#അനീഷ് അനിരുദ്ധന്
2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മലബാറിലെ ലീഗ് കോട്ടകള്‍ പിടിച്ചടക്കാന്‍ പയറ്റിയ അടവുനയം വിജയിച്ചെങ്കിലും പാര്‍ട്ടിക്ക് പുറത്തുനിന്നെത്തിയ എം.എല്‍.എമാര്‍ സി.പി.എമ്മിനു തലവേദനയാകുന്നു.
ലീഗ് സ്ഥാനാര്‍ഥികളെ തറപറ്റിച്ച് കെ.ടി ജലീല്‍, പി.ടി.എ റഹീം, കാരാട്ട് റസാഖ് എന്നിവരും നിലമ്പൂരിലെ കോൺഗ്രസ് കോട്ട തകർത്ത പി .വി അന്‍വറുമാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിന് അഭിമാന വിജയം സമ്മാനിച്ചത്. എന്നാല്‍ ഇവരെല്ലാം കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നയങ്ങളുമായി പൊരുത്തപ്പെടാനാകാത്ത വിവാദങ്ങളില്‍ കുളിച്ചു നില്‍ക്കുന്നതാണ് സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.
മുന്‍കാല രാഷ്ട്രീയ ബന്ധം നോക്കാതെ ഇടതു സ്ഥാനാര്‍ഥികളില്‍ ഏറിയപങ്കും വിജയിച്ചു കയറിയതോടെ ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയെപ്പോലും തറപറ്റിച്ച വേങ്ങരയില്‍ നിന്നുള്ള കെ.ടി ജലീലിനെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തു. എന്നാല്‍ ബന്ധുനിയമനം ഉള്‍പ്പെടെയുള്ള ആരോപണച്ചുഴിയില്‍പ്പെട്ട് നില്ക്കുന്ന മന്ത്രി കെ.ടി ജലീലിനു പിന്നാലെ കുന്ദമംഗലം എം.എല്‍.എ പി.ടി.എ റഹീമിന്റെ മകനും മരുമകനും ഹവാല ഇടപാടില്‍ പിടിക്കപ്പെട്ടതാണ് ഇപ്പോള്‍ സി.പി.എമ്മിന് നാണക്കേടുണ്ടാക്കിയിരിക്കുന്നത്.
റഹീമിന്റെ സാമ്പത്തിക സ്രോതസിനെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീംലീഗും രംഗത്തെത്തിയിട്ടുണ്ട്. എം.എല്‍.എ അല്ലല്ലോ മകനും മരുമകനും അല്ലേ എന്ന ന്യായവാദം നിരത്തി പ്രതിരോധിക്കാമെങ്കിലും സി.പി.എമ്മിന് രാഷ്ട്രീയമായി ഈ സംഭവം ഉണ്ടാക്കിയേക്കാവുന്ന ക്ഷീണം ചെറുതല്ല.
ബന്ധുവിനെ മാനദണ്ഡങ്ങള്‍ മറികടന്ന് ന്യൂനപക്ഷ ക്ഷേമ ധനകാര്യ കോര്‍പറേഷനില്‍ നിയമിച്ചെന്നതാണ് ജലീല്‍ നേരിടുന്ന ആരോപണം. ബന്ധുവായ അദീബ് രാജിവച്ചെങ്കിലും മുഖ്യമന്ത്രിയെയും മന്ത്രിസഭയെയും തെറ്റിദ്ധരിപ്പിച്ചാണ് നിയമനം നടത്തിയതെന്ന ആരോപണം ജലീലിനെ വിട്ടൊഴിഞ്ഞിട്ടില്ല. സര്‍വകലാശാലയ്ക്ക് ഓഫ് കാമ്പസ് അനുവദിച്ചതുള്‍പ്പെടെയുള്ള ആരോപണങ്ങളും ജലീലിനു മുകളില്‍ ഇപ്പോഴുമുണ്ട്. ബന്ധുനിയമനത്തിന് പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവായ ഇ.പി ജയരാജനെതിരെ നടപടി എടുത്തപ്പോഴും പാര്‍ട്ടി അംഗം പോലുമല്ലാത്ത ജലീലിനെ സംരക്ഷിക്കുന്നത് എന്തിനെന്നും സി.പി.എമ്മിന് അണികളെ ബോധ്യപ്പെടുത്തേണ്ടി വരും. മുന്‍കാല ലീഗ് നേതാവായിരുന്നു കെ.ടി ജലീല്‍.
അഴിമതി ആരോപണങ്ങളൊന്നും ഉയര്‍ന്നിട്ടില്ലെങ്കിലും കൊടുവള്ളി എം.എല്‍.എ കാരാട്ട് റസാഖിന്റെ പാര്‍ട്ടി ലൈനിനു വിരുദ്ധമായ ആഡംബര ജീവിതമാണ് സി.പി.എമ്മിന് തലവേദനയാകുന്നത്. സിപി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലൃഷ്ണനെപ്പോലും ഇത് പ്രതിക്കൂട്ടിലാക്കിയിട്ടുണ്ട്. ജനജാഗ്രതാ ജഥയ്ക്കെത്തിയ കോടിയേരിയെ ആഡംബരക്കാറില്‍ റസാഖ് സ്വീകരിച്ചാനയിച്ചതാണ് സി.പി.എമ്മിനു ക്ഷീണമായത്. മുസ്ലീലീഗ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറിയായിരുന്ന റസാഖിനെ സ്വതന്ത്രസ്ഥാനാര്‍ഥിയായാണ് സി.പി.എം രംഗത്തിറക്കി കൊടുവള്ളി പിടിച്ചെടുത്തത്.
കോണ്‍ഗ്രസിന്റെ കോട്ടയായിരുന്ന നിലമ്പൂര്‍ പിടിച്ചെടുക്കാനാണ് പി.വി അന്‍വര്‍ എന്ന വ്യവസായിയെ സി.പി.എം മത്സരരംഗത്തിറക്കിയത്. ആര്യാടന് മുഹമ്മദിന്റെ മകന് ആര്യാടന് ഷൗക്കത്തിനെ തളച്ച് അന്‍വര്‍ വിജയക്കൊടി പാറിച്ചെങ്കിലും വിവാദങ്ങളില്‍ നിന്നൊഴിയാത്തത് സി.പി.എമ്മിന് തലവേദനയായി. ഭൂമി കൈയ്യേറ്റവും പരിസ്ഥിതി ലോല പ്രദേശത്തെ വാട്ടര്‍ തീം പാര്ക്കുമൊക്കെയാണ് അന്‍വറിനെ വിവാദത്തിലാക്കിയത്. എം.എല്‍.എയ്ക്കെതിരെ സര്‍ക്കാരിന് കാര്യമായ നടപടികള്‍ എടുക്കാനാകാത്തത് സി.പി.എമ്മിനെയും പ്രതിക്കൂട്ടിലാക്കിയെന്നതില് സംശയമില്ല. അതേസമയം കോണ്‍ഗ്രസില്‍ നിന്നെത്തി താനൂരില്‍ ഇടതു ടിക്കറ്റില്‍ ജയിച്ചു കയറിയ അബ്ദു റഹ്മാന് മാത്രമാണ് സി.പി.എമ്മിന് പേരുദോഷമുണ്ടാക്കാത്ത മലബാറിലെ ഏക ഇടത് സ്വതന്ത്ര എം.എല്‍.എ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cpm, Kart razak, Pta rahim, Pv anavar, കെടി ജലീൽ, പിടിഎ റഹീം, പിവി അൻവർ