അണികളില്‍ അമര്‍ഷം; പ്രതിനായകനായി ഉമ്മന്‍ ചാണ്ടി

News18 Malayalam
Updated: June 8, 2018, 3:16 PM IST
അണികളില്‍ അമര്‍ഷം; പ്രതിനായകനായി ഉമ്മന്‍ ചാണ്ടി
  • Share this:
തിരുവനന്തപുരം: കേരള കോണ്‍ഗ്രസിന് സീറ്റു നല്‍കിയതിലൂടെ ഉമ്മന്‍ ചാണ്ടിക്കു നഷ്ടമായത് അരനൂറ്റാണ്ടു കൊണ്ട് കെട്ടിപ്പടുത്ത അണികള്‍ക്കിടയിലെ വിശ്വാസ്യത.

കോണ്‍ഗ്രസില്‍ കലാപത്തിന്റെ വെടിക്കെട്ടുയര്‍ത്തിയ രാജ്യസഭ സീറ്റു ദാനത്തിനു പിന്നിലെ തിരക്കഥ സാക്ഷാല്‍ ഉമ്മന്‍ ചാണ്ടിയുടേതാണെന്ന് എ ഗ്രൂപ്പ് നേതാക്കള്‍ പോലും ഞെട്ടലോടെയാണ് തിരിച്ചറിഞ്ഞത്. സ്വതസിദ്ധമായ മെയ്‌വഴക്കത്തോടെ തിരക്കഥ നടപ്പാക്കിയത് പി.കെ കുഞ്ഞാലിക്കുട്ടിയും.

കെ.എം മാണി നായകനായി അരങ്ങത്തെത്തിയപ്പോള്‍ തോറ്റമ്പിയത് ഗ്രൂപ്പു മാനേജര്‍മാര്‍ ഉള്‍പ്പെടെയുള്ള നേതാക്കളും കേരളത്തിലെ കോണ്‍ഗ്രസ് പാര്‍ട്ടിയും.

നായകന്‍ പ്രതിനായകന്‍

എക്കാലത്തും കോണ്‍ഗ്രസിന്റെ പടനായകനായി, കാല്‍ നൂറ്റാണ്ടോളം എ.കെ ആന്റണിക്കു വേണ്ടി തിരശീലയ്ക്കു പിന്നിലും ഒന്നര പതിറ്റാണ്ടോളം തിരശീലയ്ക്ക് മുന്നിലും യുദ്ധം നയിച്ച ഉമ്മന്‍ ചാണ്ടിയാണ് രാജ്യസഭ സീറ്റിന്റെ പേരില്‍ പ്രതിനായകനായി രംഗത്തെത്തിയിരിക്കുന്നത്. കോണ്‍ഗ്രസിന് ലഭിക്കുമായിരുന്ന രാജ്യസഭ സീറ്റ് മുന്നണിക്കു പുറത്തുള്ള കെ.എം മാണിയുടെ കാല്‍ക്കല്‍ വച്ചതിനു പിന്നിലെ രാഷ്ട്രീയം സ്വന്തം അനുയായികളെ പോലും ബോധ്യപ്പെടുത്താനാകാത്ത അവസ്ഥയിലാണ്.

നിയമസഭ തെരഞ്ഞെടുപ്പിലെ തോല്‍വിക്കു പിന്നാലെ പാര്‍ട്ടി സ്ഥാനങ്ങള്‍ ഏറ്റെടുക്കാതെ സംസ്ഥാന രാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്ന് വിവാദങ്ങളെ അതിജീവിച്ചാണ് ഉമ്മന്‍ ചാണ്ടി വീണ്ടും കോണ്‍ഗ്രസില്‍ ശക്തനായത്. ചെങ്ങന്നൂരിലെ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പരാജയപ്പെട്ടെങ്കിലും ഫലപ്രഖ്യാപനത്തിനും മുന്നേ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി ഉയര്‍ത്തപ്പെട്ടത് ഉമ്മന്‍ ചാണ്ടിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അര്‍പ്പിച്ച വിശ്വാസത്തെ പ്രതിഫലിപ്പിക്കുന്നതായി. എന്നാല്‍ ഇതിനിടെ അണിയറയില്‍ എക്കാലത്തും യു.ഡി.എഫ് മുന്നണിയിലെ സമ്മര്‍ദ്ദ ശക്തികളായ കുഞ്ഞാലിക്കുട്ടി- മാണി കൂട്ടുകെട്ടുമായി ഉമ്മന്‍ ചാണ്ടി ധാരണയിലെത്തി.പ്രതിപക്ഷ നേതൃസ്ഥാനത്തു തുടരുന്ന രമേശ് ചെന്നിത്തലയെ കഴിവുകേടുകള്‍ ഉയര്‍ത്തിക്കാട്ടി എന്നെന്നേക്കുമായി അധികാരസ്ഥാനത്തു നിന്നിറക്കി വിടുകയായിരുന്നു ഈ കൂട്ടുകെട്ടിനു പിന്നിലെ അത്യന്തിക ലക്ഷ്യം. അണിയറയിലെ കളി അറിയാതെ പാലം വലിക്കാന്‍ ശ്രമിച്ചതും നിലപാടുകളിലെ വിശ്വാസ്യതയില്ലായ്മയും ഉപതെരഞ്ഞെടുപ്പിലെ തോല്‍വിയിലേക്കു നയിച്ചപ്പോള്‍ സ്വാഭാവികമായും ചെന്നിത്തല പരാജയത്തിന് ഉത്തരവാദിയായി. എന്നാല്‍ ഇതിനു പിന്നാലെയാണ് മൂവര്‍ സംഘത്തിന്റെ രാജ്യസഭ സീറ്റെന്ന വിവാദമുയര്‍ത്തി തങ്ങളുടെ അജണ്ട നടപ്പാക്കിയത്. ഇതിന്റെ ഭാഗമായി സീറ്റിന് അവകാശവാദം ഉന്നയിക്കാന്‍ സാധ്യതയുള്ള യുവതുര്‍ക്കികളെ രംഗത്തിറക്കി. ഇവരുടെ കലാപത്തിന് ഉമ്മന്‍ ചാണ്ടിയുടെ മൗനാനുവാദം ഉണ്ടായെന്നതും വ്യക്തം. അയോഗ്യനെന്നും വൃദ്ധനെന്നും കുര്യനെ യുവതുര്‍ക്കികള്‍ ആക്ഷേപിച്ചപ്പോള്‍ കോണ്‍ഗ്രസിലെ കാലാപം സ്വാഭാവികമായും നേതൃത്വത്തിന്റെ കഴിവുകേടിലേക്കു നീണ്ടു. ഇവിടെയും ചെന്നിത്തല സംശയനിഴലിലായി.

ഗൂഢാലോചനയുടെ തുടക്കം

കുര്യന് സീറ്റു നല്‍കുന്നതിനെച്ചൊല്ലിയുള്ള വിവാദങ്ങളുടെ നിഴലിലാണ് നേതാക്കള്‍ ഡെല്‍ഹിയിലെ കേരള ഹൗസില്‍ നേതാക്കളെത്തിയത്. എന്നാല്‍ തനിക്കെതിരായ നീക്കങ്ങള്‍ക്കു പിന്നില്‍ ഉമ്മന്‍ ചാണ്ടിയാണെന്ന ആരോപണമുന്നയിച്ച് കേന്ദ്രത്തിലെ ഭരണഘടനാ പദവിയുള്ള ഏക കോണ്‍ഗ്രസുകാരനായ പി.ജെ കുര്യന്‍ വെടിപൊട്ടിച്ചതോടെ അണികള്‍ക്കിടയിലും ആശയക്കുഴപ്പമുണ്ടായി.

പാളയത്തില്‍ പട

എ ഗ്രൂപ്പിലെ ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തരും മുതിര്‍ന്ന നേതാക്കളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ സി ജോസഫ്, ബെന്നി ബെഹനാന്‍ എന്നിവരടക്കം കടുത്ത അമര്‍ഷത്തിലാണ്. പാല ചര്‍ച്ച തീരുന്ന പ്രകാരമാണ് സീറ്റ് കേരളാ കോണ്‍ഗ്രസിന് നല്‍കിയതെന്ന ഉമ്മന്‍ ചാണ്ടിയുടെ വാദത്തെ ഇവര്‍ ചോദ്യം ചെയ്യുന്നു. ഗ്രൂപ്പ് നേതാക്കള്‍ക്കിടയില്‍ പോലും ഇക്കാര്യത്തില്‍ ആശയ വിനിമയം നടന്നില്ലെന്നും ഗ്രൂപ്പ് ഉന്നത നേതാക്കള്‍ക്ക് പരിഭവം ഉണ്ട്. പാണക്കാട്, പാല കേന്ദ്രങ്ങള്‍ക്ക് പാര്‍ട്ടിയെ വീണ്ടും ഉമ്മന്‍ ചാണ്ടി അടിയറവച്ചതായി എ ഗ്രൂപ്പിലെ ഉന്നത നേതാവ് പറഞ്ഞു.

കാലിടറിയത് ചെങ്ങന്നൂരില്‍

കാതോലിക്ക ബാവ കോരളത്തിലെത്തിയപ്പോള്‍ ഉമ്മന്‍ ചാണ്ടി വിമാനത്താവളത്തില്‍ സ്വീകരിച്ചത് തന്റെ മണ്ഡലമായ പുതുപ്പള്ളിയില്‍ നിര്‍ണായക സ്വാധീനമുള്ള യാക്കോബായ വിഭാഗത്തെ കൂടെ നിര്‍ത്തുന്നതിന്റെ ഭാഗമായാണ്. എന്നാല്‍ ഇത് ചെങ്ങന്നൂരിലെ ഓര്‍ത്തഡോക്‌സ് വിഭാഗത്തെ ചൊടിപ്പിക്കുകയും ഉമ്മന്‍ ചാണ്ടി വിരുദ്ധ വികാരത്തിലേക്കു നയിക്കുകയും ചെയ്തു. കോണ്‍ഗ്രസിന്റെ ഫിക്‌സഡ് ഡെപ്പോസിറ്റായിരുന്ന വോട്ടു ബാങ്കിലുണ്ടാക്കിയ വിള്ളല്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ തോല്‍വിയിലേക്ക് നയിച്ചു.

എങ്ങനെ അതിജീവിക്കും

കേരള രാഷ്ട്രീയത്തിലേക്ക് കോണ്‍ഗ്രസിനെ തിരിച്ചുകൊണ്ടുവന്ന കെ. കരുണാകരനെ പോലും ആഭ്യന്തരകലാപത്തിലൂടെ മുട്ടുകുത്തിച്ചിട്ടും പാര്‍ട്ടിയിലെ ആള്‍ക്കൂട്ടത്തിനൊപ്പവും അവര്‍ക്കു മുന്നിലും നടന്നാണ് ഉമ്മന്‍ ചാണ്ടി എക്കാലത്തും ജനകീയനും പടനായകനുമായത്. കരുണാകരന്‍ കോണ്‍ഗ്രസ് വിട്ട പ്രതികൂല സാഹചര്യത്തിലും പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ പിടിച്ചു നിര്‍ത്തിയ ഉമ്മന്‍ ചാണ്ടിക്ക് മാണിയുടെ രാജ്യസഭാ പ്രവേശനമുണ്ടാക്കിയ മുറിവ് ഉണക്കിയെടുക്കാന്‍ ഏറെ പണിപ്പെടേണ്ടി വരും.

 

Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: June 8, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍
corona virus btn
corona virus btn
Loading