തിരുവനന്തപുരം: കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്കെതിരെ രൂക്ഷ വിമർശനവുമായി കൊല്ലം ലത്തീൻ രൂപത. മത്സ്യബന്ധന മേഖലയെ ഇല്ലായ്മ ചെയ്യാനും കുത്തകകൾക്ക് വിൽക്കാനുമുള്ള ശ്രമം നടക്കുന്നുവെന്ന് സഭയുടെ ഇടയ ലേഖനം. ശക്തമായ എതിർപ്പിനെയ തുടർന്നാണ് ഇഎംസിസി കരാർ പിൻവലിക്കപ്പെട്ടത് . കോർപ്പറേറ്റുകൾക്കും സ്വകാര്യ കുത്തകകൾക്കും മേൽക്കൈ നൽകി നിലവിലെ മത്സ്യമേഖലയെ തകർക്കാനുള്ള നിയമ നിർമ്മാണം നടന്നെന്നും ഇടയ ലേഖനത്തിൽ ആരോപിക്കുന്നു. മത്സ്യത്തൊഴിലാളികൾക്ക് മാത്രമായി ഉണ്ടായിരുന്ന ഭവന നിർമ്മാണ പദ്ധതി ലൈഫ് മിഷനിൽ കൂട്ടിച്ചേർത്ത് ആനുകൂല്യങ്ങൾ ഇല്ലാതാക്കിയെന്നും ലത്തീൻ സഭ ആരോപിക്കുന്നു.

Also Read 'വിശ്വാസികള്‍ക്ക് അനുകൂലമായ ഒരു നിലപാടും സംസ്ഥാന സര്‍ക്കാര്‍ ഇന്നുവരെ സ്വീകരിച്ചിട്ടില്ല'; വിമർശനവുമായി എൻ.എസ്.എസ്

ടൂറിസത്തിൻ്റെയും വികസനത്തിന്റെയും പേര് പറഞ്ഞ് പരമ്പരാഗത മത്സ്യത്തൊഴിലാളി മേഖലകളെ തകർത്തെറിയാനാണ് ശ്രമം. അത്തരം നയങ്ങളും തീരുമാനങ്ങളും ഏതു സർക്കാർ കൈക്കൊണ്ടാലും എതിർക്കപ്പെടേണ്ടതാണ്.  വന വാസികൾക്ക് വന അവകാശമുള്ളതുപോലെ കടലിന്റെ മക്കൾക്ക് കടൽ അവകാശം വേണം. കേരളത്തിൻറെ സൈന്യത്തെ മുക്കിക്കൊല്ലുന്ന നയങ്ങൾക്കും നിയമങ്ങൾക്കും ഭരണവർഗ്ഗം കൂട്ടുനിൽക്കുന്നുവെന്നും ലേഖനത്തിൽ പറയുന്നു. കേന്ദ്ര സർക്കാരിനെതിരെയും വിമർശനമുണ്ട്. ബ്ലൂ എക്കോണമി എന്ന പേരിൽ കടലിൽ ധാതുവിഭവങ്ങൾ കണ്ടെത്തുന്നതിനുള്ള ഖനനാനുമതി നൽകിയയെന്നാണ് വിമർശനം.

മത്സ്യത്തൊഴിലാളികളെ തകർക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയുകയും പ്രതിരോധിക്കുകയും ചെയ്യുന്നത് നിലനിൽപ്പിന്റെ പ്രശ്നമാണെന്നും ഇടയ ലേഖനത്തിൽ പറയുന്നു. ഇടയ ലേഖനം നാളെ കൊല്ലം ലത്തീൻ രൂപതയ്ക്ക് കീഴിലെ പള്ളികളിൽ വായിക്കും.

'വിശ്വാസികള്‍ക്ക് അനുകൂലമായ ഒരു നിലപാടും സംസ്ഥാന സര്‍ക്കാര്‍ ഇന്നുവരെ സ്വീകരിച്ചിട്ടില്ല'; വിമർശനവുമായി എൻ.എസ്.എസ്



ചങ്ങനാശേരി: ശബരിമല സ്ത്രീ പ്രവേശനവുമായി സംസ്ഥാന സർക്കാരിനെതിരെ വീണ്ടും വിമർശനവുമായി എൻ.എസ്.എസ്. ശബരിമല വിഷയത്തില്‍ കാനം രാജേന്ദ്രന്‍ പ്രകോപനപരമായി ഒന്നും പറഞ്ഞിട്ടില്ലെന്ന പ്രസ്താവനയിലൂടെ മുഖ്യമന്ത്രി എന്‍.എസ്.എസ് നിലപാടുകളെ പരോക്ഷമായി വിമര്‍ശിക്കുകയാണെന്ന് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ പ്രസ്താവനയിൽ കുറ്റപ്പെടുത്തി. വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തില്‍ വ്യക്തവും സത്യസന്ധവുമായ നിലപാട് ഉണ്ടായിരുന്നെങ്കില്‍ നേതാക്കന്മാര്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാകുമായിരുന്നില്ല. ശബരിമല കേസിന്റെ ആരംഭം മുതല്‍ വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഒരേ നിലപാടാണ് നായര്‍ സര്‍വീസ് സൊസൈറ്റി ഇതുവരെ സ്വീകരിച്ചുവന്നിട്ടുള്ളതെന്നും ഇനിയും അത് തുടരുമെന്നും എന്‍.എസ്.എസ് പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

വിശ്വാസികള്‍ക്ക് അനുകൂലമായ ഒരു നിലപാടും ഇന്നേവരെ സംസ്ഥാനസര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല എന്നതാണ് വസ്തുത. 'തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ദേവസ്വംമന്ത്രി കടകംപള്ളി കഴിഞ്ഞുപോയ സംഭവങ്ങളില്‍ ഖേദം പ്രകടിപ്പിക്കുന്നു; കടകംപള്ളിയെ തിരുത്തിക്കൊണ്ടും സംസ്ഥാനസര്‍ക്കാര്‍ ഈ വിഷയത്തില്‍ ആദ്യം സ്വീകരിച്ചു നിലപാടിനെ ന്യായീകരിച്ചുകൊണ്ടും ഇനിയും ആ നിലപാട് തുടരുമെന്ന് വ്യക്തമാക്കിക്കൊണ്ടും പാര്‍ട്ടിയുടെ അഖിലേന്ത്യ സെക്രട്ടറി രംഗത്തുവരുന്നു; അതിനെ തുടര്‍ന്ന് ദേവസ്വം മന്ത്രിയുടെ ഖേദപ്രകടനത്തെ പരാമര്‍ശിക്കാതെതന്നെ സുപ്രീംകോടതിയുടെ അന്തിമ വിധി വിശ്വാസികള്‍ക്ക് ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നപക്ഷം അവരുമായി ആലോചിച്ചേ നടപടിയെടുക്കൂ എന്ന പ്രസ്താവനയുമായി മുഖ്യമന്ത്രിയും രംഗത്തെത്തുന്നു.