• HOME
 • »
 • NEWS
 • »
 • kerala
 • »
 • ചെങ്ങോട്ടുമലയിൽ തുടങ്ങുന്നത് കേരളത്തിലെ ഏറ്റവും വലിയ ക്വാറി; പ്രതിഷേധവുമായി സമരസമിതി

ചെങ്ങോട്ടുമലയിൽ തുടങ്ങുന്നത് കേരളത്തിലെ ഏറ്റവും വലിയ ക്വാറി; പ്രതിഷേധവുമായി സമരസമിതി

30 വര്‍ഷം കൊണ്ട് 3.2 കോടി ടണ്‍ കരിങ്കല്ല് പൊട്ടിക്കുമെന്നാണ് പ്രൊജക്ടില്‍ പറയുന്നത്.

 • Share this:
  കോഴിക്കോട്: കോട്ടൂര്‍ ഗ്രാമപഞ്ചായത്തിലെ ചെങ്ങോടുമലയില്‍ ലക്ഷ്യമിടുന്നത് സംസ്ഥാനത്തെ ഏറ്റവും വലിയ കരിങ്കല്‍ ക്വാറിയെന്ന് ചെങ്ങോടുമല ഖനനവിരുദ്ധ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍. സംസ്ഥാന പാരിസ്ഥിതികാഘാത നിര്‍ണയ സമിതിയില്‍ നിന്ന് സമരസമിതി പ്രവര്‍ത്തകന്‍ ലിനീഷ് നരയംകുളത്തിന് ലഭിച്ച വിവരാവകാശ രേഖയിലാണ് വിവരങ്ങളുള്ളത്.

  ചെങ്ങോടുമലയിലെ 100 ഏക്കര്‍ സ്ഥലത്ത് കരിങ്കല്‍ ക്വാറി തുടങ്ങുമെന്ന് കാണിച്ച് സൂപ്പര്‍ ക്വാറി പ്രൊജക്ട് കമ്പനി സംസ്ഥാന പാരിസ്ഥിതികാഘാത സമിതിക്ക് മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്. 30 വര്‍ഷം കൊണ്ട് 3.2 കോടി ടണ്‍ കരിങ്കല്ല് പൊട്ടിക്കുമെന്നാണ് പ്രൊജക്ടില്‍ പറയുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ശിലാക്ഷേത്രമായ ബ്രഹദ്വേശ്വര ക്ഷേത്രം പണിയാന്‍ വെറും 1.5ലക്ഷം ടണ്‍ ശില മാത്രമാണ് ഉപയോഗിച്ചിട്ടുള്ളത്.

  അതായത്, 480 ബ്രഹദ്വേശ്വര ക്ഷേത്രം പണിയാനുള്ള ശിലകളാണ് ചെങ്ങോടുമലയില്‍ നിന്നും ഖനനം ചെയ്യാന്‍ പോകുന്നത്. 250 മീറ്റര്‍ ഉയരമാണ് ചെങ്ങോടുമലക്കുള്ളത് ഏകദ്ദേശം 90 നിലയുള്ള കെട്ടിടത്തിന്റെ ഉയരം. ഇത്രയും ഉയരത്തിലുള്ള മല പൊട്ടിക്കുമ്പോള്‍ ആദിവാസി വിഭാഗങ്ങളുള്‍പ്പെടെ 2000ത്തിലധികം വരുന്ന താഴ്വാരത്തെ കുടുംബങ്ങളുടെ ജീവിതം ദുരിതത്തിലാവും.

  കുടിവെള്ളവും നിലക്കും. ഈ ക്വാറിയില്‍ നിന്നും 795 കോടി രൂപ വരുമാനമുണ്ടാവുമെന്നും പ്രൊജക്ടില്‍ പറയുന്നു. ഇവിടെ ക്രഷറും എം.സാന്റ് യൂണിറ്റും തുടങ്ങിയാല്‍ 3000 കോടിയോളമുണ്ടാവും കമ്പനിയുടെ വരുമാനം. പ്രൊജക്ടില്‍ പറഞ്ഞ കരിങ്കല്ലുകളും മറ്റ് ഉല്‍പ്പന്നങ്ങളും കൊണ്ടു പോകുന്നതിന് ടിപ്പറുകള്‍ നിത്യേന 2500 തവണ സര്‍വ്വീസ് നടത്തണം. കോട്ടൂരിലെ ഗ്രാമീണ റോഡുകളിലൂടെ ഇത്രയധികം ടിപ്പറുകള്‍ സര്‍വ്വീസ് നടത്തുമ്പോള്‍ മറ്റ് വാഹനങ്ങള്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയായിരിക്കും.

  You may also like:യൂട്യൂബിലൂടെ ഹാക്കിങ് പഠിച്ചു; ആദ്യം ഹാക്ക് ചെയ്തത് അച്ഛന്റെ ഇ-മെയിൽ; പത്ത് കോടി ആവശ്യപ്പെട്ട് അഞ്ചാം ക്ലാസുകാരൻ

  അവസാനമായി വന്ന സൂപ്പര്‍ ക്വാറി പ്രൊജക്ടറിലൂടെ കമ്പനിയുടെ എല്ലാ കള്ളകളികളും പൊളിഞ്ഞിരിക്കുകയാണെന്ന് സമരസമിതി ചൂണ്ടിക്കാട്ടി. ആദ്യം കമ്പനി അവകാശപ്പെട്ടത് മഞ്ഞള്‍ കൃഷി നടത്താനാണ് സ്ഥലം വാങ്ങിയതെന്നായിരുന്നു. പിന്നീട് പറഞ്ഞത് 20 % സ്ഥലത്ത് മാത്രം ക്വാറി തുടങ്ങുമെന്ന് എന്നാല്‍ മുഴുവന്‍ സ്ഥലത്തും ക്വാറി തുടങ്ങുമെന്ന് ഇപ്പോള്‍ പറയുന്നു.

  You may also like:'പാന്‍റിന്‍റെ സിപ് അഴിക്കുന്നതു ലൈംഗിക അതിക്രമമല്ല'; ബോംബെ ഹൈക്കോടതി

  കളക്ടര്‍ നിയോഗിച്ച വിദഗ്ധ സമിതി ചെങ്ങോടുമലയില്‍ ഖനനം പാടില്ലെന്ന് പറഞ്ഞിട്ടും ആറ് ഗ്രാമസഭകള്‍ ഖനനത്തിനെതിരെ പ്രമേയം പാസാക്കിയിട്ടും സംസ്ഥാന ഏകജാലക ബോര്‍ഡും സംസ്ഥാന പാരിസ്ഥിതികാഘാത നിര്‍ണയ സമിതിയും ജനങ്ങളെ വെല്ലുവിളിച്ച് ഖനന നീക്കവുമായി മുന്നോട്ടു പോവുകയാണ്.

  അന്നത്തെ ചീഫ് സെക്രട്ടറി ടോം ജോസ് അധ്യക്ഷനായ സംസ്ഥാന ഏകജാലക ബോര്‍ഡ് പാരിസ്ഥിതികാനുമതി ലഭിക്കാതെ ഡി. ആന്റ്. ഒ ലൈസന്‍സ് നല്‍കാനുള്ള തീരുമാനമെടുത്തത്. ചെങ്ങോടുമലയെ ശാശ്വതമായി സംരക്ഷിക്കുന്നതിനു വേണ്ടിയും ശക്തമായ ജനകീയ സമരം തുടങ്ങുമെന്നും സമരസമിതി ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.

  ഖനന വിരുദ്ധ ആക്ഷന്‍ കൗണ്‍സില്‍ കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍ സുരേഷ് ചീനിക്കല്‍, ചെയര്‍മാന്‍ വി. വി. ജിനീഷ്, ട്രഷറര്‍ ബിജു കൊളക്കണ്ടി, ജോ: കണ്‍വീനര്‍ ലിനീഷ് നരയംകുളം എന്നിവര്‍ വാര്‍ത്താ പങ്കെടുത്തു.
  Published by:Naseeba TC
  First published: