HOME » NEWS » Kerala » LDF AND UDF PALYING FRIENDLY MATCH AFTER MATCH FIXING SAYS NIRMALA SITHARAMAN

മാച്ച് ഫിക്‌സിംഗ് കഴിഞ്ഞ് എല്‍ഡിഎഫും യുഡിഎഫും സൗഹൃദമത്സരത്തിൽ: നിർമല സീതാരാമൻ

''എന്‍ഫോഴ്‌സമെന്റിനെതിരെ സംസ്ഥാനസര്‍ക്കാര്‍ ജുഡീഷ്യല്‍, ക്രൈംബ്രാഞ്ച് അന്വേഷണങ്ങള്‍ ആരംഭിച്ചത് സ്വര്‍ണ-ഡോളര്‍ കടത്തുകേസ് അട്ടിമറിക്കാൻ''

News18 Malayalam | news18-malayalam
Updated: April 4, 2021, 5:45 PM IST
മാച്ച് ഫിക്‌സിംഗ് കഴിഞ്ഞ് എല്‍ഡിഎഫും യുഡിഎഫും സൗഹൃദമത്സരത്തിൽ: നിർമല സീതാരാമൻ
ധനമന്ത്രി നിർമല സീതാരാമൻ
  • Share this:
തിരുവനന്തപുരം: മാച്ച് ഫിക്‌സിംഗ് കഴിഞ്ഞ് എല്‍ഡിഎഫും യുഡിഎഫും സംസ്ഥാനനിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ സൗഹൃദ മത്സരത്തിലാണെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. കോണ്‍ഗ്രസ് എല്‍ഡിഎഫിന്റെ ബി ടീം ആയിരിക്കുകയാണ്. പക്ഷേ കേരളജനത ഈ രണ്ടു മുന്നണികളില്‍ നിന്ന് രക്ഷ ആഗ്രഹിച്ച് ബദല്‍ തേടുകയാണെന്നും എന്‍ഡിഎയില്‍ ആ ബദല്‍ അവര്‍ കാണുന്നുണ്ടെന്നും നിർമല സീതാരാമൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

അഴിമതിയിലും ന്യൂനപക്ഷ പ്രീണനത്തിലും എല്‍ഡിഎഫും യുഡിഎഫും മത്സരിക്കുകയാണ്. വിജയിക്കാനായി സംഘര്‍ഷം സൃഷ്ടിക്കാനും എന്തു നിയമവിരുദ്ധ പ്രവൃത്തികള്‍ ചെയ്യാനും അവര്‍ തയ്യാറാണ്. യാതൊരു വ്യത്യാസവും ഇല്ലാത്ത ഇവരുടെ ശൈലി ജനം മടുത്തിരിക്കുന്നു. പാര്‍ലമെന്റില്‍ ബിജെപിക്ക് കേരളത്തില്‍ നിന്ന് ഒരു പ്രതിനിധി പോലുമില്ല. പക്ഷേ അതിന്റെ യാതൊരു കുറവും കേന്ദ്രസര്‍ക്കാര്‍ വരുത്തിയിട്ടില്ല. അര്‍ഹമായ എല്ലാ ആനുകൂല്യങ്ങളും കേരളത്തിന് ലഭ്യമാക്കിയിട്ടുണ്ട്. ഇത് തിരിച്ചറിയുന്ന കേരള ജനത അതിനാലാണ് എന്‍ഡിഎയില്‍ ബദല്‍ കാണുന്നത്.

പാര്‍ലമെന്റില്‍ കൊണ്ടുവരുന്ന പദ്ധതി ആ പേരില്‍ തന്നെ സംസ്ഥാനങ്ങളില്‍ നടപ്പാക്കണം. അതിന്റെ പേരുമാറ്റിയാല്‍ പിന്നെ എങ്ങനെ അതിനുള്ള പണം ലഭിക്കും? കേന്ദ്രപദ്ധതി ആ പേരില്‍ തന്നെ നടപ്പാക്കിയാല്‍ മാത്രമേ കേന്ദ്രത്തില്‍ നിന്ന് ലഭിക്കേണ്ട പണം ലഭിക്കുകയുള്ളൂ എന്നും അവര്‍ വ്യക്തമാക്കി.

Also Read- 'മുഖ്യമന്ത്രി ഇന്ന് നടത്തിയത് വിടവാങ്ങല്‍ പ്രസംഗം, ഞങ്ങൾ ഇത്തവണ സെഞ്ചുറി അടിക്കും': മുല്ലപ്പള്ളി രാമചന്ദ്രൻ

ബംഗാളില്‍ മാര്‍ക്‌സിസ്റ്റുകാരെ തൂത്തെറിഞ്ഞ് അധികാരത്തിലേറിയ മമത അവരുടെ അക്രമവും അഴിമതിയും അതുപോലെ പിന്തുടരുകയാണ്. അഴിമതിയുടെ കാര്യത്തില്‍ കേരളവും ബംഗാളും പരസ്പരം അനുകരിക്കുകയാണ്. ഇവിടെ ഗോള്‍ഡ് കടത്തിയെങ്കില്‍ അവിടെ കോള്‍(കല്‍ക്കരി) കടത്താണ്. മമതയുടെ അനന്തിരവന്‍ അഭിഷേക് ബാനര്‍ജിക്കും ഭാര്യയ്ക്കും അഴിമതികളില്‍ പങ്കുണ്ട്. അവിടെ മമതയെ തോല്‍പ്പിച്ച് എന്‍ഡിഎ അധികാരത്തിലേറും. ഇതുപോലൊരു മാറ്റമാണ് കേരള ജനതയും ആഗ്രഹിക്കുന്നത്. - കേന്ദ്രമന്ത്രി പറഞ്ഞു.

കേരളത്തിന്റെ വികസനത്തിനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഫാസ്റ്റ് പദ്ധതി അവതരിപ്പിച്ചത്. ഫിഷറീസ്, അഗ്രിക്കള്‍ച്ചര്‍, സ്‌കില്‍ ഡെവലപ്‌മെന്റ്, ടെക്‌നോളജി എന്നീ മേഖലകളിലെ വികസനമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇന്ധനവില വര്‍ധിച്ചെങ്കിലും കേന്ദ്രത്തിന് ലഭിക്കുന്ന വിഹിതത്തില്‍ വര്‍ധന ഉണ്ടായിട്ടില്ല. നികുതി നിശ്ചിതമാണ്. അതില്‍ വ്യത്യാസമില്ല. കേന്ദ്രത്തിന് മാത്രമല്ല സംസ്ഥാന സര്‍ക്കാരും നികുതി ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ പണം ലഭിക്കുന്നതും സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ്. എന്നാല്‍ ഇന്ധനവില കുറയ്ക്കാത്തതെന്തെന്ന ചോദ്യം കേന്ദ്രസര്‍ക്കാരിനു നേര്‍ക്കു മാത്രമാണ് ഉയരുന്നത്. എന്തുകൊണ്ട് സംസ്ഥാനനികുതിയെസംബന്ധിച്ച് ആരും ചോദിക്കാത്തത്.? ഇന്ധനവില വര്‍ധിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ ധര്‍മസങ്കടത്തിലാണെന്നും അവര്‍ പറഞ്ഞു.

ഇഡിക്കെതിരായ അന്വേഷണം: സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാൻ

എന്‍ഫോഴ്‌സമെന്റിനെതിരെ സംസ്ഥാനസര്‍ക്കാര്‍ ജുഡീഷ്യല്‍, ക്രൈംബ്രാഞ്ച് അന്വേഷണങ്ങള്‍ ആരംഭിച്ചത് സ്വര്‍ണ-ഡോളര്‍ കടത്തുകേസ് അട്ടിമറിക്കാനാണെന്ന് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍. തങ്ങള്‍ക്കെതിരെ അന്വേഷണം വരുമ്പോള്‍ മാര്‍ക്‌സിസ്റ്റ് സര്‍ക്കാരുകള്‍ മുമ്പും ഇത്തരം ഗിമ്മിക്കുകള്‍ കാട്ടിയിട്ടുണ്ട്. ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിച്ച് തെറ്റിദ്ധാരണ പടര്‍ത്താനാണ് ഇഡിക്കെതിരെ കേസെടുത്തത്. നിയമത്തെ ഭയമുള്ളവരാണ് ഇത്തരം വ്യാജപ്രചാരണങ്ങള്‍ നടത്തുന്നതെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

സ്വര്‍ണം, ഡോളര്‍, മയക്കുമരുന്ന് കടത്തുകേസുകളില്‍ പ്രാഥമിക തെളിവുണ്ട്. എന്‍ഫോഴ്‌സ്‌മെന്റിന്റെയും മറ്റ് ഏജന്‍സികളുടെയും അന്വേഷണം മുറയ്ക്ക് മുന്നോട്ടുപോകും. ഇതിനകത്തൊന്നും രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടായിട്ടില്ല. അന്വേഷണം സുതാര്യമാണ്. ഇന്നലെ ആരംഭിച്ചതല്ല. മാസങ്ങളായി അന്വേഷണം നടക്കുകയാണ്. പ്രതിയായ ഉന്നത ഉദ്യോഗസ്ഥന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ ജോലി ചെയ്തിരുന്ന ആളാണ്. അതിനാല്‍ കേന്ദ്രം രാഷ്ട്രീയം കളിക്കുകയാണെന്ന വ്യാജപ്രചാരണം നടത്താതെ സംസ്ഥാനസര്‍ക്കാര്‍ നിയമപരമായി നേരിടാനുള്ള കരുത്തു കാണിക്കണമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

മുമ്പൊക്കെ മാര്‍ക്‌സിസ്റ്റുകാര്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഇന്ന് അവര്‍ ദന്തഗോപുരങ്ങളിലിരിക്കുകയാണ്. മോദി ഭരണത്തില്‍ ഇഡി അടക്കമുള്ള കേന്ദ്ര ഏജന്‍സികള്‍ തങ്ങളുടെ ജോലി ചെയ്യുന്നു. കോണ്‍ഗ്രസ് ഭരണകാലത്ത് ഹിമാലയന്‍ അഴിമതികള്‍ നടന്നെങ്കിലും ഒരന്വേഷണവും ഉണ്ടായില്ലെന്നും അവര്‍ പറഞ്ഞു.

കിഫ്ബി, മസാല ബോണ്ട് വിഷയങ്ങളില്‍ എന്തിനാണ് സംസ്ഥാനസര്‍ക്കാര്‍ ഭരണഘടനാസ്ഥാപനമായ സിഎജിയെ എതിര്‍ക്കുന്നതെന്ന് മനസ്സിലാകുന്നില്ല. കിഫ്ബിയുടെ പ്രവര്‍ത്തനം അനധികൃതമാണെന്ന് പറഞ്ഞതും തെറ്റുകുറ്റങ്ങള്‍ ചൂണ്ടിക്കാട്ടിയതും സിഎജിയാണ്. അതിന് അപ്പുറത്തേക്ക് ധനമന്ത്രി എന്ന നിലയ്ക്ക് ഒന്നും പറയാനില്ല. കിഫ്ബി, മസാലബോണ്ട് എന്നിവയെ കുറിച്ച് ആദ്യം സിഎജി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് സംസ്ഥാനസര്‍ക്കാര്‍ കൃത്യമായ വിശദീകരണം നല്‍കൂ. സിഎജിയെ പ്രതിരോധിക്കാനാകാതെ വരുമ്പോള്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. കിഫ്ബിയുടെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാണെങ്കില്‍ സിഎജിക്ക് മറുപടി നല്‍കുകയാണ് വേണ്ടത്. സിഎജി ഉന്നയിച്ച അടിസ്ഥാന ചോദ്യങ്ങളില്‍ ഒന്നിനും പോലും ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു.
Published by: Rajesh V
First published: April 4, 2021, 5:45 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories