കൊച്ചി: കണ്ണൂർ ജില്ലയിൽ സിപിഎം ജാഥയിൽ പങ്കെടുക്കാതെ വീട്ടുനിന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ വിവാദ ദല്ലാൾ നന്ദകുമാറിന്‍റെ കൊച്ചിയിലെ വീട്ടിൽ എത്തിയിരുന്നതായി റിപ്പോർട്ട്. കൊച്ചി വെണ്ണലയിലെ വീട്ടിലെത്തിയ ജയരാജൻ നന്ദകുമാറിൻ്റെ അമ്മയെ ആദരിക്കുന്ന ചടങ്ങിലും പങ്കെടുത്തു.
അതേസമയം സിപിഎം ജാഥ തുടങ്ങുന്നതിന് മുമ്പാണ് താൻ കൊച്ചിയിൽ പോയതെന്ന് ഇ പി ജയരാജൻ വിശദീകരിച്ചു.
ഇ പി ജയരാജനൊപ്പം സംസ്ഥാന സർക്കാരിന്‍റെ ഡൽഹിയിലെ പ്രതിനിധി പ്രൊഫ. കെ വി തോമസും ഉണ്ടായിരുന്നു. ഞായറാഴ്ചയാണ് ഇ പി ജയരാജൻ നന്ദകുമാറിൻ്റെ വീട്ടിലെത്തിയത്.
അതേസമയം ക്ഷേത്രകമ്മിറ്റിക്കാർ ക്ഷണിച്ചതുപ്രകാരമാണ് താൻ അവിടെ പോയതെന്ന് പ്രൊഫ. കെ വി തോമസ് പറഞ്ഞു. അവിടെ വെച്ച് അപ്രതീക്ഷിതമായാണ് ഇ.പി ജയരാജനെ കണ്ടത്. ജയരാജനൊപ്പം ക്ഷേത്രത്തിലെ പന്തലിൽവെച്ച് ഒരുമിച്ച് ഭക്ഷണം കഴിച്ചതായും കെ വി തോമസ് പറഞ്ഞു.
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നടത്തുന്ന സംസ്ഥാന ജാഥയിൽ ഇടതുമുന്നണി കൺവീനറുടെ അസാന്നിദ്ധ്യം ചർച്ചയായിരുന്നു. പാർട്ടിയുമായി ബന്ധപ്പെട്ട പരിപാടികളുള്ളതിനാലാണ് ജാഥയിൽ പങ്കെടുക്കാത്തതെന്നായിരുന്നു ഇ പി ജയരാജൻ കഴിഞ്ഞ ദിവസം വിശദീകരിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.