കൊല്ലം: കൊട്ടാരക്കര മണ്ഡലത്തിലെ നെടുവത്തൂര്‍ ഗ്രാമപഞ്ചായത്തിൽ നാടകീയനീക്കങ്ങൾക്കൊടുവിൽ കോൺഗ്രസ് അംഗത്തെ പ്രസിഡന്‍റാക്കി എല്‍.ഡി.എഫ് ഭരണംപിടിച്ചു. അവിശ്വാസപ്രമേയത്തിലൂടെ പ്രസിഡന്‍റിനെ പുറത്താക്കിയ പഞ്ചായത്തിലെ ഒന്നാമത്തെ കക്ഷിയായ ബിജെപി പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള മത്സരത്തിൽ ഒരു വോട്ടിന് പരാജയപ്പെട്ടു.
പാർട്ടി നടപടി നേരിടുന്ന കോൺഗ്രസ് അംഗങ്ങൾ എൽഡിഎഫിനൊപ്പം നിന്നതോടെയാണ് ഭരണം പിടിക്കാനുള്ള ബിജെപിയുടെ തന്ത്രം പാളിയത്. പാര്‍ട്ടി നടപടി നേരിടുന്ന കോണ്‍ഗ്രസ് അംഗം വി. കെ. ജ്യോതിയെയാണ് എല്‍.ഡി.എഫ് പിന്തുണയോടെ പഞ്ചായത്ത് പ്രസിഡന്‍റായി തെരഞ്ഞെടുത്തത്. അതേസമയം പഞ്ചായത്ത് പ്രസിഡണ്ട് തിരഞ്ഞെടുപ്പിൽ പാർട്ടി വിപ്പ് ലഭിച്ച മൂന്ന് കോൺഗ്രസ് അംഗങ്ങൾ വോട്ട് ചെയ്തില്ല. വി. കെ. ജ്യോതിക്ക് എട്ട് വോട്ടും ബിജെപി സ്ഥാനാർത്ഥി സത്യസായി സന്തോഷ് കുമാറിന് ഏഴ് വോട്ടും കിട്ടി.
ആകെ 18 വാർഡുകളുള്ള നെടുവത്തൂർ പഞ്ചായത്തിലെ കക്ഷി നില
ബി.ജെ.പി 7
യു.ഡി.എഫ്- ആറ് (കോണ്‍ഗ്രസ് -അഞ്ച്, കേരള കോണ്‍ഗ്രസ് ജേക്കബ് -ഒന്ന്),
യു.ഡി.എഫ് വിമത -ഒന്ന്
എല്‍.ഡി.എഫ് നാല് (സി.പി.എം- രണ്ട്, സി.പി.ഐ – രണ്ട് ).
ബിജെപി | 7 |
യുഡിഎഫ് | 6(കോൺഗ്രസ്-5, കേരള കോൺഗ്രസ്ജേക്കബ്- 1) |
എൽഡിഎഫ് | 4(സിപിഎം- 2, സിപിഐ- 2) |
യുഡിഎഫ് വിമത | 1 |
യുഡിഎഫ് വിമതയായി ജയിച്ച ആർ സത്യഭാമയെ പിന്തുണച്ച യുഡിഎഫ് നറുക്കെടുപ്പിലൂടെയാണ് അധികാരത്തിലെത്തിയത്. ബിജെപിയാണ് പരാജയപ്പെട്ടത്. എന്നാൽ അഴിമതി ആരോപണം വന്നതോടെ കോൺഗ്രസ് അംഗങ്ങൾ തന്നെ സത്യഭാമയ്ക്കെതിരെ രംഗത്തെത്തി. തുടർന്ന് പ്രസിഡന്‍റിനെതിരെ ബിജെപി കൊണ്ടുവന്ന അവിശ്വാസം പാസായി. യു.ഡി.എഫിലെ നാലുപേര്‍ ബി.ജെ.പിയ്ക്ക് പിന്തുണ നല്‍കിയതോടെ സത്യഭാമ പുറത്തായി. എന്നാൽ അവിശ്വാസത്തിൽ ബി.ജെ.പിയെ പിന്തുണച്ചതിന് കൊല്ലം ഡി.സി.സി കോണ്‍ഗ്രസിലെ മൂന്ന് അംഗങ്ങൾക്ക്ക് എതിരെ അച്ചടക്ക നടപടി എടുത്തു. വി കെ ജ്യോതി, ജലജ സുരേഷ്, സൂസമ്മ എന്നിവർക്ക് എതിരെയാണ് നടപടി എടുത്തത്. എന്നാൽ പാർട്ടിയിൽ നിന്ന് പുറത്താക്കിയിട്ടില്ല.
കോൺഗ്രസിലെ ശേഷിച്ച രണ്ട് അംഗങ്ങൾക്ക് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ പാർട്ടി വിപ്പ് നൽകി. എന്നാൽ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ എല്‍.ഡി.എഫ് നടത്തിയ നീക്കത്തിലൂടെയാണ് ബിജെപിയുടെ പദ്ധതി പൊളിഞ്ഞത്. അച്ചടക്ക നടപടി നേരിടുന്ന കോൺഗ്രസിലെ ജലജ സുരേഷ്, സൂസമ്മ എന്നീ രണ്ടുപേരും കേരള കോണ്‍ഗ്രസ് (ജേക്കബ്) പ്രതിനിധി ആര്‍. രാജശേഖരന്‍ പിള്ളയും ജ്യോതിയെ പിന്തുണയ്ക്കുകയായിരുന്നു. സത്യഭാമ വോട്ട് അസാധുവാക്കി.
പിന്തുണച്ച കോണ്‍ഗ്രസ് അംഗങ്ങൾക്ക് പിന്നാലെ കേരള കോണ്‍ഗ്രസ് ജേക്കബ് വിഭാഗവും ഇനി എൽഡിഎഫിനൊപ്പം ചേരുമെന്നാണ് സൂചന.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.