• HOME
  • »
  • NEWS
  • »
  • kerala
  • »
  • LDF RULE WILL CONTINUE IN ERUMELY PANCHAYATH NJ TV

യുഡിഎഫിന്റെ പതിനെട്ടാമത്തെ അടവും വിജയിച്ചില്ല; എരുമേലി പഞ്ചായത്തിൽ ഇടതുമുന്നണി ഭരണം തുടരും

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് മുതലാണ് എരുമേലിയിൽ യുഡിഎഫിന് അബദ്ധങ്ങൾ തുടർക്കഥയാകുന്നത്. 

 പ്രസിഡന്റ്‌ തങ്കമ്മ ജോർജ് കുട്ടി

പ്രസിഡന്റ്‌ തങ്കമ്മ ജോർജ് കുട്ടി

  • Share this:
കോട്ടയത്തെ പ്രാദേശിക രാഷ്ട്രീയത്തിൽ എരുമേലി ഒരു കൗതുകമായി തുടരുകയാണ്. യുഡിഎഫിന് ആധിപത്യം നൽകിക്കൊണ്ടിരുന്ന പഞ്ചായത്താണ് എരുമേലി. നിലവിലെ ഇടതു ഭരണത്തിനെതിരെ യുഡിഎഫ് ഇന്ന് കൊണ്ടുവന്ന അവിശ്വാസ പ്രമേയം വിജയിച്ചില്ല. കോൺഗ്രസ് അംഗം വിട്ടുനിന്നതിനെ തുടർന്നാണ് യോഗം കോറം തികയാതെ പിരിഞ്ഞത്.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പ് മുതലാണ് എരുമേലിയിൽ യുഡിഎഫിന് അബദ്ധങ്ങൾ തുടർക്കഥയാകുന്നത്.  തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിമതൻ ഉൾപ്പെടെ 12 പേരാണ് വിജയിച്ചത്. ഇടതുമുന്നണിക്ക് സിപിഐ അംഗം ഉൾപ്പെടെ 11 പ്രതിനിധികൾ. ആദ്യം ഇടഞ്ഞുനിന്ന കോൺഗ്രസ് വിമതനെ ഏറെ പണിപ്പെട്ടാണ്  കോൺഗ്രസ് ഒപ്പം നിർത്തിയത്. അങ്ങനെ 12 പേരുടെ പിന്തുണയിൽ വലിയ ആത്മവിശ്വാസത്തിൽ പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ പങ്കെടുത്തു. പക്ഷേ ഫലം വന്നപ്പോൾ കോൺഗ്രസ് ഞെട്ടി. പാർട്ടിയിലെ ഒരു അംഗത്തിന്റെ വോട്ട് അസാധുവായി.

ആശങ്കയുടെ നിമിഷങ്ങളാണ് അന്ന് എരുമേലി പഞ്ചായത്തിൽ നടന്നത്.  ഇടതു-വലതു മുന്നണികൾക്ക് തുല്യം വോട്ടുകൾ ലഭിച്ചതോടെ ഭരണാധികാരി നറുക്കെടുപ്പിന് നിർദ്ദേശം നൽകി. നറുക്കെടുപ്പ് കഴിഞ്ഞതോടെ കോൺഗ്രസ് വീണ്ടും ഞെട്ടി. നറുക്കു വീണത് ഇടതുമുന്നണിക്ക്. അങ്ങനെ സിപിഐഎമ്മിലെ തങ്കമ്മ ജോർജ് കുട്ടി എരുമേലി ഗ്രാമപഞ്ചായത്ത് അധ്യക്ഷസ്ഥാനം ഏറ്റെടുത്തു.

Also Read-അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ നിന്നും ഓടി രക്ഷപ്പെടുന്നതിനിടെ കുഴിയില്‍ വീണ് യുവതിക്ക് പരിക്ക്

സ്വന്തം മുന്നണിയിൽ ഉണ്ടായ പിടിപ്പുകേട് മൂലം ഭരണം നഷ്ടപ്പെട്ട യുഡിഎഫ് അന്നുമുതൽ കാത്തിരിപ്പിലായിരുന്നു. ആ കാത്തിരിപ്പിന് ഒടുവിലാണ് കൃത്യം ആറുമാസം പൂർത്തിയായപ്പോൾ അവിശ്വാസപ്രമേയം എന്ന ആയുധവുമായി കോൺഗ്രസ് വീണ്ടും രംഗത്തെത്തിയത്. അങ്ങനെ കാത്തിരുന്ന അവിശ്വാസ പ്രമേയത്തിൽ ആണ് ഇന്നലെ വോട്ടെടുപ്പ് പോലും നടത്താനാകാതെ   പിരിയേണ്ടി വന്നത്.

കോൺഗ്രസ് അംഗമായ പ്രകാശ് പള്ളിക്കൂടം എത്താതായതാണ് അട്ടിമറിക്ക് കാരണമായത്. കോൺഗ്രസിന്റെ ഒരംഗത്തെ കൂടാതെ മുഴുവൻ ഇടത് അംഗങ്ങളും വിട്ടു നിന്നതോടെ കോറം തികയാതെ യോഗം പിരിച്ചുവിടുകയായിരുന്നു. ഇതോടെ ആറുമാസത്തിനിടെ രണ്ടാമത്തെ തിരിച്ചടിയാണ് കോൺഗ്രസ് ഏറെ പ്രാധാന്യത്തോടെ കാണുന്ന എരുമേലിയിൽ ഉണ്ടായത്.

കഴിഞ്ഞതവണ ഉണ്ടായ തിരിച്ചടി മുന്നിൽ കണ്ട് ജില്ലാ കോൺഗ്രസ് കമ്മിറ്റി നേരിട്ടാണ് ഇത്തവണ എരുമേലിയിൽ നീക്കങ്ങൾ ആസൂത്രണം ചെയ്തത്. പിഴവില്ലാതെ അവിശ്വാസപ്രമേയം കൊണ്ടുവന്ന പാസാക്കാൻ ആയിരുന്നു നീക്കം. അതിനിടെയാണ് സ്വന്തം പാളയത്തിൽ നിന്ന് തിരിച്ചടി നേരിട്ട് വീണ്ടും നാണം കെടേണ്ട സ്ഥിതിവിശേഷം ഉണ്ടായത്.

എരുമേലിയിലെ പ്രാദേശിക രാഷ്ട്രീയത്തിൽ പഞ്ചായത്ത് ഭരണത്തിൽ മാത്രമല്ല കോൺഗ്രസിന് തിരിച്ചടി ഉണ്ടാകുന്നത്. വർഷങ്ങളായി കുത്തകയായി വച്ചിരുന്ന ജില്ലാ പഞ്ചായത്ത് ഡിവിഷനും കഴിഞ്ഞതവണ കോൺഗ്രസിന് നഷ്ടമായി. സിപിഐയുടെ യുവ നേതാവ് ശുഭേഷ് സുധാകരൻ ആണ് എരുമേലിയിൽ അട്ടിമറി നടത്തിയത്. പതിവായി സാമുദായിക സമവാക്യം നോക്കിയിരുന്ന കോൺഗ്രസിന് ഇത്തവണത്തെ സ്ഥാനാർഥിനിർണയം തന്നെയാണ് തിരിച്ചടിയായത്.

മുസ്ലിംലീഗ് ഏറെ കാത്തിരുന്ന സീറ്റിൽ ക്രൈസ്തവ സ്ഥാനാർത്ഥിയെ നിർത്തിയത് തിരിച്ചടിയായി എന്നാണ് പാർട്ടി വിലയിരുത്തൽ. ഇത്തവണ ബുദ്ധിപൂർവ്വം ഉള്ള തീരുമാനം എന്ന നിലയിലാണ് ക്രൈസ്തവ  പ്രതിനിധിയെ സ്ഥാനാർഥി ആക്കിയത്. ഏതായാലും പതിവായി എരുമേലിയിൽ വീഴുന്ന ചരിത്രം ആണ് ആണ് കോൺഗ്രസിന് സമീപകാല രാഷ്ട്രീയത്തിൽ സംഭവിക്കുന്നത്.

കഴിഞ്ഞ ഏഴ് മാസത്തെ ഭരണം നല്ലതാണ് എന്ന് കോൺഗ്രസ്‌ തന്നെ സമ്മതിച്ചതായി പ്രസിഡന്റ്‌ തങ്കമ്മ ജോർജ് കുട്ടി പറഞ്ഞു. ഇന്നത്തെ സംഭവ വികാസങ്ങൾ ഇതാണ് തെളിയിക്കുന്നത് എന്നും അവർ അവകാശപ്പെട്ടു.
Published by:Naseeba TC
First published:
)}