നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'തെരുവിൽ തല്ലി മുന്നണിക്ക് നാണക്കേടുണ്ടാക്കരുത്'; ഐഎൻഎലിനോട് എൽഡിഎഫ് നേതൃത്വം

  'തെരുവിൽ തല്ലി മുന്നണിക്ക് നാണക്കേടുണ്ടാക്കരുത്'; ഐഎൻഎലിനോട് എൽഡിഎഫ് നേതൃത്വം

  തർക്കം പരിഹരിച്ച് ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് ഐ എൻ എൽ വഹാബ് വിഭാഗത്തോട് ഇടതു മുന്നണി നേതൃത്വം

  News18 Malayalam

  News18 Malayalam

  • Share this:
  തിരുവനന്തപുരം: തമ്മിലടിച്ച് ഇടതു മുന്നണിക്ക് നാണക്കേട് ഉണ്ടാക്കരുതെന്നും തർക്കം പരിഹരിച്ച്  ഒരുമിച്ച് മുന്നോട്ടു പോകണമെന്നും ഐഎൻഎല്ലിനോട് ഇടതുമുന്നണി നേതൃത്വത്വം. അബ്ദുൽ വഹാബ് വിഭാഗം തലസ്ഥാനത്തെത്തി സി പി എം അക്ടിംഗ് സെക്രട്ടറി എ. വിജയരാഘവനും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായി കൂടിക്കാഴ്ച നടത്തി. തെരുവിലെ തമ്മിൽത്തല്ല് മുന്നണിക്ക് നാണക്കേടുണ്ടാക്കി എന്ന് കാനം രാജേന്ദ്രൻ നേതാക്കളോട് പറഞ്ഞു. നാളെ ചേരുന്ന സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് വിഷയം ചർച്ച ചെയ്യും. അതിനു ശേഷമാകും ഐഎൻഎല്ലിനോടുള്ള മുന്നണി സമീപനത്തിൽ തീരുമാനമാകും.

  തമ്മിൽത്തല്ലി ഐഎൻഎൽ രണ്ടായി പിളർന്നതിൽ ഇടതുമുന്നണി നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. പാർട്ടിക്കുള്ളിലെ പ്രശ്നം പരിഹരിച്ച് ഒരുമിച്ച് പോകണമെന്ന് നിർദേശം നേരത്തേ സിപിഎം നേതൃത്വം ഐഎൻഎലിന് നൽകിയിരുന്നു. വിഷയത്തിൽ ഇടതു നേതൃത്വത്തിൻ്റെ അതൃപ്തി നിലനിൽക്കുന്നതിനിടയിലാണ് അബ്ദുൽ വഹാബും അനുകൂലികളും തലസ്ഥാനത്തെത്തി മുന്നണി നേതാക്കളെ കണ്ടത്.

  തെരുവിൽ തല്ലി പാർട്ടി രണ്ടായി പിളർന്നത് മുന്നണിക്കും സർക്കാരിനും നാണക്കേട് ഉണ്ടാക്കിയതും അതൃപ്തി സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നേതാക്കളോട് തുറന്നു പറഞ്ഞു. രണ്ട് വിഭാഗവും ഒരുമിച്ച് നിൽക്കണമെന്നും കാനം ആവശ്യപ്പെട്ടു.

  എകെജി സെൻ്ററിൽ എത്തി ഇടതുമുന്നണി കൺവീനർ എ.വിജയരാഘവനേയും ഐഎൻഎൽ നേതാക്കൾ കണ്ടു. എന്നാൽ   വിശദമായ ചർച്ച നാളെ ആകാമെന്ന് വിജയരാഘവൻ അറിയിച്ചു. വിഷയം സിപിഎം ചർച്ച  ചെയ്തിട്ടില്ലെന്നും അതിനു ശേഷം നിലപാട് അറിയിക്കാമെന്നും വിജയരാഘവൻ പ്രതികരിച്ചു. ഐ എൻ എൽ വിഷയത്തിലെ മുന്നണി നിലപാട് നേരത്തെ ഐ എൻ എൽ നേതാക്കളുമായി ആശയവിനിമയം നടത്തിയതാണ്. അതിന് ശേഷം വ്യത്യസ്തമായ സാഹചര്യമുണ്ടായി. യോജിച്ച് നിൽക്കേണ്ടതാണ് എന്നായിരുന്നു മുന്നണി നിലപാട്. ഇനി ഇക്കാര്യത്തിൽ വിശദമായ ചർച്ചകളുണ്ടാകുമെന്നും വിജയരാഘവൻ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായും കൂടിക്കാഴ്ചയ്ക്ക് വഹാബ് പക്ഷം ശ്രമിച്ചിരുന്നു. എന്നാൽ മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചില്ല. തമ്മിലടിയിലുള്ള കടുത്ത അതൃപ്തി കാരണമാണ് മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്ക് സമയം നൽകാത്തതെന്നും സൂചനയുണ്ട്.

  പ്രശ്നപരിഹാരത്തിനുള്ള സാധ്യതകൾ ഇപ്പോഴും തുറന്നു കിടക്കുകയാണെന്ന് ഐ എൻ എൽ സംസ്ഥാന പ്രസിഡൻ്റ് അബ്ദുൽവഹാബ് പ്രതികരിച്ചു. ഐഎൻ എല്ലിലെ പ്രശ്നങ്ങൾ വ്യക്തിപരമല്ല. നിലപാടുകൾ തമ്മിലാണ് പ്രശ്നം. ഘടകകക്ഷി എന്ന നിലയിൽ കാര്യങ്ങൾ എൽ .ഡി .എഫ് നേതാക്കളെ ധരിപ്പിക്കാനാണ് വന്നത്. നേരത്തേ പ്രശ്നം ഉണ്ടായപ്പോൾ എൽ ഡി എഫ് നേതൃത്വം വിളിച്ചിരുന്നു. പ്രവർത്തകർ കൂടുതലും തങ്ങളോട് ഒപ്പമാണെന്നും വഹാബ് അവകാശപ്പെട്ടു.

  ഐഎൻഎല്ലിലെ കാസിം ഇരിക്കൂർ വിഭാഗവുമായും മുന്നണി നേതൃത്വം വൈകാതെ  ചർച്ച നടത്തിയേക്കും. ഐ എൻ എല്ലിനെ പോലൊരു ചെറിയ പാർട്ടി രണ്ടു കഷണങ്ങളായി മുന്നണിയിൽ തുടരുന്നതിനോട് നേത്വത്തിന് താത്പര്യമില്ല. തമ്മിലടിച്ച് മുന്നണിക്കും സർക്കാരിനും നാണക്കേട് ഉണ്ടാക്കിയവർക്കെതിരേ കടുത്ത നിലപാട് വേണമെന്ന അഭിപ്രായം ഉള്ളവരും മുന്നണി നേതൃത്വത്തിലുണ്ട്.
  Published by:Anuraj GR
  First published: