• HOME
  • »
  • NEWS
  • »
  • kerala
  • »
  • 'യൂത്ത് ലീഗ് നേതാവിനെ അപമാനിച്ചവർക്കെതിരെ നടപടി വേണം?' 118എയിൽ ആദ്യ പരാതി

'യൂത്ത് ലീഗ് നേതാവിനെ അപമാനിച്ചവർക്കെതിരെ നടപടി വേണം?' 118എയിൽ ആദ്യ പരാതി

തിലകൻ എ.കെ എന്ന ഫേസ്ബുക്ക് അക്കൌണ്ടിൽനിന്നാണ് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയെ മനപൂർവ്വം അവഹേളിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തതെന്ന് പരാതിയിൽ പറയുന്നുണ്ട്

പി.കെ ഫിറോസ്

പി.കെ ഫിറോസ്

  • Last Updated :
  • Share this:
    തൃശൂർ: കേരള പൊലീസ് ആക്ട് 118 എ പ്രകാരം ആദ്യ പരാതി ലഭിച്ചു. യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിനെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി മുസ്ലീം ലീഗ് നേതാവാണ് പരാതി നൽകിയത്. സോഷ്യൽമീഡിയയിലൂടെയാണ് പി.കെ ഫിറോസിനെ അപമാനിച്ചുവെന്ന പരാതി ലഭിച്ചത്. വലപ്പാട് പൊലീസിലാണ് പരാതി ലഭിച്ചതെങ്കിലും കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.

    അതേസമയം പ്രതിപക്ഷ നേതാക്കൾ പൊലീസ് ആക്ട് നിയമഭേദഗതിക്കെതിരെ സമരം നടത്തുമ്പോഴാണ് യുഡിഎഫിലെ ഘടകകക്ഷി നേതാവ് 118 എ പ്രകാരം പരാതിയുമായി എത്തിയത്. മുസ്ലീം ലീഗ് നാട്ടിക നിയോജക മണ്ഡലം സെക്രട്ടറി പി.എ ഫഹദ് റഹ്മാനാണ് പരാതിയുമായി രംഗത്തെത്തിയത്. തിലകൻ എ.കെ എന്ന ഫേസ്ബുക്ക് അക്കൌണ്ടിൽനിന്നാണ് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറിയെ മനപൂർവ്വം അവഹേളിക്കുകയും അപകീർത്തിപ്പെടുത്തുകയും ചെയ്തതെന്ന് പരാതിയിൽ പറയുന്നുണ്ട്. വ്യാജമായി നിർമ്മിച്ച ഫോട്ടോ തികച്ചും ദുരുദ്ദേശത്തോടെയാണ് പ്രചരിപ്പിച്ചതെന്നും ഫഹദ് റഹ്മാൻ ചൂണ്ടിക്കാട്ടുന്നു.

    ഇത്തരത്തിൽ വ്യാജമായ വാർത്ത ചമച്ച് സമൂഹമാധ്യമത്തിൽ പ്രചരിപ്പിക്കുന്നത് കേരള പൊലീസ് ആക്ട് 118 എ പ്രകാരം കുറ്റകരമാണ്. അതുകൊണ്ടുതന്നെ തിലകൻ എ.കെ എന്ന വ്യക്തിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നത്. പി.കെ ഫിറോസിനെ അപകീർത്തിപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റിന്‍റെ ലിങ്കും സ്ക്രീൻ ഷോട്ടും പരാതിക്കൊപ്പം നൽകിയിട്ടുണ്ട്.



    സൈബർ കുറ്റകൃത്യങ്ങൾ തടയാൻ നിയമം ശക്തിപ്പെടുത്താൻ നിയമഭേദഗതി കൊണ്ടുവരാൻ മന്ത്രിസഭാ യോഗം ഒക്ടോബറിൽ തീരുമാനിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഓർഡിൻസ് ഇറക്കിയതോടെയാണ് നിയമഭേദഗതി സംസ്ഥാനത്ത് നിലവിൽ വന്നത്. ഡബ്ബിംഗ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അടക്കമുള്ളവർക്കെതിരെയുള്ള സൈബർ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് നീക്കം സർക്കാർ വിശദീകരിക്കുന്നു. സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുമ്പോഴും അത് തടയാനുള്ള നിയമങ്ങൾ അശക്തം എന്നാണ് സർക്കാരിന്റെ വിലയിരുത്തൽ. ഐടി ആക്ടിലെ 66 Aയും

    2011 പോലീസ് ആക്ടിലെ 118 D യും സുപ്രീംകോടതി റദ്ദ് ചെയ്തതോടെ സമൂഹ മാധ്യമങ്ങളിലൂടെയുള്ള കുറ്റകൃത്യം തടയാനുള്ള നിയമം ദുർബലമായി. അതുകൊണ്ടാണ് സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്നതെന്നും നിയമം ശക്തിപ്പെടുത്തണമെന്നും ആവശ്യം ഉയർന്നിരുന്നു. ഇതു പരിഗണിച്ചാണ് പോലീസ് ആക്ട് ഭേദഗതി ചെ യ്യാൻ തീരുമാനിച്ചത്. 2011ലെ പോലീസ് ആക്ടിൽ 118 A വകുപ്പ് കൂട്ടിച്ചേർത്താണ് ഓർഡിനൻസ് കൊണ്ടുവന്നത്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള ഭീഷണിപ്പെടുത്തൽ, അധിക്ഷേപിക്കൽ ഇവ പ്രസിദ്ധീകരിക്കൽ, പ്രചരിപ്പിക്കൽ എന്നിവ കുറ്റകൃത്യമാകും. പോലീസിന് കേസെടുക്കാൻ അധികാരം ലഭിക്കും.
    Published by:Anuraj GR
    First published: