തിരുവനനന്തപുരം: ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറും (Chittayam Gopakumar) ആരോഗ്യമന്ത്രി വീണാ ജോർജും (Veena George) തമ്മിലുള്ള തർക്കത്തിൽ ഇടപെട്ട് ഇടതുമുന്നണി നേതൃത്വം. സിപിഎം-സിപിഐ സംസ്ഥാനനേതൃത്വങ്ങൾ മുൻകൈ എടുത്താണ് പ്രശ്നത്തിൽ ഇടപെടുന്നത്. ഇരുവരുടെയും പരാതികൾ മുന്നണി നേതൃത്വം കേൾക്കും. വീണാ ജോർജും ചിറ്റയം ഗോപകുമാറും നേരത്തെ എൽഡിഎഫ് നേതൃത്വത്തിന് പരാതി നൽകിയിരുന്നു. ഇതോടെയാണ് ഇരുവർക്കും പറയാനുള്ളത് കേൾക്കാൻ മുന്നണി നേതൃത്വം തീരുമാനിച്ചത്. ഇനി പരസ്യമായി പ്രതികരിക്കരുതെന്ന് ഇരുവരോടും സിപിഎമ്മും സിപിഐയും നിർദേശിച്ചിട്ടുണ്ട്.
പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള മന്ത്രി ജില്ലയിലെ എംഎൽഎമാരുമായി കൂടിയാലോചനകള്‍ നടത്തുന്നില്ലെന്നും വിളിച്ചാല്‍ ഫോണ്‍ എടുക്കാറില്ലെന്നും അടൂര്‍ എംഎല്‍എ കൂടിയായ സിപിഐ നേതാവ് ചിറ്റയം ഗോപകുമാര്‍ തുറന്നടിച്ചതാണ് വിവാദത്തിന് വഴിതുറന്നത്. ഈ കാര്യങ്ങളെല്ലാം സിപിഎം ജില്ലാ നേതൃത്വത്തെ അറിയിച്ചെങ്കിലും നടപടി ഉണ്ടാകാത്തതുകൊണ്ടാണ് തുറന്നു പറയുന്നതെന്നും ഡെപ്യൂട്ടി സ്പീക്കര്‍ വ്യക്തമാക്കി.
നേരത്തെ നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറിനെതിരെ മന്ത്രി വീണാ ജോര്‍ജ് എല്‍ഡിഎഫിന് പരാതി നല്‍കിയിരുന്നു. ചിറ്റയം ഗോപകുമാറിന് ഗൂഢലക്ഷ്യങ്ങളുണ്ടെന്ന് മന്ത്രി ആരോപിച്ചു. അസത്യങ്ങളും ആക്ഷേപങ്ങളും പ്രചരിപ്പിക്കുകയാണ്. ലൈംഗികാതിക്രമ പരാതിയില്‍ ആരോഗ്യവകുപ്പ് എടുത്ത നടപടികളെ ചിറ്റയം എതിര്‍ത്തതായി ചൂണ്ടിക്കാട്ടിയ മന്ത്രി, ചിറ്റയം രാഷ്ട്രീയ മര്യാദ പാലിച്ചില്ലെന്നും ആരോപിച്ചു.
എംഎല്‍എമാരുടെ യോഗത്തിലും ഇടതു മുന്നണിയിലും പറയാത്ത കാര്യങ്ങളാണ് ചിറ്റയം ഗോപകുമാർ പരസ്യമായി പറയുന്നത്. അദ്ദേഹം വിളിച്ചപ്പോൾ ഞാൻ ഫോണ്‍ എടുത്തില്ലെന്ന ആരോപണം തെറ്റാണ്. ഇക്കാര്യത്തിൽ ചിറ്റയത്തിന്റെ ഫോണ്‍രേഖ പരിശോധിക്കണം. മുന്നണിയിലെ അനാവശ്യ വിവാദങ്ങള്‍ പ്രവര്‍ത്തകരെ ബാധിക്കുമെന്നും വീണാ ജോര്‍ജ് പറഞ്ഞു.
അതിനിടെ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉയർത്തിയ വിമർശനങ്ങൾക്കിടെ ആരോഗ്യമന്ത്രി വീണാ ജോർജിനെ പിന്തുണച്ച് സിപിഎം (CPM) ജില്ലാ നേതൃത്വം. ''മകന്റെ കല്യാണത്തിന് അച്ഛനെ ക്ഷണിച്ചില്ലെന്ന് പരാതിപ്പെടുന്നതുപോലെ''യാണ് മന്ത്രി വീണാ ജോർജിനെതിരായ ചിറ്റയം ഗോപകുമാറിന്റെ പരാതിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പറഞ്ഞു. ഇത്തരം യോഗങ്ങൾക്ക് പ്രത്യേകം ക്ഷണിക്കേണ്ട കാര്യമില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചിറ്റയം ഗോപകുമാർ മന്ത്രിക്കെതിരെ പരാതി നൽകിയിട്ടില്ലെന്നും സിപിഎം ജില്ലാ സെക്രട്ടറി വ്യക്തമാക്കി.
lso Read-
Veena George | ചിറ്റയം ഗോപകുമാറിന് ഗൂഢലക്ഷ്യം, തനിക്കെതിരായ ആരോപണങ്ങള്‍ തെറ്റ്; LDFന് പരാതി നല്‍കിയെന്ന് മന്ത്രി വീണാ ജോര്‍ജ്
'സംസ്ഥാന സർക്കാരിന്റെ വാർഷികാഘോഷം എങ്ങനെ നടത്തണം എന്നതിനെപ്പറ്റി സർക്കാരിന് കൃത്യമായ ധാരണയുണ്ട്. മന്ത്രി അധ്യക്ഷയും കളക്ടർ കൺവീനറുമായ സംഘാടകസമിതിയിൽ ജില്ലയിൽ നിന്നുള്ള എല്ലാ എംഎൽഎമാരും ജില്ലാപഞ്ചായത്ത് ഭാരവാഹികളും അംഗങ്ങളായിരുന്നു. സംഘാടക സമിതി വിളിച്ചുചേർത്ത യോഗത്തിൽ ഞാനടക്കം പങ്കെടുത്തിരുന്നു. അവിടെ പ്ലാൻ ചെയ്തതനുസരിച്ചാണ് ആഘോഷപരിപാടികൾ ചിട്ടപ്പെടുത്തിയത്. കൂട്ടുത്തരവാദിത്തതോടെയാണ് പരിപാടികൾ നടത്തേണ്ടത്. അതുകൊണ്ടുതന്നെ ഇതിൽ ഉൾപ്പെട്ട ആരെയും അങ്ങോട്ടും ഇങ്ങോട്ടും ക്ഷണിക്കേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. മകളുടെ വിവാഹത്തിന് അച്ഛനെ വിളിച്ചില്ലെന്ന് പറയുന്നതു പോലെയുള്ള പരിഭവങ്ങളാണ് ഇപ്പോൾ ഉയർന്നുവന്നിരിക്കുന്നത്. പരാതി നൽകിയതുമായി ബന്ധപ്പെട്ട ഒരു വിവരവും അറിയില്ല. എനിക്ക് ആരും പരാതി നൽകിയിട്ടുമില്ല. മുൻവിധികൾക്ക് നിൽക്കുന്നില്ല. പാർട്ടിയും എൽഡിഎഫും പരിശോധിച്ച് തീരുമാനം എടുക്കും.'- കെ പി ഉദയഭാനു പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.