HOME » NEWS » Kerala » LEAGUE LEADERS WHO SAID COLLEGE WAS ENOUGH INSTEAD OF A MINISTER SAYS KMCC LEADER JK TV

മന്ത്രിസ്ഥാനത്തിന് പകരം കോളേജ് മതിയെന്ന് പറഞ്ഞവരാണ് ലീഗ് നേതാക്കള്‍;  കെ.എം.സി.സി നേതാവ്

തോല്‍വിയില്‍ പാര്‍ട്ടി അടിമുടി അഴിച്ചുപണിയണമെന്നും തൊലിപ്പുറമെയുള്ള ചികിത്സ മതിയാവില്ലെന്നും റഹ്മാന്‍ വ്യക്തമാക്കുന്നു

News18 Malayalam | news18-malayalam
Updated: May 5, 2021, 8:12 PM IST
മന്ത്രിസ്ഥാനത്തിന് പകരം കോളേജ് മതിയെന്ന് പറഞ്ഞവരാണ് ലീഗ് നേതാക്കള്‍;  കെ.എം.സി.സി നേതാവ്
പുത്തര്‍ റഹ്‌മാന്‍
  • Share this:
കോഴിക്കോട്:   നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തില്‍ ലീഗനുള്ളിലുയരുന്ന വിമര്‍ശനത്തിന് ആക്കം കൂട്ടി കെ.എം.സി.സി നേതാവ് പുത്തര്‍ റഹ്മാന്റെ ഫേസ്ബുക്ക് പോസ്റ്റ്. മുസ്ലിം ലീഗ് അധികാരത്തിന് വേണ്ടി തട്ടിക്കൂട്ടിയ പ്രസ്ഥാനമല്ലെന്ന് ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. പാര്‍ലിമെന്ററി വ്യാമോഹത്തെ പ്രായോഗിക രാഷ്ട്രീയമെന്ന ഓമനപ്പേരില്‍ വിളിക്കുകയാണ്. രാജാജി മന്ത്രിസഭയില്‍ മന്ത്രി പദവി വാഗ്ദാനം ചെയ്യപ്പെട്ടപ്പോള്‍ അതിന് പകരം ഫാറൂഖ് കോളജ് മതിയെന്ന് പറഞ്ഞ സീതി സാഹിബിന്റെയും ഇസ്മായീല്‍ സാഹിബിന്റെയും ലീഗിലേക്ക് പാര്‍ട്ടി നേതൃത്വം മടങ്ങണം. അധികാര ലബ്ദിയേക്കാള്‍ അവകാശ സംരക്ഷണമായിരുന്നു അവരുടെ ലക്ഷ്യം. മന്ത്രിമന്തിരങ്ങളിലല്ല ലീഗ് പുഷ്ഠിച്ചതെന്നും കൊടിവെച്ച കാറിലല്ല പഴയകാല ലീഗ് നേതാക്കള്‍ സഞ്ചരിച്ചതെന്നും പുത്തൂര്‍ റഹ്മാന്‍ പറയുന്നു. തോല്‍വിയില്‍ പാര്‍ട്ടി അടിമുടി അഴിച്ചുപണിയണമെന്നും തൊലിപ്പുറമെയുള്ള ചികിത്സ മതിയാവില്ലെന്നും റഹ്മാന്‍ വ്യക്തമാക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

നമുക്ക് നമ്മിലേക്ക് മടങ്ങാന്‍  സമയമായി!

പരാജയത്തെ മാനിക്കുന്നുവെന്നാണ് ഇന്നലെ നേതാക്കള്‍ പറഞ്ഞ വാക്ക്. പരാജയ കാരണങ്ങളെ കൂടി മാനിക്കുകയാണു അടുത്ത ചുവട്. ആ ചുവട് ഇന്നു തന്നെ വെക്കണം. നേതാക്കളുടെയും പ്രവര്‍ത്തകരുടെയും  ഉത്തരവാദിത്തം ഇനിയതാണ്.

നമുക്ക് നമ്മിലേക്ക് മടങ്ങാം എന്നതാണ് ഒന്നാമത്തെ ചുവടുവെപ്പ്. നമുക്ക് ലീഗ് പഠിക്കാം, നമ്മുടെ മുന്‍ഗാമികള്‍ തീര്‍ത്തും പ്രതികൂലമായ കാലത്ത് പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത ഒരാദര്‍ശമാണ് ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ അടിത്തറ. അധികാരത്തിന്റെ ശീതളച്ഛായയിലല്ല ലീഗ് വളര്‍ന്നത്, മന്ത്രി മന്ദിരത്തിലല്ല ലീഗ് പുഷ്ടിച്ചത്, കൊടികെട്ടിയ സര്‍ക്കാര്‍ കാറിലല്ല ലീഗ് നേതാക്കള്‍ സഞ്ചരിച്ചത് ! ജയിലറകളും പോലീസ് മര്‍ദ്ദനങ്ങളും ഏറ്റുവാങ്ങി നിലനില്പിനു വേണ്ടിയുള്ള കഷ്ടപ്പാടിന്റെ നെരിപ്പോടിലാണ് ലീഗ് വളര്‍ന്നത്. സാധാരണക്കാരന്റെ ഹൃദയത്തിലാണ് ലീഗ് ജീവിച്ചത്.

ഖാഇദെ മില്ലത്തിന്റെയും സീതി സാഹിബിന്റെയും പോക്കര്‍ സാഹിബിന്റെയും ബാഫഖി തങ്ങളുടെയും പൂക്കോയ തങ്ങളുടെയും സി.എച്ചിന്റെയും ശിഹാബ് തങ്ങളുടെയും സേട്ട് സാഹിബിന്റെയും ബനാത്ത്വാല സാഹിബിന്റെയും ലീഗ്. അധികാരലബ്ധിയേക്കാള്‍ അവകാശ സംരക്ഷണത്തിനു പ്രാധാന്യം കല്പിക്കുകയും കക്ഷിരാഷ്ട്രീയവും തെരഞ്ഞെടുപ്പും പങ്കാളിത്തവും ഇന്ത്യയിലെ മുസ്ലിം ന്യൂനപക്ഷത്തിന്റെ രാഷ്ട്രീയ പ്രാതിനിധ്യം നേടാനുള്ള മാര്‍ഗമായി അധികാരം പങ്കിടുകയും ചെയ്ത പാര്‍ട്ടിയാണിത്.

രാജാജി മന്ത്രി സഭയില്‍  മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്യപ്പെട്ടപ്പോള്‍ അതിനു പകരം ഫാറൂഖ് കോളേജ് മതിയെന്ന് പ്രഖ്യാപിച്ച സീതി സാഹിബിന്റെയും ഇസ്മായില്‍ സാഹിബിന്റെയും ലീഗിലേക്ക് മടങ്ങാന്‍  സമയമായി എന്നാണ് തെരഞ്ഞെടുപ്പുഫലം  നമ്മെ പഠിപ്പിക്കുന്നത്. ഇപ്പോള്‍ എം.എസ്.ഫ് ഭാരവായിയായാല്‍ മതി അടുത്ത ചിന്ത ചുരുങ്ങിയപക്ഷം പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സീറ്റൊപ്പിക്കാനാവുമോ എന്നതിനെക്കുറിച്ചാണ്. ഇതൊരു മാതൃകയായിപ്പോയി. ഇങ്ങനെ പാര്‍ലിമെന്ററി മോഹങ്ങളെ  വലയംവെച്ച് നീങ്ങുന്ന 'പ്രായോഗിക രാഷ്ട്രീയ'മെന്ന് ഓമനപ്പേരുള്ള അധികാരമോഹത്തില്‍ അകപ്പെട്ടവരാണേറെയും. അധികാരത്തിനു വേണ്ടി തട്ടിക്കൂട്ടിയതല്ല ലീഗ്. അവഗണിക്കപ്പെട്ട ഒരു സമുദായത്തിന്റെ അഭിമാനകരമായ അസ്തിത്വം ലക്ഷ്യം വെച്ച് സംഘടിക്കപ്പെട്ട ആദര്‍ശശാലികളുടെ പ്രസ്ഥാനമാണ് നമ്മുടേത്.

സ്വതന്ത്ര ഇന്ത്യയില്‍ മുസ്ലിം ന്യൂനപക്ഷത്തിന്റെ അന്തസ്സോടെയുള്ള അതിജീവനത്തിന് സ്വന്തം രാഷ്ട്രീയപാര്‍ട്ടി അത്യാവശ്യമാണ് എന്ന ഉത്തമബോധ്യത്തിലാണ് ഖാഇദേമില്ലത്ത് മുഹമ്മദ് ഇസ്മാഈല്‍ സാഹിബും കൂട്ടരും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന് രൂപംകൊടുത്തത്. ഇന്നും ഇന്ത്യന്‍ മുസ്ലിംകള്‍ക്ക് അങ്ങനെയൊരു വേദി ഉണ്ടാവുക എന്നത് എത്രമാത്രം പ്രസക്തമാണ്. പക്ഷേ കേരളത്തിനു പുറമെ പേരിനല്ലാതെ ഒരിടത്തും ഇന്ത്യന്‍ യൂനിയന്‍ മുസ്?ലിം ലീഗില്ല. 1948-ലെ രൂപീകരണസമയത്ത് അന്നത്തെ മദിരാശി സംസ്ഥാനത്തു മാത്രം സാന്നിധ്യമുള്ള ലീഗ് തൊള്ളായിരത്തി അറുപതുകളുടെ അവസാനത്തില്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും സാന്നിധ്യമായി. കേരളത്തില്‍ ആദ്യമായി ഭരണമുന്നണിയില്‍ ലീഗിനു പ്രാതിനിധ്യം ലഭിച്ച 1967-ല്‍ ബംഗാളിലും അധികാര പങ്കാളിത്തം കിട്ടിയിരുന്നു. ബിഹാറിലും കര്‍ണാടകയിലും തമിഴ്‌നാട്ടിലും എം.എല്‍.എമാരുണ്ടായിരുന്നു. പാര്‍ലമെന്റില്‍ ഏഴ് എം.പിമാരുണ്ടായിരുന്ന കാലമുണ്ട്. പാര്‍ലമെന്റില്‍ ഇന്ത്യന്‍ മുസല്‍മാന്റെ ശബ്ദമായിരുന്നു. ആ സുവര്‍ണകാലം 1990കളില്‍ അവസാനിച്ചു.

ലീഗിനു തിരിച്ചുപിടിക്കാനുള്ളത് നഷ്ടപ്പെട്ട സീറ്റുകളോ അധിമാരപങ്കാളിത്തമോ അല്ല. അത് ഇടക്കാലത്തുണ്ടായ വ്യതിയാനമാണ്. നമുക്കു വീണ്ടെടുക്കാനുള്ളത് ഇന്ത്യന്‍ ഭരണഘടനാ അസംബ്ലിയില്‍ അവകാശങ്ങള്‍ സ്ഥാപിച്ചുകിട്ടാന്‍ പോരാടിയ ആ പഴയ ലീഗാണ്. പാര്‍ലമെന്റിനെ അവകാശപ്രഖ്യാപനത്തിന്റെയും സംരക്ഷണത്തിന്റെയും അങ്കണമാക്കി മാറ്റിയ ആ കാലത്തെയാണ്. അതു മനസ്സിലാക്കുകയും ആശയരൂപീകരണം നടത്തുകയും ചെയ്യുന്ന അടിമുടി അഴിച്ചുപണിത ലീഗാണു കാലത്തിന്റെ ആവശ്യം. ഈ സമയത്തെങ്കിലും അതിനുള്ള കാല്‍വെപ്പുകളാണു ആരംഭിക്കേണ്ടത്. ഒരു മുഖം മിനുക്കലുകൊണ്ട് ഭാവിയെ അഭിമുഖീകരിക്കാന്‍ ഇനിയുള്ള കാലം സാധ്യമല്ല.
Published by: Jayesh Krishnan
First published: May 5, 2021, 8:12 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories