മാധവമേനോൻ നിയമ വിദ്യാഭ്യാസത്തെ നവീകരിച്ച വ്യക്തിയെന്ന് മുഖ്യമന്ത്രി

നിയമപണ്ഡിതനും അധ്യാപനരംഗത്ത് രാജ്യാന്തര പ്രശസ്തനുമായ ഇദ്ദേഹമാണ് നാഷണൽ ലോ സ്കൂൾ സ്ഥാപിച്ചത്.

news18
Updated: May 8, 2019, 8:46 AM IST
മാധവമേനോൻ നിയമ വിദ്യാഭ്യാസത്തെ നവീകരിച്ച വ്യക്തിയെന്ന് മുഖ്യമന്ത്രി
എൻ ആർ മാധവ മേനോൻ
  • News18
  • Last Updated: May 8, 2019, 8:46 AM IST
  • Share this:
തിരുവനന്തപുരം: പ്രമുഖ നിയമപണ്ഡിതൻ എൻ. ആർ മാധവ മേനോൻ (84) അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. രാത്രി ഒരു മണിയോടെ ആശുപത്രിയിലായിരുന്നു അന്ത്യം. അസുഖബാധിതനായതിനെ തുടർന്ന് കഴിഞ്ഞ മാസം 27നാണ് മാധവ മേനോനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംസ്കാരം ഇന്ന് ഉച്ച കഴിഞ്ഞ് 2.30 ന് തൈക്കാട് ശാന്തികവാടത്തിൽ. മരണസമയത്ത് ഭാര്യ രമാദേവിയും മകൻ രമേശും സമീപത്തുണ്ടായിരുന്നു.

നിയമപണ്ഡിതനും അധ്യാപനരംഗത്ത് രാജ്യാന്തര പ്രശസ്തനുമായ ഇദ്ദേഹമാണ് നാഷണൽ ലോ സ്കൂൾ സ്ഥാപിച്ചത്. കേന്ദ്ര സംസ്ഥാന ബന്ധങ്ങളെക്കുറിച്ച് പഠിച്ച കമ്മീഷൻ അംഗമാണ്. 2003ൽ രാജ്യം പദ്മശ്രീ നൽകി ആദരിച്ചിട്ടുണ്ട്.

1998 മുതൽ 2003 വരെ നാഷണൽ യൂണിവേഴ്സിറ്റി ഓഫ് ജുറിഡിക്കൽ സയൻസിന്‍റെ സ്ഥാപക വൈസ് ചാൻസലറായിരുന്നു. ദേശീയ നിയമ സർവകലാശാലയുടെ സ്ഥാപക ഡയറക്ടറുമായിരുന്നു. ബാർ കൗൺസിൽ ഓഫ് ഇന്ത്യ പ്രസിഡന്‍റ്, തിരുവനന്തപുരം സെന്‍റർ ഫോർ ഡെവലപ്മെന്‍റ് സ്റ്റഡീസ് ചെയർമാൻ, ഭോപ്പാലിലെ നാഷണൽ ജുഡീഷ്യൽ അക്കാദമിയുടെ ആദ്യ ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു.

ഡൽഹി സർവകലാശാലയിലും പോണ്ടിച്ചേരി ലോ കോളേജിലും അധ്യാപകനായിരുന്നു. നിയമരംഗവുമായി ബന്ധപ്പെട്ട് ഒട്ടേറെ പുസ്തകങ്ങൾ എഴുതി. പഞ്ചവൽസര എൽ.എൽ.ബി എന്ന ആശയം മുന്നോട്ട് വെച്ചത് മാധവമേനോൻ ആയിരുന്നു. നിയമരംഗത്തിന് നൽകിയ സംഭാവനകൾക്കുള്ള ആദരമായി 2003ൽ രാജ്യം മാധവമേനോന് പത്മശ്രീ നൽകി ആദരിച്ചു.

മാധവമേനോന്‍റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. നിയമ വിദ്യാഭ്യാസ മേഖലയ്ക്ക് പുതിയ ദിശാബോധം പകർന്ന വ്യക്തിയായിരുന്നു ഡോ. എൻ ആർ മാധവമേനോൻ എന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. നിയമ വിദ്യാഭ്യാസത്തെ അദ്ദേഹം നവീകരിച്ചു. നിയമത്തിലുള്ള അഗാധമായ പാണ്ഡിത്യം ലളിതമായ ഭാഷയിൽ പകർന്നുകൊടുക്കാൻ മാധവമേനോന് സാധിച്ചെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.Published by: Joys Joy
First published: May 8, 2019, 7:08 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading