• HOME
  • »
  • NEWS
  • »
  • kerala
  • »
  • സ്വർണക്കടത്ത് കേസ് ആവിയായി'; ഇടതു സർക്കാർ ഫാഷിസ്റ്റ് നയങ്ങൾ പിന്തുടരുന്നുവെന്ന് യൂത്ത് ലീഗ്

സ്വർണക്കടത്ത് കേസ് ആവിയായി'; ഇടതു സർക്കാർ ഫാഷിസ്റ്റ് നയങ്ങൾ പിന്തുടരുന്നുവെന്ന് യൂത്ത് ലീഗ്

സ്വർണക്കടത്ത് കേസും കൊടകര കുഴൽപ്പണക്കേസും വാലും തുമ്പുമില്ലാതെയാണ് സർക്കാർ കൈകാര്യം ചെയ്തത്. ബി.ജെ.പി-സി.പി.എം സഹകരണത്തിന്റെ രണ്ട് ദൃഷ്ടാന്തങ്ങളാണ് ഈ കേസുകൾ.

youth-league

youth-league

  • Last Updated :
  • Share this:
കോഴിക്കോട്: കേന്ദ്ര സർക്കാർ പിന്തുടരുന്ന ഫാഷിസ്റ്റ് നയങ്ങളെ ചാണിലും മുഴത്തിലും അനുകരിക്കുന്ന നിലപാടുമായാണ് കേരളം ഭരിക്കുന്ന ഇടത് സർക്കാർ മുന്നോട്ട് പോകുന്നതെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളുടെ യോഗം അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസ് കൈകാര്യം ചെയ്ത പ്രിൻസിപ്പൽ സെക്രട്ടറി മുഖ്യപ്രതികളിൽ ഒരാളായ സ്വർണ്ണക്കടത്ത് കേസ് ആവിയായപ്പോയത് കേരളം കണ്ടു. കൊടകര കുഴൽപ്പണക്കേസും വാലും തുമ്പുമില്ലാതെയാണ് സർക്കാർ കൈകാര്യം ചെയ്തത്. ബി.ജെ.പി-സി.പി.എം സഹകരണത്തിന്റെ രണ്ട് ദൃഷ്ടാന്തങ്ങളാണ് ഈ കേസുകൾ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് ഫലവും ഈ സഹകരണത്തിന്റെ ബാക്കിപത്രമാണ്.

അധികാരം ഉപയോഗിച്ച് ഫാഷിസം അടിച്ചേൽപിക്കുന്ന ഇടതു നയം വ്യക്തമാക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസം എം.ജി യൂണിവേഴ്‌സിറ്റിയിൽ അരങ്ങേറിയത്. എ.ഐ.എസ്.എഫ് സംസ്ഥാന ജോയന്റ് സെക്രട്ടറിയെ എസ്.എഫ്.ഐ ആക്രമിക്കുകയും ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തത് സെനറ്റ് തെരഞ്ഞെടുപ്പിൽ നോമിനേഷൻ നൽകിയതിനാണ്. സ്വാതന്ത്ര്യം, സോഷ്യലിസം, ജനാധിപത്യം എന്നീ വാക്കുകൾ ഉപയോഗിച്ചുകൊണ്ടാണ് ഈ ഫാസിസ്റ്റ് നടപടിയുമായി എസ്.എഫ്.ഐ മുന്നോട്ടുപോകുന്നത്. ഇതിനെതിരെ ശബ്ദമുയർത്താൻ കേരളത്തിലെ സാംസ്‌കാരിക നായകന്മാരൊന്നും രംഗത്തുവന്നില്ല എന്നത് ദൗർഭാഗ്യകരമാണ്.

കേന്ദ്ര സർക്കാർ നടപ്പാക്കുന്ന ജനദ്രോഹ നയങ്ങളിൽ യോഗം പ്രതിഷേധിച്ചു. മണ്ണിൽ പണിയെടുക്കുന്ന രാജ്യത്തെ കർഷകർ ദീർഘകാലമായി സമരത്തിലാണ്. അവരെ കേൾക്കാനോ അവരുടെ പ്രശ്നം പരിഹരിക്കാനോ ഉള്ള ജനാധിപത്യ മര്യാദ മോദി സർക്കാർ കാണിച്ചിട്ടില്ല. കർഷക വിരുദ്ധമായ പുതിയ നിയമങ്ങൾ തിരുത്തണമെന്ന് ആവശ്യപ്പെട്ടു സമരത്തെ ഉരുക്കുമുഷ്ടി ഉപയോഗിച്ചാണ് കേന്ദ്ര സർക്കാർ നേരിടുന്നത്. ലഖിംപൂരിൽ കേന്ദ്ര മന്ത്രിയുടെ മകൻ കർഷകരെ കാർ കയറ്റിക്കൊന്നത് സമരം ചെയ്യുന്ന കർഷകരോടുള്ള ബി.ജെ.പിയുടെ പക വ്യക്തമാക്കിയ സംഭവമാണ്. ദിനംപ്രതി വർധിപ്പിക്കുന്ന ഇന്ധനവില ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. യൂത്ത് ലീഗ് ഈ പ്രമേയം അവതരിപ്പിക്കുന്ന ഇന്നത്തെ ദിവസവും രാജ്യത്ത് ഇന്ധന വില വർധിപ്പിച്ചു. പതിവ് പരിപാടിയായതിനാൽ ഇതൊരു വാർത്തയല്ലാതായി മാറിയിരിക്കുന്നു. കേന്ദ്ര സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ ബഹുജന പ്രതിഷേധം ശക്തമാക്കാനും യോഗം തീരുമാനിച്ചു. മുസ്‌ലിംലീഗിനെതിരായ എല്ലാ അവിശുദ്ധ കൂട്ടുകെട്ടുകളെയും കുപ്രചാരണങ്ങളെയും ചെറുക്കാനും ശോഭനമായ ഭാവിയിലേക്ക് പ്രസ്ഥാനത്തെ നയിക്കാനും യൂത്ത് ലീഗ് സർവ്വാത്മനാ സന്നദ്ധമാണെന്നും പുതിയ കാലത്തെ അടയാളപ്പെടുത്തുന്ന പുതിയ കർമ പദ്ധതികളുമായി യൂത്ത് ലീഗ് മുന്നോട്ട് പോകുമെന്നും നേതാക്കൾ അറിയിച്ചു.

Also Read- '40 ലക്ഷം ജീവനുവേണ്ടിയാണ്; രാഷ്ട്രീയം മാറ്റിവച്ച് ശരിയായിട്ടുള്ളത് ചെയ്യേണ്ട സമയമാണ്'; ക്യാമ്പയിന് പൃഥ്വിരാജിന്റെ പിന്തുണ

യോഗത്തിൽ സംസ്ഥാന പ്രസിഡന്റ്‌ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ ഫിറോസ് സ്വാഗതവും ട്രഷറർ പി. ഇസ്മായിൽ നന്ദിയും പറഞ്ഞു. ഭാരവാഹികളായ മുജീബ് കാടേരി, ഫൈസൽ ബാഫഖി തങ്ങൾ, അഷ്‌റഫ്‌ എടനീർ, കെ. എ മാഹിൻ, സി.കെ മുഹമ്മദലി, അഡ്വ. നസീർ കാര്യറ, ഗഫൂർ കോൽക്കളത്തിൽ, ടി.പി.എം ജിഷാൻ പ്രസംഗിച്ചു.
Published by:Anuraj GR
First published: