HOME » NEWS » Kerala » LATIKA SUBHASH EXPELLED FROM CONGRESS THE REASON IS NOT SPECIFIED JK

ലതികാ സുഭാഷിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി; കാരണം വ്യക്തമാക്കിയിട്ടില്ല

തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ ഏറ്റുമാനൂര്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കെ പി സി സി ഓഫീസിനു മുന്നില്‍ തല മുണ്ഡനം ചെയ്തായിരുന്നു ലതികയുടെ പ്രതിഷേധം.

News18 Malayalam | news18-malayalam
Updated: March 30, 2021, 6:54 PM IST
ലതികാ സുഭാഷിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി; കാരണം വ്യക്തമാക്കിയിട്ടില്ല
ലതികാ സുഭാഷ് തല മുണ്ഡനം ചെയ്തു പ്രതിഷേധിക്കുന്നു.
  • Share this:
കോട്ടയം: മഹിളാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷ ലതിക സുഭാഷിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി. കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ വാര്‍ത്തക്കുറിപ്പിലാണ് പ്രഥമിക അംഗത്വത്തില്‍ നിന്ന് ലതികയെ പുറത്താക്കിയ കാര്യം വ്യക്തമാക്കിയത്. എന്നാല്‍ പുറത്താക്കലിനുള്ള കാരണം വ്യക്തമാക്കിയിട്ടില്ല. നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ഏറ്റുമാനൂര്‍ നിയമസഭ മണ്ഡലത്തില്‍ വിമത സ്ഥാനാര്‍ഥിയായി ലതിക സുഭാഷ് മത്സരിക്കുന്നുണ്ട്.

തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ ഏറ്റുമാനൂര്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് പരസ്യ പ്രതിഷേധവുമായി ലതിക സുഭാഷ് രംഗത്തെത്തിയിരുന്നു. കെ പി സി സി ഓഫീസിനു മുന്നില്‍ തല മുണ്ഡനം ചെയ്തായിരുന്നു ലതികയുടെ പ്രതിഷേധം. തുടര്‍ന്ന് ഏറ്റുമാനൂരില്‍ വിമത സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കൂടാതെ മഹിള കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവക്കുകയും ചെയ്തിരുന്നു. പാര്‍ട്ടി സ്ഥാനങ്ങള്‍ രാജിവക്കുന്നതായും കോണ്‍ഗ്രസ് പ്രവര്‍ത്തകയായി തുടരുമെന്നുമായിരുന്നു അവര്‍ വ്യക്തമാക്കിയത്.

Also Read- Assembly Election 2021 | 'എതിരാളികൾക്ക് ആയുധം നൽകി'; ലതിക സുഭാഷിനെതിരെ കൂടുതൽ വനിതാ നേതാക്കൾ

ഏറ്റുമാനൂര്‍ സീറ്റ് ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന് നല്‍കിയതിനാലാണ് ലതികയ്ക്ക് സീറ്റ് ലഭിക്കാതെ പോയതെന്നാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ വിശദീകരണം. പ്രിന്‍സ് ലൂക്കോസാണ് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ഏറ്റുമാനൂരില്‍ മത്സരിക്കുന്നത്. എന്നാല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി ഇതാദ്യമല്ല ലതിക ഏറ്റുമാനൂരില്‍ മത്സരിക്കുന്നത്. 1987 ല്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ചിരുന്നു.

സീറ്റ് നിഷേധിച്ചത് ആരെന്ന് അറിയില്ലെന്നും ഭാവി പരിപാടി സംബന്ധിച്ച് നിര്‍ണായക തീരുമാനം എടുക്കുമെന്നും ലതികാ സുഭാഷ് നേരത്തെ പറഞ്ഞു.  ഇനി കോണ്‍ഗ്രസ് പാര്‍ട്ടി ഒരു സീറ്റ് തന്നാല്‍ ഇത്തവണ മത്സരിക്കില്ല. കെ പി സി സി പ്രസിഡന്റിനെ വിളിച്ചിട്ട് ഫോണ്‍ പോലും എടുത്തില്ല. ഏറ്റുമാനൂര്‍ സീറ്റ് കിട്ടുമെന്ന് പ്രതീക്ഷിച്ചു. ഏറ്റുമാനൂര്‍ ഇല്ലെങ്കിലും വൈപിനില്‍ മത്സരിക്കാന്‍ തയ്യാറായിരുന്നു, എന്നാല്‍ അതും നിഷേധിച്ചെന്ന് ലതിക പറയുന്നു. ഏറ്റുമാനൂരില്‍ മുന്‍പും സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ വിജയിച്ചിട്ടുണ്ട്. ആരുടെയും പിന്തുണ ലഭിച്ചില്ലെങ്കിലും തനിക്ക് ജയിക്കാനാകുമെന്നും അവർ പറഞ്ഞു.

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ലതികാ സുഭാഷ് മഹിളാ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവച്ചിരുന്നു. ഇതിനു പിന്നാലെ  കെ പി സി സി അങ്കണത്തിൽ വച്ച് തല മുണ്ഡനം ചെയ്തായിരുന്നു ലതികാ സുഭാഷിന്റെ പ്രതിഷേധം. കോൺഗ്രസ് നന്നാകണമെന്നും പ്രവർത്തകരുടെ വികാരം നേതൃത്വം മാനിക്കണമെന്നും വാർത്താസമ്മേളനത്തിൽ അവർ ആവശ്യപ്പെട്ടു. ഇനി ഒരു അപ്പ ക്ഷണത്തിനു വേണ്ടിയും കാത്തിരിക്കില്ല. മറ്റ് രാഷ്ട്രീയ പാർട്ടികളിലേക്ക് ഇല്ലെന്നും ലതിക സുഭാഷ് വ്യക്തമാക്കി.

പാർട്ടിക്ക് വേണ്ടി അലയുന്ന വനിതകളെ സ്ഥാനാർത്ഥിപ്പട്ടികിയിൽ അവഗണിച്ചു എന്ന് ലതികാ സുഭാഷ് പറഞ്ഞു. ബിന്ദു കൃഷ്ണയ്ക്ക് കൊല്ലം ജില്ലയിൽ പേരുറപ്പിക്കാൻ കരയേണ്ടി വന്നു. തിരുവനന്തപുരത്ത് രമണി പി നായർ അടക്കമുള്ള നേതാക്കളെ അവഗണിച്ചു. ഏറ്റുമാനൂരിൽ താൻ സീറ്റ് ആഗ്രഹിച്ചിരുന്നു. സീറ്റ് ലഭിക്കാത്തതിൽ നിരാശയുണ്ടെന്നും ലതികാസുഭാഷ് പറഞ്ഞു.
Published by: Anuraj GR
First published: March 30, 2021, 6:54 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories