• HOME
  • »
  • NEWS
  • »
  • kerala
  • »
  • എല്ലുപൊടിയുന്ന അപൂർവരോഗവുമായി 27 വർഷത്തെ പോരാട്ടം; സ്വപ്നങ്ങൾ ബാക്കിവെച്ച് ലത്തീഷ യാത്രയായി

എല്ലുപൊടിയുന്ന അപൂർവരോഗവുമായി 27 വർഷത്തെ പോരാട്ടം; സ്വപ്നങ്ങൾ ബാക്കിവെച്ച് ലത്തീഷ യാത്രയായി

പാലാ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് ഇന്ന് രാവിലെ എട്ടുമണിയോടെ കൂടിയാണ് അന്ത്യം സംഭവിച്ചത്.

ലത്തീഷ അൻസാരി

ലത്തീഷ അൻസാരി

  • Last Updated :
  • Share this:
കോട്ടയം: പ്രതിസന്ധിഘട്ടത്തിൽ തളരാത്ത പോരാളി ലത്തീഷ അൻസാരി ഇനി മരിക്കാത്ത ഓർമ. 27 വർഷം നീണ്ട  പോരാട്ടത്തിനൊടുവിലാണ് കോട്ടയം എരുമേലി സ്വദേശിനി ലത്തീഷ അൻസാരി അന്ത്യശ്വാസം വലിച്ചത്. പാലാ ചേർപ്പുങ്കലിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് ഇന്ന് രാവിലെ എട്ടുമണിയോടെ കൂടിയാണ് അന്ത്യം സംഭവിച്ചത്. എല്ലുകൾ പൊടിയുന്ന ജനിതക സ്വഭാവം ആണ് ലത്തീഷ അൻസാരി എന്ന പെൺകുട്ടിയുടെ ജീവിതം തകർത്തത്. സ്വാഭാവികമായി ഓക്സിജൻ സ്വീകരിക്കാൻ ആകാത്ത സ്ഥിതിയും ലത്തീഷക്ക് ഉണ്ടായിരുന്നു. ഇതോടെ ഓക്സിജൻ സിലിണ്ടർ വെച്ചാണ് സ്ഥിരമായി ശ്വസിച്ചിരുന്നത്. സർക്കാരാണ് ലത്തീഷക്ക് പോർട്ടബിൾ ഓക്സിജൻ സിലിണ്ടർ അനുവദിച്ചിരുന്നത്.  കഴിഞ്ഞ ഏതാനും ദിവസങ്ങളായി പാലാ ചേർപ്പുങ്കൽ ഉള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.

പ്രതിസന്ധിയിൽ തളരാത്ത പോരാളി

തന്റെ ജീവിതത്തിലെ ചെറിയ കാലം ഒരുപാട് ആളുകൾക്ക് പ്രചോദനം നൽകിയാണ് ലത്തീഷ അൻസാരി എന്ന് 27 കാരി  ജീവിതത്തോട് വിടപറഞ്ഞത്. സ്വഭാവികമായി ശ്വസിക്കാൻ പോലും കഴിയാത്ത സാഹചര്യത്തിൽ പോലും സിവിൽ സർവീസ് പരീക്ഷ പാസാകുന്നതിന് ഉള്ള വലിയ പരിശ്രമത്തിൽ ആയിരുന്നു ലത്തീഷ. എരുമേലി വാവർ മെമ്മോറിയൽ സ്കൂൾ, സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലാണ് ലത്തീഷ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. എരുമേലി എംഇഎസ് കോളേജിൽ നിന്ന് 80 ശതമാനം മാർക്കോടെ ആണ് എംകോം പാസായ ലത്തീഷ സിവിൽ സർവീസിനായി ഏറെ പ്രയാസപ്പെട്ടാണ് പഠിച്ചത്.അപേക്ഷിച്ചിരുന്നു എങ്കിലും ആദ്യതവണ പരീക്ഷാ  എഴുതാനായില്ല. അന്ന് ഒരു ശസ്ത്രക്രിയയ്ക്ക് വിധേയ ആകേണ്ടി വന്നു.  വീണ്ടും അപേക്ഷിച്ചിരുന്നു എങ്കിലും   ശ്വാസംമുട്ടൽ മൂലം രണ്ടാം തവണയും എഴുതാനായില്ല. മൂന്നാം തവണ തിരുവനന്തപുരത്ത് പോയി ഓക്സിജൻ സിലിണ്ടറുകൾ സഹായത്തോടെ സിവിൽ സർവീസ് പരീക്ഷയെഴുതിയ ലത്തീഷ   അന്ന് ചർച്ചകളിൽ ഇടം പിടിച്ചിരുന്നു. പ്രത്യേക വാഹനത്തിലാണ് അന്ന് മാതാപിതാക്കൾക്കൊപ്പം ലത്തീഷ തിരുവനന്തപുരത്ത് പോയി പരീക്ഷ എഴുതാൻ പോയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തന്റെ കന്നി വോട്ട് രേഖപ്പെടുത്താനും ലത്തീഷ എത്തി.

കേവലം പഠനത്തിൽ മാത്രമായിരുന്നില്ല ലത്തീഷയുടെ ശ്രദ്ധ. ഏറെ മനോഹരമായി കീബോർഡ് വായിച്ചിരുന്ന ലത്തീഷ ഏവരുടെയും കയ്യടി നേടി. മനോഹരമായ ഗ്ലാസ് പെയിന്റിങ്ങുകളും ലത്തീഷയുടെ കരവിരുതിൽ ഒതുങ്ങി. വിവിധ മലയാളം ടെലിവിഷൻ ചാനലുകളിൽ പല പരിപാടികളിലും എത്തി ലത്തീഷ കഴിവ് തെളിയിച്ചു. ഈസ്റ്റേൺ ഭൂമിക വനിതാ രത്നം അവാർഡ്, ഡോ ബത്രാസ് പോസിറ്റീവ് ഹെൽത്ത് അവാർഡ് തുടങ്ങി നിരവധി അവാർഡുകൾ ഇവരെ തേടിയെത്തി. മാതാപിതാക്കളുടെ വലിയ പിന്തുണയോടെയാണ് ലത്തീഷ തന്റെ ജീവിതം മുന്നോട്ടു കൊണ്ടുപോയത്. ലത്തീഷ ഹാപ്പിനെസ്സ് എന്ന പേരിൽ യൂട്യൂബ് ചാനൽ നടത്തി പാചകത്തിൽ അടക്കം ഉള്ള തന്റെ ഇഷ്ടങ്ങൾ ലത്തീഷ കാണിച്ചിരുന്നു.വീണ്ടുമൊരു സിവിൽസർവ്വീസ് പരീക്ഷയ്ക്കായി തയാറെടുത്ത് വരികയായൊരുന്നു ലത്തീഷ. ലത്തീഷയുടെ സംസ്കാരം വൈകുന്നേരം അഞ്ചുമണിക്ക് എരുമേലി ടൗൺ നൈനാർ മസ്ജിദിൽ നടക്കും.
Published by:Rajesh V
First published: