• HOME
 • »
 • NEWS
 • »
 • kerala
 • »
 • തളരരുത് സോദരീ, തകരരുത് ആ മനസ്സ്: ഷാനി മോൾ ഉസ്മാനെ ആശ്വസിപ്പിച്ച് ലതിക സുഭാഷ്

തളരരുത് സോദരീ, തകരരുത് ആ മനസ്സ്: ഷാനി മോൾ ഉസ്മാനെ ആശ്വസിപ്പിച്ച് ലതിക സുഭാഷ്

പരാജയത്തിൽ തളരരുതെന്നും മനസ് തകർന്നു പോകരുതെന്നും ലതിക ആശ്വസിപ്പിക്കുന്നു.

lathika and shani

lathika and shani

 • Last Updated :
 • Share this:
  ലോക്സഭ തെരഞ്ഞെടുപ്പിൽ ആലപ്പുഴ മണ്ഡലത്തിൽ ശക്തമായ പോരാട്ടം കാഴ്ചവെച്ച് അവസാനം പരാജയം ഏറ്റുവാങ്ങിയ യുഡിഎഫ് സ്ഥാനാർഥി ഷാനി മോൾ ഉസ്മാനെ ആശ്വസിപ്പിച്ച് ലതിക സുഭാഷ്. ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് ഷാനിയെ ലതിക ആശ്വസിപ്പിച്ചിരിക്കുന്നത്.

  പരാജയത്തിൽ തളരരുതെന്നും മനസ് തകർന്നു പോകരുതെന്നും ലതിക ആശ്വസിപ്പിക്കുന്നു. ഇത്തവണയെങ്കിലും ഷാനിക്ക് അർഹമായ അംഗീകാരം കിട്ടണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നുവെന്നും വിജയം ഉറപ്പിക്കുകയും ചെയ്തതാണെന്നും ലതിക പറയുന്നു.

  also read: ട്രോളിയവർ ശ്രദ്ധിക്കുക; ഹേമ മാലിനി വിജയിച്ചത് വമ്പിച്ച ഭൂരിപക്ഷത്തിൽ

  ലോക്സഭതെരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ മുന്നിട്ട് നിന്നത് ഷാനിയായിരുന്നു. അവസാന ലാപ്പിലാണ് എൽഡിഎഫ് സ്ഥാനാർഥി എ എം ആരിഫ് വിജയിച്ചത്. 10474 വോട്ടുകൾക്കായിരുന്നു ആരിഫിന്റെ വിജയം. 445970 വോട്ടുകളാണ് ആരിഫ് നേടിയത്. 435496 വോട്ടുകളാണ് ഷാനിക്ക് ലഭിച്ചത്.

  ലതികയുടെ ഫേസ്ബുക്ക് പോസ്റ്റിന്‌റെ പൂർണ രൂപം

  പ്രിയ ഷാനീ , ഇന്നലെ ഷാനിക്ക് ഉറങ്ങാൻ കഴിഞ്ഞിട്ടില്ലെന്നെനിക്കറിയാം. ഒരു പക്ഷേ ഷാനി സമ്മതിക്കില്ല. പരാജയം മണത്തപ്പോൾ ഞാനൊന്നു വിളിച്ചപ്പോൾ എന്നെ ആശ്വസിപ്പിച്ച ആളാണല്ലോ. ഉത്തരവാദിത്തങ്ങൾ കൂടുമ്പോൾ കൂടുതൽ സൗകര്യങ്ങളും, സാമ്പത്തിക സുരക്ഷിതത്വവും അനിവാര്യമാണ്. അമിതമായ സാമ്പത്തിക സ്ഥിതിയില്ലാതെ, ആത്മാർത്ഥമായി പ്രവർത്തിക്കുന്ന പൊതുപ്രവർത്തകരുടെ (ആൺ പെൺ ഭേദമെന്യേ ) വിഷമങ്ങൾ ആരും ചർച്ച ചെയ്യുന്നില്ലിവിടെ. അത്ര വലിയ ആത്മാർത്ഥതയൊന്നും ആവശ്യമില്ലാത്ത ഒരു കാലമാണല്ലോ ഇത്.

  പ്രോട്ടോകോളില്ലാത്ത , ഇടത്തരം കുടുംബങ്ങളിലെ വനിതകൾ സജീവ രാഷ്ടീയ പ്രവർത്തനം നടത്തുന്നതിന്റെ ബുദ്ധിമുട്ട് ഷാനിയെപ്പോലെ തന്നെ അറിയുന്നതു കൊണ്ട് പരാജയത്തിന്റെ വേദനയ്ക്കും അപ്പുറത്തുള്ള സങ്കടങ്ങൾ മനസ്സിലാവുന്നു. ഒരു വാഹനത്തിൽ സഞ്ചരിച്ചും ഒരു കിടക്ക പങ്കിട്ടും ഒരു പാടു കാലം ജീവിച്ചവരാ നമ്മൾ. കണ്ണിൽ നിന്നും കണ്ണീരിനു പകരം രക്തം പൊടിഞ്ഞപ്പൊഴും പരസ്പരം ആശ്വസിപ്പിച്ചിട്ടുള്ളവർ. പ്രായോഗിക രാഷ്ട്രീയക്കാർക്കിടയിലെ അല്ലറ ചില്ലറ അസ്വാരസ്വങ്ങൾ എപ്പോഴെങ്കിലുമൊക്കെ നമ്മെയും ബാധിച്ചിട്ടുണ്ടാവാം. പക്ഷേ , കൂടെപ്പിറപ്പുകളെപ്പോലെയുള്ള ഒരു ബന്ധം എന്നും നമുക്കിടയിലുണ്ട്. അതു കൊണ്ടു തന്നെ എനിക്കെല്ലാം മനസ്സിലാവും.

  എൺപതുകളിൽ കേരളത്തിലെ കോളജ് കാമ്പസുകളിൽ കെ.എസ്.യു ക്കാരിയായി കടന്നു വന്നിരുന്ന പാവാടക്കാരിയായ ആ മുസ്ലീം പെൺകുട്ടി , മുന്നു പതിറ്റാണ്ടു കഴിഞ്ഞിട്ടും, എം.എൽ.എ ആകാതെ, എം.പി ആകാതെ കേരളത്തിലെ കോൺഗ്രസ്സിനു വേണ്ടി പോരാടിക്കൊണ്ടേയിരിക്കുന്നു എന്നത് ഷാനിയെ ബഹുമാന്യമാക്കുന്നു . അതു കൊണ്ടാണല്ലോ സംസ്ഥാനത്തെ ആദ്യത്തെ വനിതാ എ.ഐ.സി.സി. സെക്രട്ടറി എന്ന ബഹുമതി ഷാനിക്കു സ്വന്തമായത്. നമ്മുടെ രാഷട്രീയ കാര്യ സമിതിയിലെ ഏക വനിതാ അംഗമായത്. വിശ്വാസ സംരക്ഷണ യാത്ര നയിക്കാൻ പാർട്ടി അഡ്വ. ഷാനിമോൾ ഉസ്മാനെ നിയോഗിച്ചതും അതുകൊണ്ടാണ്. എന്റെ അച്ഛൻ ഇടയ്ക്ക് എന്നോട് പറയുമായിരുന്നു. "എടീ മോളേ, മിടുക്കിയാ മിടുക്കിയാ... എന്നൊക്കെ ആരെങ്കിലും പറഞ്ഞാൽ ഒരു കാര്യവുമില്ല കേട്ടോ."

  വർത്തമാന രാഷട്രീയത്തിൽ പണം, പദവി, അധികാരം - എന്നിവയ്ക്ക് വലിയ പങ്കുണ്ട്. ഞാനാണ് രണ്ടോണം കൂടുത'ലുണ്ടതെങ്കിലും ആദ്യം സംസ്ഥാന നേതാവായത് ഷാനിയാണ്. ഇത്തവണയെങ്കിലും ഷാനിക്ക് അർഹമായ അംഗീകാരം കിട്ടണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു. വിജയം ഉറപ്പിക്കുകയും ചെയ്തു. പക്ഷേ......... ഷാനിമോൾ പ്രസിഡൻറായിരുന്നപ്പോൾ ഒമ്പതു വർഷം വൈസ് പ്രസിഡന്റായി ഒപ്പം നടന്നയാളാണല്ലോ ഞാൻ നമ്മുടെ ഉലയാത്ത ബന്ധത്തെ അസൂയ യോടെ കാണുന്നു എന്ന് തുറന്നു പറഞ്ഞവരുണ്ട്. ഇണക്കവും പിണക്കവുമൊക്കെ സഹജമാണ്. നമ്മുടെ കുടുംബാംഗങ്ങളും പരസ്പരം അറിയുകയും തുല്യ ദു:ഖങ്ങൾ പങ്കിടുകയും ചെയ്യുന്നവരാണ്. ജീവിതത്തിലെ നിർണ്ണായക സംഭവങ്ങളും വിഷമങ്ങളുമൊക്കെ ആദ്യം തുറന്നു പറഞ്ഞിരുന്ന ആത്മ മിത്രങ്ങൾ എന്ന നിലയിൽ എനിക്കെല്ലാം മനസ്സിലാകുന്നു ഷാനീ ..... തളരരുത് സോദരീ, തകരരുത് ആ മനസ്സ്.

  ഈ പ്രസ്ഥാനത്തിൽ ഒരു പാട് ആളുകൾ ഷാനിയുടെ തോൽവിയിൽ ദുഃഖിക്കുന്നു. .രാഷ്ട്രീയത്തിനതീതമായി പലരും വിഷമിക്കുന്നു. വിമർശകർ പോലും അത് തുറന്നു പറയുന്നു . " അവർ പാർലമെൻറിൽ എത്തേണ്ടതായിരുന്നു." എന്ന് . Those unheard are sweeter എന്ന കവി വാക്യം ഓർമ്മ വരുന്നു. ആകാത്ത എം.പി സ്ഥാനം കൂടുതൽ മധുരം പകരട്ടെ, എന്റെ കൂട്ടുകാരിയുടെ ജീവിതത്തിൽ. ഞാനും സുഭാഷ് ചേട്ടനും റംസാൻ നോമ്പെടുക്കാൻ തീരുമാനിച്ചപ്പോൾ അറിയാത്ത പല കാര്യങ്ങളും പറഞ്ഞു തന്നത് ഷാനിയാണല്ലോ. ഞങ്ങളുടെ റംസാൻ നോമ്പിന്റെ പന്ത്രണ്ടാം വർഷമാണിത്. ഇന്നത്തെ എന്റെ പ്രാർത്ഥന ഷാനിക്കു വേണ്ടി മാത്രം.... സസ്നേഹം ......... ലതിക .
  First published: