ് ഉത്തരവുകൾ ഇറങ്ങുന്നുണ്ട്. അതെല്ലാം ജനം അറിയണം. അല്ലെങ്കിൽ അറിയുന്നുണ്ടെന്നാണ് സങ്കല്പം. എല്ലാം നിയമങ്ങളും അറിഞ്ഞു വേണം ഇന്ത്യാക്കാരൻ ജീവിക്കേണ്ടത്. ഇല്ലെങ്കിൽ അപരാധിയാകും. ഉദ്യോഗസ്ഥർക്കുപോലും അതെല്ലാം അറിയാമോ എന്നു സംശയമാണ്.

   ഒരോഫീസർ കൃത്രിമം കാണിച്ചാൽ നാം ഉടനെ അറിയണമെന്നില്ല. പിന്നീട് എന്തെങ്കിലും ആവശ്യത്തിനു ചെല്ലുമ്പോഴായിരിക്കും പകച്ചു പോകുന്നത്. ഉദ്യോഗസ്ഥൻ കൈ മലർത്തും. ചിലതൊക്കെ മുകളിൽപ്പോയി തിരുത്തിച്ചോളാൻ ഉപദേശിക്കും. അപ്പോഴും തെറ്റുചെയ്ത ഉദ്യോഗസ്ഥൻ കുറ്റക്കാരനല്ല. അയാളുടെ പേരിൽ നടപടിയുമില്ല. ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടയിലെ പിഴവു മാത്രമായേ എടുക്കു. യഥാർത്ഥ കക്ഷിക്കു പലപ്പോഴും കോടതിയേ സമീപിക്കേണ്ടിവരും. അതിലുമുണ്ട് പ്രശ്നം. മിക്ക ചട്ടങ്ങൾക്കും അപ്പീൽ കൊടുക്കാൻ സമയ പരിധിയുണ്ടായിരിക്കും. പലപ്പോഴും അതു കഴിഞ്ഞിട്ടായിരിക്കും കക്ഷി കാര്യമറിയുന്നതു തന്നെ. പിന്നെ സ്വയം തലയ്ക്കടിക്കാനേ നിർവ്വാഹമുള്ളു.

   ദൂരെ സ്ഥലങ്ങളിൽ വസ്തുവുള്ളവർ, കരം കുടിശ്ശികയിട്ടിരിക്കുന്നവർ, പേരിൽക്കൂട്ടാത്തവർ, ഭാഗം കിട്ടിയവർ, ഒസ്യത്ത് - ഇഷ്ടദാനം മുതലായവ വഴി കൈവശം വന്ന വസ്തുക്കൾ ഉള്ളവർ ഉടൻ വില്ലേജുകളിൽ പോയി രേഖ പരിശോധിച്ച് സ്വന്തം പേരിലുണ്ടെന്നു ഉറപ്പാക്കണം. അല്ലെങ്കിൽ അത് വല്ല മാഫിയക്കാരന്റെയും കയ്യിലിരിക്കും. ഡിജിറ്റലൈസേഷൻ പൂർത്തിയാകുന്ന മുറയ്ക്ക് പഴയ കടലാസുരേഖകൾ ഉപേക്ഷിക്കപ്പെടും. ജാഗ്രതൈ.

   തൽക്കാലം അല്പം ജ്വാളി വേണ്ടെന്നു വച്ചാൽ ശിഷ്ടകാലം ജോളിയായിട്ടിരിക്കാം.
   First published:
   )}