തിരുവനന്തപുരം: മഹിളാ കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷ ലതിക സുഭാഷ് എന്‍ സി പിയിൽ ചേരാൻ തയ്യാറെടുക്കുന്നു. എന്‍ സി പി സംസ്ഥാന അദ്ധ്യക്ഷൻ പി സി ചാക്കോയുമായി ലതിക സുഭാഷ് ചര്‍ച്ച നടത്തി. ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടായേക്കാം.
പിസി ചാക്കോയുമായി പ്രാഥമിക ചര്‍ച്ചകള്‍ നടത്തിയിട്ടുണ്ടെന്ന് ലതിക സുഭാഷ് പറഞ്ഞു. കുട്ടിക്കാലം തൊട്ട് കാണുന്ന കോണ്‍ഗ്രസ് നേതാവാണ് അദ്ദേഹം. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സ്ഥാനമാനങ്ങള്‍ പ്രതീക്ഷിച്ചല്ല എന്‍ സി പിയിലേക്ക് പോകുന്നത്, കോണ്‍ഗ്രസ് പാരമ്പര്യമുള്ള പാര്‍ട്ടിയായതിനാലാണ്. അധികം വൈകാതെ കൂടുതല്‍ വിവരങ്ങള്‍ അറിയിക്കുമെന്നും ലതികാ സുഭാഷ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് എന്‍സിപി അധ്യക്ഷനായി പിസി ചാക്കോയെ ശരത് പവാര്‍ നിയമിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതോടെയാണ് പി സി ചാക്കോയും എന്‍സിപിയിലേക്ക് ചേക്കേറിയത്. ശരത് പവാറുമായി ചാക്കോയ്ക്കു അടുത്ത ബന്ധമുണ്ട്.
നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് ലതികാ സുഭാഷ് കോൺഗ്രസ് വിട്ടത്. കെ പി സി സി ആസ്ഥാനത്തിന് മുന്നിൽ അവർ തലമുണ്ഡനം ചെയ്തു പ്രതിഷേധിച്ചത് വലിയ വാർത്തയായിരുന്നു. പിന്നാലെ ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിക്കുകയും, 7,624 വോട്ടുകള്‍ നേടുകയും ചെയ്തിരുന്നു. പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനം നടത്തിയതിന് കോണ്‍ഗ്രസ് നേരത്തെ ലതികാ സുഭാഷിനെ പുറത്താക്കിയിരുന്നു.
അതേസമയം ലതികാ സുഭാഷിനെ മാത്രമല്ല, അസ്വസ്ഥരായ കോൺഗ്രസ് നേതാക്കളെ പി സി ചാക്കോ ലക്ഷ്യമിടുന്നുണ്ടെന്നാണ് റിപ്പോർട്ട്. നേരത്തെ കോണ്‍ഗ്രസ് നേതാവും കോഴിക്കോട്ടെ പ്രധാനിയുമായ സുരേഷ് ബാബുവിനേയും പിസി ചാക്കോ എന്‍സിപിയില്‍ എത്തിച്ചിരുന്നു. എൻ സി പി സംസ്ഥാനത്ത് ഭരണപക്ഷത്ത് ആയതുകൊണ്ടുതന്നെ, കൂടുതൽ വാഗ്ദാനങ്ങൾ മുന്നോട്ടുവെച്ച് അസ്വസ്ഥരായ കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽ എത്തിക്കാനാണ് പി സി ചാക്കോ ലക്ഷ്യമിടുന്നത്. ഇതുവഴി സംസ്ഥാനത്ത് എൻ സി പിയുടെ അടിത്തറ വിപുലമാക്കാൻ കഴിയുമെന്നും ചാക്കോ പ്രതീക്ഷിക്കുന്നു. എൻ സി പി ദേശീയ നേതൃത്വത്തിന്റെ അകമഴിഞ്ഞ പിന്തുണയും ഇക്കാര്യത്തിൽ പി സി ചാക്കോയ്ക്ക് ഉണ്ട്.
അതിനിടെ പ്രതിപക്ഷനേതാവായി തെരഞ്ഞെടുക്കപ്പെട്ട വി ഡി സതീശൻ ഇന്ന് തലസ്ഥാനത്ത് എത്തും. ഇന്ദിരാഭവനിൽ മുതിർന്ന നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. യുവ എംഎല്‍എ മാരുടെ ശക്തമായ പിന്തുണയെ തുടര്‍ന്നാണ് വി.ഡി സതീശനെ പ്രതിപക്ഷ നേതാവാക്കാന്‍ ഹൈക്കമാന്റ് തീരുമാനിച്ചത്. മുതിര്‍ന്ന നേതാക്കളില്‍ ഒരു വിഭാഗവും സതീശനെ പിന്തുണച്ചു. വി ഡി സതീശനെ തെരഞ്ഞെടുത്ത വിവരം സംസ്ഥാന നേതൃത്വത്തെ ഹൈക്കമാന്റ് അറിയിച്ചുകഴിഞ്ഞതായാണ് റിപ്പോർട്ട്. മുസ്ലിം ലീഗ് ഉൾപ്പെടെ ഘടകകക്ഷികളും നേതൃമാറ്റത്തെ പിന്തുണച്ചു.
എറണാകുളം ജില്ലയിൽനിന്നുള്ള ആദ്യ പ്രതിപക്ഷ നേതാവാണ് വി ഡി സതീശൻ. നിയമസഭാ പിഎസി, എസ്റ്റിമേറ്റ് കമ്മിറ്റികളുടെ അധ്യക്ഷനായിരുന്നു. എഐസിസി സെക്രട്ടറിയായും കെപിസിസി ഉപാധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്. തുടർച്ചായി അഞ്ചാം തവണ പറവൂരിൽനിന്ന് എംഎൽഎ ആയി ജയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.