'കിഫ്ബി നടപടികൾ ദുരൂഹം': CAG ഓഡിറ്റിംഗ് നിഷേധിക്കുന്നത് ധൂര്‍ത്ത് പുറത്ത് വരാതിരിക്കാനെന്ന് പ്രതിപക്ഷ നേതാവ്

ലോകത്തെവിടെയെങ്കിലും ഒരു സ്ഥാപനം സുതാര്യമാണെന്ന് അറിഞ്ഞാല്‍ നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം കുറയും എന്ന പറയുന്നത് കേട്ടിട്ടുണ്ടോ ?

news18
Updated: September 17, 2019, 3:43 PM IST
'കിഫ്ബി നടപടികൾ ദുരൂഹം': CAG ഓഡിറ്റിംഗ് നിഷേധിക്കുന്നത് ധൂര്‍ത്ത് പുറത്ത് വരാതിരിക്കാനെന്ന് പ്രതിപക്ഷ നേതാവ്
ലോകത്തെവിടെയെങ്കിലും ഒരു സ്ഥാപനം സുതാര്യമാണെന്ന് അറിഞ്ഞാല്‍ നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം കുറയും എന്ന പറയുന്നത് കേട്ടിട്ടുണ്ടോ ?
  • News18
  • Last Updated: September 17, 2019, 3:43 PM IST
  • Share this:
തിരുവനന്തപുരം: കിഫ്ബി നടത്തിയ ദുരൂഹമായ മസാല ബോണ്ട് ഇടപാടുകള്‍ അടക്കമുള്ള കാര്യങ്ങള്‍ സിഎജി പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അവ പുറത്തു വന്നാല്‍ പലരുടെയും കൈ പൊള്ളും. ആ പേടിയാണ് ഒരു പരിശോധനയും വേണ്ടെന്ന സര്‍ക്കാര്‍ നിലപാടിന് പിന്നിലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു. വളരെ ദുരൂഹമായ കാര്യങ്ങളാണ് കിഫ്ബിയില്‍ നടക്കുന്നത്. കിഫ്ബി മീഡിയാ മാനേജ് ഗ്രൂപ്പിന്റെ കോര്‍ഡിനേറ്റര്‍ക്ക് പ്രതിമാസം 80,000 രൂപയാണ് ശമ്പളം. കിഫ്ബിയിലെ പ്രോജക്ടുകള്‍ പരിശോധിക്കാനായുള്ള അപ്രൈസല്‍ ഡിവിഷന്റെ ചീഫ് പ്രോജക്ട് എക്‌സാമിനര്‍ ആണ് തലവന്‍. മാസ ശമ്പളം 2.5 ലക്ഷം രൂപ. അദ്ദേഹത്തിന്റെ കീഴില്‍ വിദഗ്ധ സമിതിയുമുണ്ട്. ഈ സംവിധാനമുള്ളപ്പോള്‍ തന്നെ കിഫ്ബി പ്രോജക്ടുകള്‍ പരിശോധനക്കായി പുറത്തുള്ള ടെറാനസ് എന്ന കമ്പനിയെയും ചുമതലപ്പെടുത്തി. കടലാസ് കമ്പനിയായ ഇവർക്ക് 10 കോടി രൂപയോളം ഇതിനകം നല്‍കിയിട്ടുണ്ട്.  ഇങ്ങനെ നിരവധി ധൂര്‍ത്താണ് കിഫ്ബിയില്‍ നടക്കുന്നത്. അവ പുറത്തു വരാതിരിക്കാനാണ് സി‌എജി ഓഡിറ്റിംഗ് വേണ്ടെന്ന് പറയുന്നത്. കിഫ്ബിയിലെ ഉത്തരവുകളും നോട്ടിഫിക്കേഷനുകളുമൊന്നും ഇപ്പോള്‍ കിഫ്ബി വെബ്‌സൈറ്റില്‍ ലഭ്യമല്ല. എല്ലാം പരമ രഹസ്യമാക്കി വച്ചിരിക്കുന്നു. കിഫ്ബി ഇടപാടുകള്‍ ആകെ ദുരൂഹമാണെന്നും അദ്ദേഹം പറഞ്ഞു.

Also Read- 'കണ്ണൂർ വിമാനത്താവള കമ്പനിയിൽ CAG ഓഡിറ്റിന് അനുമതി നല്‍കാത്തത് ദുരൂഹം'; അഴിമതിയും ധൂർത്തും പിടിക്കപ്പെടുമെന്ന ഭയമാണ് കാരണമെന്ന് ചെന്നിത്തല

1999 ല്‍ യു ഡി എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന കിഫ്ബി നിയമത്തില്‍ സിഎജിക്ക് കിഫ്ബി ഫണ്ടുകള്‍ ഓഡിറ്റ് ചെയ്യാനുള്ള അധികാരം നല്‍കിയിരുന്നു. കിഫ്ബി നിയമത്തില്‍  കിഫ്ബി ഫണ്ട് സ്‌കീമിനായി ഉണ്ടാക്കിയ ചട്ടം 16(6) പ്രകാരമാണ് സിഎജിക്ക് കിഫ്ബിയുടെ ഫണ്ടുകള്‍ ഓഡിറ്റ് ചെയ്യാനുള്ള അധികാരം നല്‍കിയിരുന്നത്.  എന്നാല്‍ 2010 ലും 2016ലും എൽഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന നിയമ ഭേദഗതിയിലൂടെ സി എ ജിക്കു നല്‍കിയ ഓഡിറ്റ് അവകാശം എടുത്തുകളയുകയായിരുന്നു. ഇതിനെതിരെ അന്ന് യു ഡി എഫ് നിയമസഭയില്‍ ഉയര്‍ത്തിയ പ്രതിഷേധം സര്‍ക്കാര്‍ അവഗണിക്കുകയാണ് ചെയ്തത്.

സി എ ജി നിയമം 1971 ലെ വകുപ്പ് 20(2) പ്രകാരം കിഫ്ബിയുടെ ഫണ്ട് വിനിയോഗം ഓഡിറ്റ് ചെയ്യുവാനുള്ള അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് 2018 മാര്‍ച്ച് 15 ന് സി എ ജി സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കി. സി എ ജി ആക്ടിലെ 14(1) പ്രകാരം സി എ ജിക്ക് സര്‍ക്കാര്‍ ഗ്രാന്റുകളുടെ  പരിശോധന  സ്വയമേവ ഏറ്റെടുക്കാന്‍ അധികാരമുണ്ട്. ഇത് പറഞ്ഞാണ് ധനമന്ത്രി തോമസ് ഐസക്ക് പുകമറ സൃഷ്ടിക്കുന്നത്. ഇത് പക്ഷേ പരിമിതവും കിഫ്ബിയുടെ നിയമങ്ങള്‍ക്ക് വിധേയവുമായിരിക്കണം. കിഫ്ബി യുടെ 43000 കോടി രൂപയുടെ പദ്ധതികളില്‍ വെറും 10,000 കോടിയുടെ സര്‍ക്കാര്‍ ഗ്രാന്റ് മാത്രമാണ് സി എ ജി ആക്ടിലെ 14 (1) പ്രകാരം ഓഡിറ്റ് ചെയ്യുവാന്‍ സാധിക്കുക. ഈ സാഹചര്യത്തിലാണ് സി എ ജി ആക്ടിലെ 20 (2) പ്രകാരം കിഫ് ബി ഫണ്ട് ഓഡിറ്റ് ചെയ്യാനുള്ള അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സി.എ.ജി സര്‍ക്കാരിന് കത്ത് നല്‍കിയത്.

സി എ ജിക്ക് കിഫ്ബി അക്കൗണ്ടുകള്‍  പരിശോധിക്കാനുള്ള  അനുമതി നിഷേധിച്ചു കൊണ്ട് സര്‍ക്കാര്‍ നല്‍കിയ മറുപടി വളരെ വിചിത്രമാണ്. നിലവിലെ കിഫ്ബി ആക്ട് പ്രകാരം സിഎജിക്ക് ഓഡിറ്റ് അനുമതിയില്ലെന്നും അത് ചെയ്താല്‍ നിക്ഷേപകര്‍ക്ക് തെറ്റായ സന്ദേശം നല്‍കുമെന്നുമായിരുന്നു സര്‍ക്കാരിന്റെ മറുപടി. കൂടാതെ കിഫ് ബി ആക്ടിലെ സെക്ഷന്‍ 6സി പ്രകാരം ഫണ്ട് വിനിയോഗം വിലയിരുത്താന്‍ ഫണ്ട് ട്രസ്റ്റി ആന്റ് അഡൈ്വസറി കമ്മീഷന്‍ രൂപീകരിച്ചുണ്ടെന്നും സര്‍ക്കാര്‍ മറുപടിയില്‍ വ്യക്തമാക്കുന്നു.

ലോകത്തെവിടെയെങ്കിലും ഒരു സ്ഥാപനം സുതാര്യമാണെന്ന് അറിഞ്ഞാല്‍ നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം കുറയും എന്ന പറയുന്നത് കേട്ടിട്ടുണ്ടോയെന്നും ചെന്നിത്തല ചോദിക്കുന്നു.

അനുമതി നിഷേധിച്ചുകൊണ്ടുള്ള  സര്‍ക്കാരിന്റെ കത്തിന് സി എ ജി നല്‍കിയ മറുപടിയില്‍ സര്‍ക്കാരിന്റെ വാദങ്ങളെ പൂര്‍ണ്ണമായും തള്ളിക്കളയുന്നു. ഫണ്ട് ട്രസ്റ്റി ആന്റ് അഡ്വൈസറി കമ്മീഷന്റെ അധികാരങ്ങള്‍ പരിമിതമാണെന്നും അവര്‍ക്ക് കിഫ്ബി ഫണ്ടുകളുടെ പൂര്‍ണ്ണമായ ഓഡിറ്റ് നടത്താനുള്ള അധികാരമില്ല എന്നുമാണ് സി എ ജി യുടെ മറുപടി.  കൂടാതെ കിഫ്ബി ഫണ്ടുകള്‍ സി എ ജി ഓഡിറ്റ് ചെയ്യുന്നത് നിക്ഷേപകര്‍ക്ക് ആത്മവിശ്വാസം വർധിപ്പിക്കുകയാണ് ചെയ്യുകയെന്നും സി എ ജി കത്തില്‍ പറയുന്നു.

ഫണ്ട് ട്രസ്റ്റി ആന്റ് അഡ്വൈസറി കമ്മീഷന്‍ ഇപ്പോള്‍ നിലവിലുണ്ടോ എന്ന കാര്യം സംശയകരമാണ് എന്നതാണ് മറ്റൊരു കാര്യം.  കിഫ്ബി ആക്ട് 2016 ലെ 6C (3) പ്രകാരം ഫണ്ട് ട്രസ്റ്റി ആന്റ് അഡ്വൈസറി കമ്മീഷന്റെ കാലാവധി രണ്ടു വര്‍ഷമാണ്. വിനോദ് റായ് ചെയര്‍മാനായ കമ്മീഷനെ നിയമിച്ചത് 2017 ഏപ്രില്‍ 15നാണ്. കമ്മീഷന്റെ കാലാവധി നീട്ടിനല്‍കിയ ഉത്തരുവുകള്‍ ഒന്നും കിഫ്ബിയുടെ വെബ് സൈറ്റില്‍ ലഭ്യവുമല്ല. അങ്ങനെയെങ്കില്‍  ഫണ്ട് ട്രസ്റ്റി ആന്റ് അഡ്വൈസറി കമ്മീഷന്‍ നിയമപരമായി ഇപ്പോള്‍ നിലവിലില്ല. ഇതിനു ധനമന്ത്രി വ്യക്തത വരുത്തണം.

കിഫ്ബി കൂടുതല്‍ സുതാര്യമാക്കണമെന്ന പ്രതിപക്ഷത്തിന്റെ വാദം ഊട്ടി ഉറപ്പിക്കുന്നതാണ് സി എ ജി ഉന്നയിച്ച കാര്യങ്ങള്‍. സംസ്ഥാനത്തിന്റെ സഞ്ചിത നിധി  ഗ്യാരണ്ടിയായി  നല്‍കി എടുക്കുന്ന ഓരോ രൂപയും പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം- ചെന്നിത്തല പറഞ്ഞു.

First published: September 17, 2019, 3:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading