കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ (Thrikkakara By-Election) എൽഡിഎഫ് (LDF) സ്ഥാനാർഥിയെ ഇന്ന് പ്രഖ്യാപിക്കും. സ്ഥാനാർഥിയെ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും ഇടതുമുന്നണി യോഗം ചേർന്ന ശേഷമായിരിക്കും നടപടികളിലേക്ക് കടക്കുകയെന്ന് കൺവീനർ ഇ പി ജയരാജൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സ്ഥാനാർഥിയെ സംബന്ധിച്ച് സിപിഎം ജില്ലാ-സംസ്ഥാന നേതൃത്വങ്ങൾക്കിടയിൽ ഏകദേശ ധാരണയായെന്നാണ് സൂചന. കഴിഞ്ഞ ദിവസം സിപിഎം ജില്ലാ കമ്മിറ്റി അംഗം അഡ്വ. കെ. എസ്. അരുണ്‍ കുമാര്‍ സ്ഥാനാർഥിയാകുമെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ മണ്ഡലത്തിൽ അരുൺകുമാറിന് വേണ്ടി ചുവരെഴുത്തുകൾ ആരംഭിക്കുകയും ചെയ്തു. എന്നാൽ പാർട്ടി നേതൃത്വം ഇടപെട്ട് ചുവരെഴുത്തുകൾ മായ്ക്കാൻ നിർദേശം നൽകിയിരുന്നു.
സ്ഥാനാര്‍ഥിയെക്കുറിച്ചുള്ള ആലോചന ആരംഭിക്കുന്നതെയുള്ളു എന്നായിരുന്നു പ്രചാരണ ചുമതലയുള്ള മന്ത്രി പി രാജീവിന്റെ പ്രതികരണം. ബുധനാഴ്ച എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍റെ നേതൃത്വത്തില്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ പി.രാജീവും എം.സ്വരാജും ഉള്‍പ്പെടെ നേതൃയോഗം ചേര്‍ന്നിരുന്നു. പൊതുസമ്മതനായ സ്വതന്ത്രനെയും പാർട്ടി പരിഗണിക്കുന്നുണ്ടെന്നാണ് വിവരം. വികസന രാഷ്ട്രീയത്തിനുവേണ്ടി രംഗത്തിറങ്ങുമെന്ന കെ വി തോമസിന്‍റെ പ്രസ്താവനയും രാഷ്ട്രീയകേന്ദ്രങ്ങൾ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്. ഏതായാലും ഇടതു മുന്നണി സ്ഥാനാർഥി ആരാകുമെന്ന് ഇന്ന് തന്നെ അറിയാനാകും.
അതേസമയം മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് പ്രവർത്തകർ അരുൺകുമാറിന് വേണ്ടി ചുവരെഴുതിയതെന്ന് സിപിഎം (CPM) നേതാവ് എം. സ്വരാജ് (M Swaraj). തൃക്കാകരയിൽ ഇതുവരെ ഇടതുമുന്നണി സ്ഥാനാർഥിയെ നിശ്ചയിച്ചിട്ടില്ലെന്ന് എം സ്വരാജ് വ്യക്തമാക്കി. യുഡിഎഫ് ആദ്യം സ്ഥാനാർഥികളെ പ്രഖ്യാപിച്ചത് തർക്കമില്ലാത്തതുകൊണ്ടല്ലെന്നും, തമ്മിലടി ഒഴിവാക്കാനാണെന്നും സ്വരാജ് പറഞ്ഞു. മാതൃഭൂമി ന്യൂസിനോട് സംസാരിക്കുമ്പോഴാണ് എം സ്വരാജ് ഇക്കാര്യം പറഞ്ഞത്.
യുഡിഎഫ് സ്ഥാനാർഥിയ്ക്കെതിരെ എഐസിസി അംഗം ഉൾപ്പടെയുള്ളവർ വ്യത്യസ്ത രീതിയിൽ പ്രതികരിച്ചുകൊണ്ട് പ്രതിഷേധവുമായി രംഗത്തെത്തി കഴിഞ്ഞുവെന്നും എം സ്വരാജ് പറഞ്ഞു. എൽഡിഎഫ് സ്ഥാനാർഥിയെ സംബന്ധിച്ച ചർച്ചകളെല്ലാം പൂർത്തിയായെന്നും തൊട്ടടുത്ത സമയത്ത് തന്നെ ഔപചാരികമായി സ്ഥാനാർഥിയെ പ്രഖ്യാപിക്കുമെന്നും സ്വരാജ് അറിയിച്ചു. തെരഞ്ഞെടുപ്പിനെ നേരിടാൻ എല്ലാ രീതിയിലും സംഘടന സജ്ജമായിയെന്നും അദ്ദേഹം വ്യക്തമാക്കി.
സ്ഥാനാർഥിയെ നിർണയിക്കുന്നതിനുള്ള സംഘടനാ ചർച്ചകളിലേക്ക് കടക്കുന്നതിന് മുമ്പാണ് ചാനലുകളിൽ ഇടത് സ്ഥാനാർഥിയെ സംബന്ധിച്ച വാർത്തകൾ വന്നത്. ചാനലുകൾ സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതാണ് കണ്ടത്. ചാനലുകളെ ആരോ പറ്റിച്ചുവെന്നാണ് തോന്നുന്നത്. സൂചനയെന്നോ സാധ്യതയെന്നോ പറയുന്നതിന് പകരം ആധികാരികമായി തീരുമാനിച്ചുവെന്ന തരത്തിലാണ് വാർത്തകൾ പ്രചരിച്ചതെന്നും എം സ്വരാജ് പറഞ്ഞു. ഇക്കാര്യത്തിൽ കേരളത്തിലെ മാധ്യമങ്ങൾ ആത്മപരിശോധന നടത്തണമെന്നും എം സ്വരാജ് ആവശ്യപ്പെട്ടു.
ഇ.പി.ജയരാജന്‍ നേരിട്ടായിരിക്കും തൃക്കാക്കരയില്‍ ഉപതിരഞ്ഞെടുപ്പ് പ്രചാരണം ഏകോപ്പിപ്പിക്കുക. മന്ത്രി പി.രാജീവും സെക്രട്ടേറിയറ്റംഗം എം.സ്വരാജും മുഴുവന്‍ സമയം മണ്ഡലത്തില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കും.
തൃക്കാക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ഉമ തോമസാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. ഇന്നലെയാണ് കോണ്‍ഗ്രസ് നേതൃത്വം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. അതേസമയം, ബിജെപി സ്ഥാനാര്‍ത്ഥിയെ ഇന്നു നാളെയോ അറിയാം. എ.എന്‍.രാധാകൃഷ്ണന്‍ അടക്കമുള്ളവരുടെ പേരുകള്‍ ബിജെപി പരിഗണിക്കുന്നുണ്ട്.
തൃക്കാക്കരയില്‍ പി. ടി. തോമസിന്റെ നിര്യാണത്തെത്തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ മാസം 31 നാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക. ജൂണ്‍ മൂന്നിനാണ് വോട്ടെണ്ണല്‍. ഈ മാസം നാലിന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. 11-ാം തീയതി വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. പിന്‍വലിക്കാനുള്ള അവസാന തീയതി 16 ആണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Ldf, Thrikkakara By-Election