ലീഡര്‍: 'ചാര'ത്തില്‍ നിന്ന് പറന്നുയര്‍ന്ന ഫീനിക്‌സ് പക്ഷി

News18 Malayalam
Updated: July 5, 2018, 4:45 PM IST
ലീഡര്‍: 'ചാര'ത്തില്‍ നിന്ന് പറന്നുയര്‍ന്ന ഫീനിക്‌സ് പക്ഷി
  • Share this:
ഐ.എസ്.ആര്‍.ഒ ചാരക്കേസ്.... ലീഡര്‍ കെ. കരുണാകരനെ വേട്ടയാടാന്‍ എതിരാളികള്‍ ഉപയോഗിച്ച ആയുധം. ജനങ്ങള്‍ക്കിടയില്‍ അവര്‍ക്കൊപ്പം ജീവിച്ച ലീഡര്‍ കെ. കരുണാകരനെ 'രാജ്യദ്രോഹി' വരെയാക്കിയത് ഐ.എസ്.ആര്‍.ഒ ചാരക്കേസായിരുന്നു.

പാര്‍ട്ടിയിലെ എതിരാളികള്‍ കരുണാകരനെതിരായ ബ്രഹ്മാസ്ത്രമായി ഇതുപയോഗിച്ചു. മുഖ്യമന്ത്രി കസേരയില്‍ നിന്ന് പടിയിറക്കി വിട്ടു. തട്ടില്‍ എസ്റ്റേറ്റ് കൊലപാതകം, രാജന്‍, പാമൊലിന്‍, ചാരക്കേസ് വരെ പ്രതിസന്ധികളുടെ പരമ്പരകള്‍ ആ രാഷ്ട്രീയ ജീവിതത്തിലുണ്ടായി. അവയില്‍ നിന്നെല്ലാം ഫീനിക്‌സ് പക്ഷിയെ പോലെ ലീഡര്‍ ഉയിര്‍ത്തെഴുന്നേറ്റു. കാല്‍ നൂറ്റാണ്ടിനപ്പുറം ചാരക്കേസിന്റെ യഥാര്‍ത്ഥ ചിത്രം പുറത്തുവരുമ്പോള്‍ അന്ന് കരുണാകരനെ രാജ്യദ്രോഹികളെന്ന് വിളിച്ചവര്‍ ഇന്ന് നിശബ്ദത പാലിക്കുകയാണ്.

1994 ലായിരുന്നു ചാരക്കേസ് കേരള രാഷ്ട്രീയത്തെ ഇളക്കി മറിക്കുന്നത്. കരുണാകരന് പ്രിയപ്പെട്ട പൊലീസുദ്യോഗസ്ഥനായ ഐ.ജി രമണ്‍ ശ്രീവാസ്തവ ഇതില്‍ ഉള്‍പ്പെട്ടെന്നായിരുന്നു ആരോപണം. 1994 ഡിസംബര്‍ ഒന്നാം തീയതി ഐ.ബിയുടെ തിരുവനന്തപുരത്തെ ജോയിന്റ് ഡയറക്ടര്‍ മാത്യു ജോണും ഡെപ്യൂട്ടി ഡയറക്ടര്‍ ശ്രീകുമാറും കേരളാ പൊലീസ് ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ഡി.ജി.പി ടി.പി മധുസൂദനന്റെ മുറിയിലെത്തി. ചാരക്കേസ് അന്വേഷണോദ്യോഗസ്ഥരായിരുന്ന സിബി മാത്യുസും ബാബുരാജും അവിടെയുണ്ടായിരുന്നു. ശ്രീവാസ്തവയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നായിരുന്നു ഐ.ബി ഉദ്യോഗസ്ഥരുടെ ആവശ്യം. തെളിവില്ലാതെ അറസ്റ്റ് ചെയ്യാനാവില്ലെന്നായിരുന്നു സിബി മാത്യുസിന്റെ നിലപാട്. ഡിജിപിയും ഇതേ നിലപാടെടുത്തു.

അന്ന് വൈകിട്ട് തന്നെ ഐ.ബി ഉദ്യോഗസ്ഥര്‍ ക്ലിഫ് ഹൗസിലെത്തി. മുഖ്യമന്ത്രി കരുണാകരനെ കണ്ടു. ശ്രീവാസ്തവയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് മുഖ്യമന്ത്രിയോടും അവര്‍ ആവശ്യപ്പെട്ടു. കരുണാകരന്‍ ഒന്നും പറഞ്ഞില്ല. പിറ്റേന്ന് 1994 ഡിസംബര്‍ രണ്ടാം തിയതി, കരുണാകരന്‍ കേന്ദ്രമന്ത്രി മാര്‍ഗരറ്റ് ആല്‍വയെ ഫോണില്‍ വിളിച്ച് ചാരക്കേസ് സി.ബി.ഐക്ക് വിടണമെന്നു നിര്‍ദേശിച്ചു. ജോയിന്റ് ഡയറക്ടര്‍മാരായ എം.എല്‍ ശര്‍മ, പി.എം നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെത്തിയ സി.ബി.ഐ. സംഘം വിശദമായി നടത്തിയ അന്വേഷണത്തില്‍ കേരളാ പൊലീസും ഐ.ബിയും കെട്ടിച്ചമച്ച കള്ളക്കേസാണ് ഇതെന്നു തെളിയിച്ചു. 1996 ഏപ്രില്‍ 30-ാം തീയതി കേസ് തള്ളണമെന്നാവശ്യപ്പെട്ട് 104 പുറമുള്ള വിശദമായ റിപ്പോര്‍ട്ട് സി.ബി.ഐ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചതോടെ കേരളത്തെ പിടിച്ചുകുലുക്കിയ ചാരക്കേസ് താല്‍ക്കാലികമായി അവസാനിച്ചു.

ചാരക്കേസ് ചാരമായെങ്കിലും അതിന് മുന്‍പുതന്നെ കരുണാകരന്റെ വിധി കോണ്‍ഗ്രസുകാര്‍ എഴുതിയിരുന്നു. പാര്‍ട്ടിയിലെ ഉള്‍പ്പോര് മൂത്തപ്പോള്‍ കരുണാകരന് മുഖ്യമന്ത്രി സ്ഥാനം വിട്ടൊഴിയേണ്ടിവന്നു. 1995 മാര്‍ച്ച് 16ന് രാജിവച്ചു. പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയില്‍ നിന്ന് പറന്നെത്തിയ എ.കെ ആന്റണി മാര്‍ച്ച് 22ന് മുഖ്യമന്ത്രിയായി സ്ഥാനമേറ്റു. ചാരക്കേസിന്റെ പേരില്‍ ഊട്ടി വളര്‍ത്തിയവര്‍ തന്നെ ലീഡറെ നിരന്തരം വേട്ടയാടി. രാജ്യദ്രോഹിയായ കരുണാകരന്‍ ഒഴിയണമെന്ന് കെ.പി.സി.സി നിര്‍വാഹക സമിതിയില്‍ പോലും ഇവര്‍ വാദിച്ചു. കരുണാകരന്റെ രക്തത്തിനുവേണ്ടി ദാഹിച്ചവര്‍, ഉറക്കമൊഴിഞ്ഞ് അതിനായി പ്രവര്‍ത്തിച്ചവര്‍, അവിശുദ്ധ മാര്‍ഗത്തിലൂടെ മുഖ്യമന്ത്രി കസേരയില്‍ നിന്നു വലിച്ചു താഴെയിട്ടവര്‍ എല്ലാവരും സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെയായിരുന്നു.

കരുണാകരന് തലയൂരാന്‍ അന്ന് വിശ്വസ്തനായിരുന്നു രമണ്‍ ശ്രീവാസ്തവയെ തള്ളിപ്പറഞ്ഞാല്‍ മാത്രംമതിയായിരുന്നു. പക്ഷെ, കരുണാകരന്‍ അതിനു തയാറായില്ല. നിയമസഭാകക്ഷിയിലെ സ്വന്തം അംഗങ്ങള്‍ പോലും കൂറുമാറി മറുപക്ഷത്തു ചേര്‍ന്നു. 1980 ല്‍ കരുണാകരന്‍ കെട്ടിപ്പടുത്ത മുന്നണിയില്‍ എതിര്‍പക്ഷം വിള്ളലുണ്ടാക്കി. കെ.എം മാണിയേയും പി.കെ കുഞ്ഞാലിക്കുട്ടിയേയും കൂട്ടുപിടിച്ച് ഉമ്മന്‍ ചാണ്ടി ഐക്യജനാധിപത്യ മുന്നണിയുടെ അലകും പിടിയും മാറ്റി. കരുണാകരന്റെ ജന്മശതാബ്ദി ആഘോഷവേളയില്‍ തീര്‍ത്തും വിഭിന്നമായ അവസ്ഥയിലാണ് മുന്നണിയും പാര്‍ട്ടിയും.

ഒന്നിടവിട്ട കാലയളവില്‍ ഭരണത്തിലേറിയ ഐക്യജനാധിപത്യ മുന്നണിക്കും കോണ്‍ഗ്രസ് പാര്‍ട്ടിക്കും രൂപവും കരുത്തും ഊര്‍ജവും പകര്‍ന്നത് സാക്ഷാല്‍ കരുണാകരനായിരുന്നെന്നത് വസ്തുത വൈകിയാണെങ്കിലും ഗ്രൂപ്പ് ഭേദമില്ലാതെ നേതാക്കളും പ്രവര്‍ത്തകരും ഇന്ന് അംഗീകരിക്കുന്നുണ്ട്. ശക്തമായ ഗ്രൂപ്പ് വഴക്കിനെയും തനിക്കെതിരെ ഉയര്‍ന്ന കടുത്ത ആക്ഷേപങ്ങളെ തെല്ലും വകവെയ്ക്കാതെ അദ്ദേഹം പാര്‍ട്ടിയെയും മുന്നണിയേയും കെട്ടിപ്പടുത്തു. സര്‍ക്കസുകാരന്റെ മെയ് വഴക്കത്തോടെ മുന്നണി രാഷ്ട്രീയത്തെ നിയന്ത്രിച്ചുനിര്‍ത്തി.

പാമൊലിന്‍ അഴിമതി മുതല്‍ ചാരക്കേസ് വരെയുള്ള നിരവധി ആരോപണങ്ങള്‍ ഉന്നയിച്ച് ശത്രുക്കള്‍ വരിഞ്ഞു മുറുക്കിയെങ്കിലും ഒരു കൂസലുമില്ലാതെ കരുണാകരന്‍ മുന്നോട്ട് കുതിച്ചു. ദുര്‍ഘടഘട്ടങ്ങളെ കണ്ണിറുക്കി ചെറുപുഞ്ചിരിയോടെ നേരിട്ടു. 1967ല്‍ കേവലം ഒന്‍പത് അംഗങ്ങളില്‍ ഒതുങ്ങിയ കോണ്‍ഗ്രസിനെ ലീഡര്‍ അധികാരത്തില്‍ തിരികെയെത്തിച്ചു. നേതാക്കള്‍ ഇന്നും ഇതൊന്നും പരസ്യമായി സമ്മതിക്കില്ലെങ്കിലും കോണ്‍ഗ്രസും യു.ഡി.എഫും നേരിടുന്ന ക്ഷീണാവസ്ഥയ്ക്ക് പ്രധാന കാരണം ലീഡറുടെ അസാന്നിധ്യം തന്നെ.

 
First published: July 5, 2018, 4:45 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading