പെരിന്തൽമണ്ണയിൽ തപാൽ വോട്ടുകൾ പരിഗണിക്കാതിരുന്നതിനെതിരെ കോടതിയെ സമീപിക്കുമെന്ന് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി കെപി മുഹമ്മദ് മുസ്തഫ. ഉദ്യോഗസ്ഥരുടെ പിഴവ് കാരണം ആണ് ഈ പോസ്റ്റൽ വോട്ടുകൾ സാങ്കേതിക പ്രശ്നങ്ങൾ പറഞ്ഞ് തള്ളിയത് എന്ന് ഇടത് പക്ഷം ആരോപിക്കുന്നു. യുഡിഎഫിന് 38 വോട്ട് മാത്രം ഭൂരിപക്ഷം ഉള്ള മണ്ഡലത്തിൽ 347 പോസ്റ്റൽ വോട്ട് ഏറെ നിർണായകം ആണ്.
ഏറെ അനിശ്ചിതത്വങ്ങൾക്ക് ശേഷം ആണ് പെരിന്തൽമണ്ണയിൽ യുഡിഎഫ് സ്ഥാനാർത്ഥി നജീബ് കാന്തപുരം 38 വോട്ടിന് ജയിച്ചത്. കോവിഡ് രോഗികളുടെ ഉൾപ്പെടെ 347 പോസ്റ്റൽ വോട്ടുകൾ ആണ് സാങ്കേതിക പിഴവുകൾ കാരണമാക്കി എണ്ണാതെ ഒഴിവാക്കിയത്. ബാലറ്റ് കവറുകൾ സീൽ വെച്ചതിലെ അപാകത, ക്രമ നമ്പർ എഴുതിയതിലെ പിഴവ് തുടങ്ങിയ സാങ്കേതിക പ്രശ്നങ്ങൾ ഇവ ഒഴിവാക്കാൻ വരണാധികാരി കാരണം ആയി പറഞ്ഞത്. ഇതിന് എതിരെ ആണ് ഇടതുപക്ഷം കോടതിയെ സമീപിക്കുന്നത്. ഉദ്യോഗസ്ഥരുടെ പിഴവ് കാരണം ആണിത്. അട്ടിമറി സംശയിക്കുന്നുണ്ട്. കേവലം 38 വോട്ടുകൾ മാത്രം ആണ് ഭൂരിപക്ഷം എന്നത് കൊണ്ട് ഈ വോട്ടുകൾ കൂടി എണ്ണിയാൽ എൽഡിഎഫ് ജയം ഉറപ്പാണ് എന്ന് കെപി മുഹമ്മദ് മുസ്തഫ പറയുന്നു.
38 വോട്ട് എന്ന നേരിയ ഭൂരിപക്ഷത്തിൽ ആണ് യുഡിഎഫ് ജയം. എന്നാൽ ഈ ഘട്ടത്തിൽ 347 തപാൽ വോട്ടുകൾ എണ്ണാതെ മാറ്റി വെക്കുക എന്നത് അംഗീകരിക്കാൻ ആകില്ല. ഉദ്യോഗസ്ഥർ ആളുകളുടെ വീട്ടിൽ പോയി ചെയ്യിച്ചു കൊണ്ട് വന്ന വോട്ടുകൾ ആണ്. അതിന്റെ കവറിനു മുകളിൽ നമ്പർ എഴുതിയിട്ടില്ല എന്ന് ആണ് ഒഴിവാക്കാൻ കാരണമായി പറയുന്നത്. ആ നമ്പർ എഴുതേണ്ടത് ഉദ്യോഗസ്ഥർ ആണ്. ഇവിടെ ചെറിയ ഭൂരിപക്ഷത്തിൽ ഉള്ള ജയം ആണ്. അതുകൊണ്ട് തന്നെ ഉദ്യോഗസ്ഥ പിഴവ് കൊണ്ട് സംഭവിച്ച വീഴ്ചയ്ക്ക് വോട്ട് ഒഴിവാക്കുന്നത് ശരിയല്ല.
3 അപരന്മാർ കൂടി നേടിയത് 2000 ഓളം വോട്ട് ആണ്. അതുകൊണ്ട് തന്നെ ഇവിടെ ഒരു അട്ടിമറി നടന്നിട്ടുണ്ട്. ഇവിടെ ആരോ കരുതിക്കൂട്ടി മാറ്റിയത് ആണ് ഇതെല്ലാം. ഈ സീറ്റ് കൂടി നേടിയാൽ പിണറായി സർക്കാർ 100 സീറ്റ് തികയ്ക്കും. കോടതിയെ സമീപിച്ചാൽ ഏറെ വൈകാതെ തീരുമാനം ഉണ്ടാകും എന്ന് തന്നെ ആണ് പ്രതീക്ഷയെന്നും മുഹമ്മദ് മുസ്തഫ പറയുന്നു.
You may also like:എ കെ ശശീന്ദ്രനോളം ഭാഗ്യമുള്ള ജനപ്രതിനിധിയുണ്ടോ കേരള രാഷ്ട്രീയത്തില്?എന്നാൽ ചട്ട പ്രകാരം പരിഗണിക്കാൻ പറ്റാത്തത്കണ്ടാണ് വരണാധികാരി അവ മാറ്റി വെച്ചത് എന്നാണ് ജയിച്ച യുഡിഎഫ് സ്ഥാനാർത്ഥി നജീബ് കാന്തപുരം പറയുന്നത്. അത് ആർക്കാണ് എന്നത് പോലും അറിയില്ല. എണ്ണിയാൽ തന്നെ അത് യുഡിഎഫിന് അനുകൂലം ആയേക്കും. സംസ്ഥാനത്ത് ഉടനീളം 80 വയസിന് മുകളിൽ ഉള്ളവരുടെ വോട്ടുകൾ അട്ടിമറിക്കാൻ എൻജിഒ യൂണിയൻ നടത്തിയ ശ്രമങ്ങളുടെ ഭാഗമായാണ് ഈ വോട്ടുകൾ അസാധു ആയത് എന്നും ആർക്ക് വേണം എങ്കിലും കോടതിയെ സമീപിക്കാം എന്നും നജീബ് കാന്തപുരം പറഞ്ഞു.
You may also like:'ഇപ്പോൾ ശരിക്കും ബഹാ കിലിക്കി കേൾക്കാൻ തോന്നുന്നു'; ട്രോളുകളെക്കുറിച്ച് എം ബി രാജേഷ്ഒരു വോട്ട് എങ്ങിനെ ആണ് അസാധു ആകുന്നത് എന്ന് ഇലക്ഷൻ കമ്മീഷൻ പുറത്തിറക്കിയ ഹാൻഡ് ബുക്കിൽ കൃത്യമായി പറയുന്നുണ്ട്. അതെല്ലാം നോക്കി ആണ് ഈ വോട്ടുകൾ പരിഗണിക്കാൻ പറ്റാതെ മാറ്റി വെച്ചത്. കോടതിയെ സമീപിക്കാൻ ആർക്കും സാധിക്കും. ആ വോട്ടുകൾ എണ്ണിയാൽ പോലും ആശങ്ക ഇല്ല. 80 വയസിന് മുകളിൽ ഉള്ളവരുടെ വോട്ടിൽ ഭൂരിഭാഗവും യുഡിഎഫിന് അനുകൂലം ആകും. അക്കാരണം കൊണ്ട് എൻജിഒ യൂണിയനെ ഉപയോഗിച്ച് സംസ്ഥാനത്ത് ഒട്ടാകെ ഇത്തരത്തിൽ തപാൽ വോട്ടുകൾ അട്ടിമറിക്കാൻ ഇടത് പക്ഷം ശ്രമിച്ചിട്ടുണ്ട് എന്ന് സംശയിക്കുന്നു. എന്തായാലും ഉൾപ്പെടുത്താൻ പറ്റാത്ത വോട്ടുകൾ എണ്ണണം എന്ന് പറയുന്നത് വോട്ടില്ലാത്ത ഒരാൾക്ക് വോട്ട് ചെയ്യണം എന്ന് പറയുമ്പോലെ അസംബന്ധം ആണെന്നും നജീബ് കാന്തപുരം.
ഭരണത്തെ നിർണയിക്കുന്നതിൽ പ്രധാനം അല്ലെങ്കിലും 100 സീറ്റ് എന്ന മാന്ത്രിക സംഖ്യ നേടാൻ പെരിന്തൽമണ്ണ ജനവിധി അനുകൂലമായാൽ ഇടത് പക്ഷത്തിന് സാധിക്കും. അത് കൊണ്ട് തന്നെ ആണ് പെരിന്തൽമണ്ണയിലെ നിയമ നടപടികൾ ഇടത് പക്ഷത്തിന് ഏറെ പ്രധാനം ആകുന്നത്. മറുവശത്ത് ഒരു സിറ്റിംഗ് സീറ്റ് കൂടി കുറയുന്നത് യുഡിഎഫിനും പ്രത്യേകിച്ച് ലീഗിനും നൽകുക സമാനതകൾ ഇല്ലാത്ത നിരാശയും അപമാനവും ആകും.അത് കൊണ്ട് തന്നെ എല്ലാ അർത്ഥത്തിലും പെരിന്തൽമണ്ണയിലെ തുടർ നടപടികൾ ഇരു മുന്നണികൾക്കും പ്രധാനം ആണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.