ന്യൂഡൽഹി: എസ് എൻ സി ലാവലിൻ കേസ് (SNC Lavalin Case) ചൊവ്വാഴ്ച സുപ്രീംകോടതി പരിഗണിക്കില്ല. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഭരണഘടന ബെഞ്ചിലെ വാദം നീണ്ടുപോകുന്നതാണ് ഹർജി മാറ്റാൻ കാരണം. നേരത്തെ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഉച്ചക്ക് ശേഷം പരിഗണിക്കുന്ന കേസുകളുടെ പട്ടികയിലാണ് ലാവലിൻ ഹർജികൾ ഉൾപ്പെടുത്തിയിരുന്നത്. എന്നാൽ സാമ്പത്തിക സംവരണത്തിനെതിരായ ഹർജികളിലെ വാദം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിൽ തുടരുകയാണ്. ഭരണഘടനാ ബെഞ്ചിലെ നടപടികൾ ഇന്നത്തേക്ക് പൂർത്തിയായാലേ മറ്റു ഹർജികൾ പരിഗണിക്കൂ എന്ന് സുപ്രീംകോടതി അറിയിച്ചിരുന്നു.
കേസിൽ പിണറായി വിജയൻ ഉൾപ്പടെ മൂന്ന് പേരെ കുറ്റമുക്തനാക്കിയതിനെതിരെ സിബിഐ സമർപ്പിച്ച അപ്പീൽ ഹരജിയാണ് സുപ്രീംകോടതി പരിഗണിക്കുക. ചീഫ് ജസ്റ്റിസ് യു യു ലളിത്, ജസ്റ്റിസ് വിനീത് സരൺ എന്നിവരടങ്ങിയ പുതിയ ബെഞ്ചാണ് കേസ് പരിഗണിക്കുക. 2017 ഓഗസ്റ്റ് 23നാണ് ലാവലിൻ കേസിൽ പിണറായി വിജയൻ, ഉദ്യോസ്ഥരായിരുന്ന കെ. മോഹനചന്ദ്രൻ, കെ. ഫ്രാൻസിസ് എന്നിവരെ കേരള ഹൈക്കോടതി കുറ്റമുക്തരാക്കി വിധി പുറപ്പെടുവിച്ചത്.
Also Read- തെരുവുനായ്ക്കൾ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞ് നാലുപേർക്ക് പരിക്ക്
കൂടാതെ, ഉദ്യോസ്ഥരായിരുന്ന കസ്തൂരിരംഗ അയ്യർ, എം വി രാജഗോപാൽ, ആർ ശിവദാസൻ എന്നിവർ വിചാരണ നേരിടണമെന്നും കോടതി വിധിച്ചു. ഹൈക്കോടതി വിധി ചോദ്യം ചെയ്ത് 2017 ഡിസംബർ 19നാണ് സിബിഐ സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചത്.
വിധിക്കെതിരെ കസ്തൂരിരംഗ അയ്യർ അടക്കമുള്ളവർ നൽകിയ അപ്പീലിൽ വിചാരണ നേരിടണമെന്ന ഉത്തരവ് സുപ്രീംകോടതി ഭാഗികമായി സ്റ്റേ ചെയ്തിരുന്നു. ഇതിന് പിന്നാലെ കേസ് വാദം കേൾക്കുന്നത് നിരവധി തവണ മാറ്റിയിരുന്നു.
Also Read- ബൈക്ക് ബസിലിടിച്ചു; പിന്നിലിരുന്ന യുവാവ് ബസിനടിയിൽപ്പെട്ട് മരിച്ചു
പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരുന്ന കാലത്ത് ഇടുക്കിയിലെ പള്ളിവാസൽ, ചെങ്കുളം, പിന്നിയാര്‍ ജല വൈദ്യുത പദ്ധതികളുടെ നവീകരണത്തിനായി കനേഡിയൻ കമ്പനിയായ എസ് എന്‍ സി ലാവലിനുമായി ഉണ്ടാക്കിയ കരാറിൽ ക്രമക്കേട് നടന്നുവെന്നാണ് സി ബി ഐ കണ്ടെത്തൽ. ഈ കരാർ ലാവലിൻ കമ്പനിക്ക് നൽകുന്നതിന് പ്രത്യേക താൽപര്യം എടുക്കുക വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് ലാവലിൻ കേസിലെ പ്രധാന ആരോപണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Lavlin case, Pinarayi vijayan, Snc lavlin, Supreme court