• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'പ്രായോഗിക രാഷ്ട്രീയത്തിന്റെ നയതന്ത്രവും കാര്‍ക്കശ്യവും ഒരു പോലെ വഴങ്ങിയ നേതാവ്'; കോടിയേരിയെ അനുസ്മരിച്ച് പ്രതിപക്ഷനേതാവ്

'പ്രായോഗിക രാഷ്ട്രീയത്തിന്റെ നയതന്ത്രവും കാര്‍ക്കശ്യവും ഒരു പോലെ വഴങ്ങിയ നേതാവ്'; കോടിയേരിയെ അനുസ്മരിച്ച് പ്രതിപക്ഷനേതാവ്

'രോഗത്തിന്റെ വേദനയിലും തന്റെ സ്വാഭാവിക ചിരിയോടെ എല്ലാം അതിജീവിക്കുമെന്ന ആത്മവിശ്വാസമാണ് ചുറ്റുമുള്ളവര്‍ക്ക് കോടിയേരി നല്‍കിയത്'

Kodiyeri_Balakrishnan

Kodiyeri_Balakrishnan

  • Share this:
തിരുവനന്തപുരം: പ്രായോഗിക രാഷ്ട്രീയത്തിന്റെ നയതന്ത്രവും കാര്‍ക്കശ്യവും ഒരു പോലെ വഴങ്ങിയ നേതാവാണ് കോടിയേരി ബാലകൃഷ്ണനെന്ന് പ്രതിപക്ഷനേതാവ് വി. ഡി സതീശൻ അടിമുടി രാഷ്ട്രീയക്കാരനായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. അക്ഷരാര്‍ത്ഥത്തില്‍ രാഷ്ട്രീയമായിരുന്നു കോടിയേരിയുടെ ജീവശ്വാസം. സ്ഥായിയായ ചിരിയും സ്‌നേഹവാക്കുകളും കൊണ്ട് രാഷ്ട്രീയഭേദമന്യേ കോടിയേരി എല്ലാവര്‍ക്കും പ്രിയങ്കരനായി. പാര്‍ട്ടി ചട്ടക്കൂടിന് പുറത്തേക്കും അദ്ദേഹത്തിന്റെ സൗഹൃദം വ്യാപിച്ചുവെന്നും കോടിയേരി പറഞ്ഞു.

നിയമസഭ സാമാജികനെന്ന നിലയിലും പ്രതിപക്ഷ ഉപനേതാവെന്ന നിലയിലും കോടിയേരിയുടെ ഇടപെടലുകള്‍ ശ്രദ്ധേയമായിരുന്നു. രോഗത്തിന്റെ വേദനയിലും തന്റെ സ്വാഭാവിക ചിരിയോടെ എല്ലാം അതിജീവിക്കുമെന്ന ആത്മവിശ്വാസമാണ് ചുറ്റുമുള്ളവര്‍ക്ക് കോടിയേരി നല്‍കിയത്. സി.പി.എമ്മിലെ സൗമ്യ സാന്നിധ്യമായിരുന്ന അദ്ദേഹത്തിന്റെ വിയോഗം രാഷ്ട്രീയ കേരളത്തിന് വലിയ നഷ്ടമാണ്. കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്ക്‌ചേരുന്നതായും പ്രതിപക്ഷനേതാവ് അറിയിച്ചു.

അർബുദരോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ ചെന്നൈ അപ്പോളോ ആശുപത്രിയിൽവെച്ച് ശനിയാഴ്ച രാത്രി എട്ടരയോടെയാണ് കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചത്. കോടിയേരിയുടെ ഭാര്യ വിനോദിനി, മക്കളായ ബിനോയ്, ബിനീഷ് എന്നിവരും മരണസമയം ആശുപത്രിയിലുണ്ടായിരുന്നു.

Also Read- കോടിയേരി ബാലകൃഷ്ണന്‍റെ സംസ്കാരം തിങ്കളാഴ്ച മൂന്നിന്; ഞായർ ഉച്ചയ്ക്ക് മൂന്ന് മുതല്‍ തലശ്ശേരി ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം

കോടിയേരിയുടെ ആരോഗ്യനിലയില്‍ ആശങ്ക ഉയര്‍ന്നതിനെ തുടര്‍ന്ന് യൂറോപ്പിലേക്ക് പോകാനിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ യാത്ര റദ്ദാക്കിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ അടക്കമുള്ള നേതാക്കള്‍ ചെന്നൈയിലെത്തിയിരുന്നു. എതിരാളികൾക്കുപോലും സ്വീകാര്യനായിരുന്ന കോടിയേരി യാത്രയായത് കേരളത്തിൽ സിപിഎമ്മിനും ഇടതുരാഷ്ട്രീയത്തിനും നികത്താനാകാത്ത നഷ്ടമാണ്.
Published by:Anuraj GR
First published: