കോട്ടയം: എൻസിപിയിൽ ചേർന്ന് പ്രവർത്തിക്കുമെന്ന് മഹിളാ കോൺഗ്രസ് മുൻ അധ്യക്ഷയും ഏറ്റുമാനൂരിലെ സ്വതന്ത്ര സ്ഥാനാർഥിയുമായിരുന്ന ലതിക് സുഭാഷ്. പി സി ചാക്കോയുടെ ഇടപെടലാണ് എൻ സി പിയിലേക്ക് വരാൻ ഇടയാക്കിയത്. എൻസിപിയിൽ സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കുമെന്നും ലതികാ സുഭാഷ് പറഞ്ഞു. കോൺഗ്രസ് പ്രവര്‍ത്തകരിൽ നിരവധി പേര്‍ എൻസിപിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാൻ സമീപിക്കുന്നുണ്ടെന്നും ലതികാ സുഭാഷ് കോട്ടയത്ത് അറിയിച്ചു. വനിതകള്‍ക്ക് വേണ്ടി വാദിച്ചതിനാല്‍ താന്‍ കോൺഗ്രസ് നേതാക്കളുടെ കണ്ണിലെ കരടായിരുന്നുവെന്ന് എൻസിപിയിൽ ചേരുന്നത് പ്രഖ്യാപിക്കുന്നതിന് മുൻപ് ലതികാ സുഭാഷ് പറഞ്ഞു. ഈ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ക്ക് 20 ശതമാനം സീറ്റ് നല്‍കണമെന്ന ആവശ്യം ഉയര്‍ത്തിയിരുന്നുവെന്നും എന്നാല്‍ അവഗണിക്കുകയായിരുന്നു. ഇത്തരത്തില്‍ അവഗണന നേരിട്ടതിനാലാണ് തല മുണ്ഡനം ചെയ്തതെന്നും ലതികാ സുഭാഷ് കൂട്ടിചേര്‍ത്തു.
Also Read- സി.എം രവീന്ദ്രൻ തുടരും; മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങളെ നിയമിച്ച് ഉത്തരവിറങ്ങി
‘വളരെ കാലം പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ച ആളെന്ന നിലയില്‍ എന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ വളരെ സത്യസന്ധമായും ആത്മാര്‍ത്ഥമായും ചെയ്യുന്നതില്‍ വിജയിച്ചുവെന്ന ചാരുതാര്‍ത്ഥ്യത്തോടെയാണ് ഞാന്‍ ഓരോ ചുവടും മുന്നോട്ട് വെച്ചത്. മഹിളാ കോണ്‍ഗ്രസിന്റെ ഭാരവാഹിയായി പ്രവര്‍ത്തിച്ചെങ്കിലും പെട്ടെന്ന് പ്രസിഡന്റാകാന്‍ കഴിഞ്ഞില്ല. കെപിസിസി ഭാരനവാഹിത്വം ഒക്കെ കഴിഞ്ഞാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തിയത്. ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ അതിപ്രസരം ഉള്ള പ്രസ്ഥാനമാണ് കോണ്‍ഗ്രസ്. രാഹുല്‍ ഗാന്ധിയാണ് മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. പക്ഷെ അധ്യക്ഷയായത് മുതല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലെ സ്ത്രീകള്‍ക്ക് വേണ്ടിയുള്ള വാദങ്ങള്‍ക്ക് ആക്കം കൂട്ടാന്‍ എനിക്ക് കഴിഞ്ഞു. കെപിസിസി ഭാരവാഹിത്വം വന്നപ്പോള്‍ ജനറല്‍ സെക്രട്ടറിയായി ഒരു വനിത മാത്രമെ ഉണ്ടായിരുന്നുള്ളു. 30 ഓളം പുരുഷന്മാര്‍ ഉണ്ടായിരുന്നു. അത് ഉയര്‍ത്തികാട്ടി സോണിയാഗാന്ധിക്ക് പരാതി നല്‍കി, പത്രസമ്മേളനം നടത്തി. അത് അധ്യക്ഷന്‍ തന്നെ പരസ്യപ്രസ്താവന ഒഴിവാക്കണം എന്ന് പറഞ്ഞു. സ്തീകള്‍ക്ക് വേണ്ടി വാദിക്കുന്നത് കൊണ്ട് പലപ്പോഴും നേതാക്കളുടെ കണ്ണില്‍ കരടായിരുന്നു. പതിനഞ്ചോളം വനികള്‍ കെപിസിസി സെക്രട്ടറി, ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വന്നു. 20 ശതമാനം സീറ്റ് വനിതകള്‍ക്ക് വേണമെന്ന് ആവശ്യമായിരുന്നു മഹിളാ കോണ്‍ഗ്രസ് ഉന്നയിച്ചിരുന്നു. പട്ടിക കൈമാറി. എന്നാല്‍ അംഗീകരിക്കപ്പെട്ടില്ല.’- ലതികാ സുഭാഷ് പറഞ്ഞു.
Also Read- 'ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററെ തിരിച്ചുവിളിക്കണം'; കേന്ദ്ര ആഭ്യന്തരമന്ത്രിയോട് വി ഡി സതീശൻ
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റുമാനൂരില്‍ നിന്നും മത്സരിച്ചതും പ്രതിഷേധത്തിന്റെ ഭാഗമായിട്ടാണെന്ന് ലതികാ സുഭാഷ് പറഞ്ഞു. 7264 വോട്ടാണ് ലഭിച്ചത്, വോട്ട് ചെയ്തവര്‍ക്ക് താന്‍ നന്ദി അറിയിക്കുന്നുവെന്നും ലതികാ സുഭാഷ് കൂട്ടിചേര്‍ത്തു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Lathika Subhash, Ncp, PC Chacko