ഗവർണറെ തിരിച്ചുവിളിക്കണമെന്ന ചെന്നിത്തലയുടെ പ്രമേയം: പ്രതിപക്ഷ നീക്കത്തെ വെട്ടാൻ എൽഡിഎഫ്

വിസിലടിക്കുന്നതിന് മുൻപേ ഗോളടിക്കാൻ ചെന്നിത്തല ശ്രമിക്കുകയാണെന്ന് കൺവീനർ എ വിജയരാഘവൻ. കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ നോക്കേണ്ടെന്ന് മന്ത്രി എ കെ ബാലൻ

News18 Malayalam | news18-malayalam
Updated: January 26, 2020, 2:38 PM IST
ഗവർണറെ തിരിച്ചുവിളിക്കണമെന്ന ചെന്നിത്തലയുടെ പ്രമേയം: പ്രതിപക്ഷ നീക്കത്തെ വെട്ടാൻ എൽഡിഎഫ്
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
  • Share this:
തിരുവനന്തപുരം: പൗരത്വ വിഷയത്തിൽ നിയമസഭ പാസാക്കിയ പ്രമേയത്തിനെതിരെ പരസ്യ നിലപാടെടുത്ത ഗവർണറെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കാൻ അനുമതി തേടിയ പ്രതിപക്ഷ നേതാവിന്റെ നീക്കം തടയാൻ എൽഡിഎഫ്. സർക്കാരിനെ പ്രതിരോധത്തിലാക്കാനുള്ള നീക്കമാണിതെന്ന വിലയിരുത്തലിലാണ് ഇടതുമുന്നണി നേതൃത്വം. ഇത് കണക്കിലെടുത്ത് എൽഡിഎഫ് കൺവീനർ എ വിജയരാഘവനും നിയമമന്ത്രി എ കെ ബാലനും പ്രതിപക്ഷ നേതാവിനെതിരെ രംഗത്ത് വന്നു. വിസിലടിക്കുന്നതിന് മുൻപേ ഗോളടിക്കാൻ ചെന്നിത്തല ശ്രമിക്കുകയാണെന്നും ഇതിനെ പ്രോത്സാഹിക്കാനാകില്ലെന്നുമായിരുന്നു കൺവീനർ എ വിജയരാഘവന്റെ പ്രതികരണം.

കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ നോക്കേണ്ടെന്ന് മന്ത്രി ബാലൻ

സർക്കാരിനെ സംരക്ഷിക്കാനുള്ള നീക്കത്തിൽ ഞങ്ങളാണ് മുൻപന്തിയിലാണെന്ന ധാരണ ആർക്കും വേണ്ടെന്ന് എ കെ ബാലൻ പാലക്കാട്ട് പറഞ്ഞു. സംസ്ഥാന സർക്കാരും ഗവർണറും തമ്മിലുള്ള ബന്ധം വഷളാക്കാൻ ആരേയും അനുവദിക്കില്ല. സർക്കാരും സ്പീക്കറും ഗവർണറും ഭരണഘടനാപരമായി തന്നെ കടമകൾ നിർവഹിക്കും. അതിൽ ഏതെങ്കിലും ഭാഗത്ത് വീഴ്ചയുണ്ടെങ്കിൽ അത് ചർച്ച ചെയ്യണം. അതിനുള്ള വേദി നിയമസഭയാകുന്നതിൽ തെറ്റൊന്നും ഇല്ല. പക്ഷേ കലക്കവെള്ളത്തിൽ മീൻ പിടിക്കുന്ന വിധത്തിൽ പ്രതിപക്ഷം സർക്കാർ- ഗവർണർ തർക്കത്തെ ഉപയോഗിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും ബാലൻ പ്രതികരിച്ചു. ഗവർണർക്ക് ഭരണഘടനാപരമായി ചില അവകാശങ്ങളുണ്ട്. അത് നിഷേധിക്കുന്നില്ല. സംശയങ്ങളും വിമർശനങ്ങളും സ്വാഭാവികമാണ്. അതിന് സർക്കാർ അപ്പപ്പോൾ മറുപടി നൽകും- മന്ത്രി കൂട്ടിച്ചേർത്തു.

നോട്ടീസ് നിയമപരമെന്ന് സ്പീക്കർ

ചട്ടം 130 പ്രകാരം രമേശ് ചെന്നിത്തല നൽകിയ പ്രമേയ നോട്ടീസ് നിയമാനുസൃതമാണെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷ നേതാവിന്റെ ആവശ്യം ഗൗരവത്തോടെ പരിഗണിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ കത്ത് കിട്ടിയ കാര്യം സ്ഥിരീകരിച്ച സ്പീക്കർ നിയമസഭാ സെക്രട്ടറിയേറ്റ് തുടർ നടപടികൾ ആലോചിക്കുകയാണെന്നും കാര്യോപദേശക സമിതി ഇക്കാര്യം പരിഗണിക്കുമെന്നും അറിയിച്ചു.

പ്രതിപക്ഷ നീക്കം സർക്കാരിനെ വെട്ടിലാക്കിയോ ?

ഗവർണറുമായുള്ള ഭിന്നത വർധിപ്പിച്ച് ഭരണഘടനാപ്രതിസന്ധിയുണ്ടാക്കാൻ നിലവിൽ സംസ്ഥാന സർക്കാർ ആഗ്രഹിക്കുന്നില്ല. ഇത് മനസ്സിലാക്കി തന്നെയാണ് നിയമസഭാസമ്മേളനത്തിൽ സർക്കാരിനെ വെട്ടിലാക്കുന്ന നോട്ടീസ് പ്രതിപക്ഷം നൽകിയത്. പൗരത്വ നിയമത്തിനെതിരെ നിയമസഭ പാസാക്കിയ പ്രമേയത്തെ തള്ളിപ്പറഞ്ഞ ഗവർണർ സഭയുടെ അന്തസിനെയാണ് ചോദ്യം ചെയ്യുന്നതെന്നാണ് പ്രതിപക്ഷ നേതാവ് നൽകിയ നോട്ടീസിൽ ആരോപിക്കുന്നത്. ഇതിനോട് വിയോജിക്കാൻ ഭരണകക്ഷിക്കോ സ്പീക്കർക്കോ കഴിയില്ല. ഇതിനോട് യോജിച്ച് ഗവർണറെ പ്രകോപിപ്പിക്കാനും തയാറാകില്ല. ഇതു മുൻകൂട്ടി കണ്ടാണ് പ്രതിപക്ഷ നടപടി.

ഗവർണർ 'നയം' പ്രഖ്യാപിക്കുമോ ?

കോടതിയുടെ പരിഗണനയിലായതിനാലും സംസ്ഥാന വികസനവുമായി ബന്ധമില്ലാത്തതിനാലും പൗരത്വ നിയമം നയപ്രഖ്യാപനത്തിൽ പാടില്ലെന്നാണ് ഗവർണർ സർക്കാരിനെ അറിയിച്ചത്. ഗവർണറുടെ ആവശ്യം അംഗീകരിച്ച് പൗരത്വ നിയമത്തെ സംബന്ധിച്ച പരാമർശം പിൻവലിക്കാൻ സർക്കാർ തയാറാകില്ല. ഈ സാഹചര്യത്തിൽ സർക്കാർ പ്രസംഗം തിരിച്ചയയ്‌ക്കാനാണ് സാദ്ധ്യത. കോടതിയുടെ പരിഗണനയിലായാലും കേസിന്റെ മെറിറ്റിലേക്ക് കടക്കാതെ പൊതുപരാമർശം നടത്തിയാൽ കോടതിയലക്ഷ്യമാകില്ലെന്ന മുൻ സ്പീക്കർ എം വിജയകുമാറിന്റെ റൂളിംഗ് പിൻബലമാക്കാനാണ് സർക്കാർ ആലോചിക്കുന്നത്. രണ്ടാമതും തിരിച്ചയച്ചാൽ ഗവർണർക്ക് അംഗീകരിക്കേണ്ടി വരുമെന്ന് സർക്കാർ കണക്കുകൂട്ടുന്നു. പ്രസംഗം വായിക്കുക ഭരണഘടനാ ബാധ്യത ആയതിനാൽ ഗവർണർക്ക് ഒഴിഞ്ഞുമാറാനാകില്ല. എന്നാൽ, പ്രസംഗത്തിനിടെ ഗവർണർ സ്വന്തം നിലപാട് വ്യക്തമാക്കുമോ എന്ന് സർക്കാരിന് ആശങ്കയുണ്ട്. ഈ മാസം 29നാണ് സഭാസമ്മേളനം ആരംഭിക്കുന്നത്.
First published: January 26, 2020, 2:38 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading