തിരുവനന്തപുരം: ഡിജിറ്റൽ പഠനസൗകര്യം എല്ലാവർക്കും ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സർക്കാർ വിദ്യ ശ്രീ പദ്ധതി പ്രഖ്യാപിച്ചത്. കുടുംബശ്രീ വഴി രജിസ്റ്റർ ചെയ്യുന്ന എല്ലാവർക്കും ലാപ്ടോപ്പുകൾ നൽകുകയായിരുന്നു സർക്കാർ
പദ്ധതി. കെഎസ്എഫ്ഇ വഴിയുള്ള വായ്പക്ക് പ്രതിമാസം 500 രൂപ വീതം ആയിരുന്നു തിരിച്ചടവ്. എന്നാൽ ലാപ്ടോപ്പുകൾ വിതരണം ചെയ്യാമെന്നേറ്റ കമ്പനികൾ പിന്നോട്ടുപോയി. ഡിജിറ്റൽ പഠന ഉപകരണങ്ങൾ ഇല്ലാത്തതിനാൽ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങുന്ന സാഹചര്യമാണ്. ഈ സാഹചര്യത്തിലാണ് സർക്കാർ പുതിയ പദ്ധതി പ്രഖ്യാപിച്ചത്. ലാപ്ടോപ്പുകളോ ടാബ്ലറ്റുകളോ സ്വന്തമായി വാങ്ങാം. ബില്ല് ഹാജരാക്കിയാൽ ഇരുപതിനായിരം രൂപ വരെ കെഎസ്എഫ്ഇ വായ്പ നൽകും. പ്രതിമാസം 500 രൂപ വീതം 40 മാസം കൊണ്ടാണ് തിരിച്ചടവ് പൂർത്തിയാക്കേണ്ടത്.
മാർക്കറ്റിലുള്ള മുൻനിര കമ്പനികൾ ആണ് വിദ്യാശ്രീ പദ്ധതി വഴി ലാപ്ടോപ്പുകൾ വിതരണം ചെയ്യാമെന്ന് ഏറ്റത്. മാർക്കറ്റ് വിലയേക്കാൾ കുറഞ്ഞ നിരക്കിൽ ഡിജിറ്റൽ പഠന ഉപകരണങ്ങൾ വിതരണം ചെയ്യാം എന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം. എന്നാൽ ആവശ്യത്തിനനുസരിച്ച് ഇവ വിതരണം ചെയ്യാൻ കമ്പനികൾക്ക് കഴിഞ്ഞില്ല. അസംസ്കൃത വസ്തുക്കളുടെ ലഭ്യത കുറവാണ് ഇതിന് കാരണമായി കമ്പനികൾ ചൂണ്ടിക്കാണിക്കുന്നത്. കോവിഡ് പ്രതിസന്ധിമൂലം ചൈന അടക്കമുള്ള രാജ്യങ്ങളിൽ നിന്നും അസംസ്കൃത വസ്തുക്കൾ എത്താത്തതിനാൽ ലാപ്ടോപ്പ് ഉൽപാദനം നടക്കുന്നില്ലെന്നാണ് കമ്പനികളുടെ വാദം. ഈ സാഹചര്യത്തിലാണ് പുതിയ പദ്ധതി സർക്കാർ മുന്നോട്ടു വച്ചത്.
വിദ്യാശ്രീ പദ്ധതിയിൽ നിലവിൽ രജിസ്റ്റർ ചെയ്തവർക്ക് മാത്രമായിരിക്കും സർക്കാർ പുതിയതായി പ്രഖ്യാപിച്ച ആനുകൂല്യം ലഭിക്കുക. അറുപത്തി രണ്ടായിരത്തോളം പേരാണ് പദ്ധതിയിൽ നിലവിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിൽ അയ്യായിരത്തോളം പേർക്ക് മാത്രമാണ് ഡിജിറ്റൽ പഠനോപകരണങ്ങൾ വിതരണം ചെയ്യാനായത്. സംസ്ഥാന സർക്കാരിന്റെ സ്വന്തം ബ്രാൻഡ് ആയ കൊക്കോണിക്സ് ലാപ്ടോപ്പുകൾ വിതരണം ചെയ്തെങ്കിലും ഇവ പലതും തകരാറിലായി.
നിലവിൽ ബുക്ക് ചെയ്തിരിക്കുന്ന കമ്പനികളുടെ ലാപ്ടോപ്പുകൾ തന്നെ മതി എന്നുള്ളവർക്ക് അല്പം കാത്തിരുന്നാൽ ലഭ്യമാക്കാൻ ആകും എന്നാണ് സർക്കാർ നിലപാട്. ലാപ്ടോപ്പുകളും ടാബ്ലറ്റുകളും ലഭ്യമാക്കുന്നതിൽ വീഴ്ചവരുത്തിയ കമ്പനികൾക്കെതിരെ ഉചിതമായ നിയമ നടപടി സ്വീകരിക്കാൻ കെ എസ് എഫ് ഇ മാനേജിങ് ഡയറക്ടറെ ചുമതലപ്പെടുത്തി. ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന യോഗമാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.