വിവാദങ്ങളോട് പ്രതികരിക്കാതെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ പങ്കെടുക്കാൻ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജൻ തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു. കണ്ണൂരിൽ നിന്ന് ട്രെയിന്‍ മാർഗമാണ് യാത്ര. തനിക്കെതിരെ പി.ജയരാജന് ഉന്നയിച്ച അനധികൃത സ്വത്ത് സമ്പാദന ആരോപണത്തിന് ഇ.പി.ജയരാജന് നാളെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ മറുപടി നല്‍കും.
ആരോപണങ്ങളില്‍ ഇ.പിയുടെ വാദം കേട്ട ശേഷം തുടര്‍നടപടികളിലേക്ക് കടക്കാനാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം പോളിറ്റ്ബ്യൂറോ യോഗം സംസ്ഥാന നേതൃത്വത്തിന് നല്കിയ നിര്‍ദേശം.
തിരുവനന്തപുരത്തേക്ക് പോകുന്നതിനായി റെയില്‍വേ സ്റ്റേഷനിലെത്തിയ ഇ പി ജയരാജന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടി ചിരിയിലൊതുക്കുകയാണ് ചെയ്തത്. ആരോപണങ്ങള്‍ സംബന്ധിച്ച് ഇതുവരെ ഒരു പരസ്യപ്രതികരണത്തിനും അദ്ദേഹം തയ്യാറായിട്ടില്ല.
ഇ പി ജയരാജൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പി.ജയരാജന്റെ ആരോപണം സിപിഎമ്മിൽ വലിയ പ്രതിസന്ധിയാണ് ഉണ്ടാക്കിയത്. ആരോപണം എഴുതി നൽകിയാൽ പരിശോധിക്കാമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞെങ്കിലും പി ജയരാജൻ ഇതുവരെയും പരാതി നൽകിയിട്ടില്ല. എന്നാൽ തന്നെയും കുടുംബത്തെയും അവഹേളിക്കാൻ നടത്തിയ നീക്കമായാണ് ഇ പി ജയരാജൻ ഇതിനെ കാണുന്നത്. അതിൽ അന്വേഷണം വേണമെന്ന് ഇ പി പാർട്ടിയോട് ആവശ്യപ്പെടും.
പി ജയരാജൻ ആരോപിച്ച വിഷയം നേരത്തെ പാർട്ടി ചർച്ച ചെയ്ത് തീരുമാനമെടുത്തതാണ്. അതുകൊണ്ടുതന്നെ പുതിയൊരു അന്വേഷണം ഉണ്ടാകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. പി. ജയരാജനെതിരെ ഇ പി അനുകൂലികൾ നൽകിയ പരാതികളും പാർട്ടിക്ക് മുന്നിൽ ഉണ്ട്.
അന്വേഷണ കാര്യത്തിൽ സംസ്ഥാന നേതൃത്വം നിലപാടെടുക്കട്ടെ എന്നാണ് കേന്ദ്രനേതൃത്വം വ്യക്തമാക്കിയത്. ഇ.പിക്ക് പറയാനുള്ളത് കൂടി കേട്ടിട്ട് മാത്രമേ അന്വേഷണത്തിന്റെ കാര്യത്തിൽ അന്തിമ തീരുമാനത്തിലേക്ക് സിപിഎം എത്തിച്ചേരു. മുഖ്യമന്ത്രി പിണറായി വിജയൻറെ നിലപാടും നിർണായകമാകും. എം വി ഗോവിന്ദൻ്റെ നേതൃത്വം അംഗീകരിക്കാൻ മടികാട്ടിയ ഇ പി ജയരാജൻ വലിയൊരു ഇടവേളയ്ക്ക് ശേഷമാണ് പാർട്ടി നേതൃയോഗത്തിൽ പങ്കെടുക്കുന്നത്
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.