തിരുവനന്തപുരം: നിയോജകമണ്ഡലം കൺവെൻഷനുകളും പൂർത്തിയാകുന്നതോടെ തെരഞ്ഞെടുപ്പ് മത്സരരംഗത്ത് എൽഡിഎഫ് ഏറെ മുന്നിലെത്തി. മേൽത്തട്ടിലുള്ള കൺവെൻഷനുകൾ അവസാനിക്കുന്നതോടെ ഇനി താഴേത്തട്ടിലേക്ക് ഇടതുമുന്നണിയുടെ പ്രചാരണം മാറും. ബൂത്ത് തലത്തിലെ പ്രചാരണം സജീവമായി തുടങ്ങി. ഇതിന്റെ ഭാഗമായി ബൂത്ത് തലത്തിൽ മൂന്നുദിവസംകൊണ്ട് കാൽ ലക്ഷം കുടുംബസംഗമങ്ങൾ സംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇടതുമുന്നണി.
മാർച്ച് 19 മുതൽ 22 വരെ സിപിഎം സംഘടിപ്പിക്കാറുള്ള ഇ.എം.എസ്-എ.കെ.ജി ദിനാചരണം ഇത്തവണ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയായി മാറും. കുടുംബസംഗമങ്ങളും പൊതുയോഗങ്ങളുമാണ് ഈ ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി ആസൂത്രണം ചെയ്തിട്ടുള്ളത്. മാർച്ച് 21നകം എല്ലായിടത്തെയും ബൂത്ത് തല കുടുംബസംഗമങ്ങൾ പൂർത്തിയാക്കും. 24970 ബൂത്തുകളാണ് കേരളത്തിലുള്ളത്.
വിദേശയാത്ര തെരഞ്ഞെടുപ്പ് ചട്ടലംഘനം: ടൂറിസം സെക്രട്ടറി റാണി ജോർജിനെ സർക്കാർ തിരിച്ചുവിളിച്ചു
മന്ത്രിമാർ ഉൾപ്പടെ ഇടതുമുന്നണിയുടെ സമുന്നതരായ നേതാക്കൾ കുടുംബസംഗമങ്ങളിൽ പങ്കെടുക്കും. സിപിഎം, സിപിഐ പാർട്ടികൾ കുടുംബസംഗമങ്ങൾ നേരത്തെ പൂർത്തിയാക്കി. ഇതിനു പുറമെയാണ് മുന്നണിയുടെ നേതൃത്വത്തിൽ കുടുംബസംഗമം സംഘടിപ്പിക്കുന്നത്. പാർട്ടി കുടുംബങ്ങളെയും അനുഭാവികളുടെ വീട്ടിൽനിന്നുള്ളവരെയും പരമാവധി പങ്കെടുപ്പിക്കണമെന്നാണ് ബൂത്ത് തല ചുമതലയുള്ള നേതാക്കൾക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
സ്ഥാനാർത്ഥി സ്വീകരണ പരിപാടി ഏപ്രിൽ ആദ്യം മുതൽ തുടങ്ങുന്നവിധമാണ് ഇടതുമുന്നണി പ്രചാരണ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തിട്ടുള്ളത്. വിഷു, ഈസ്റ്റർ ദിവസങ്ങളിൽ അവധി നൽകിക്കൊണ്ടുള്ള പ്രചാരണമാണ് ഇടതുമുന്നണി നടത്തുക.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.