• HOME
 • »
 • NEWS
 • »
 • kerala
 • »
 • CITU | 'ഞങ്ങള്‍ കൂടി പ്രവര്‍ത്തിച്ചിട്ടാണ് ആന്‍റണി രാജു മന്ത്രി ആയത്' : സിഐടിയു

CITU | 'ഞങ്ങള്‍ കൂടി പ്രവര്‍ത്തിച്ചിട്ടാണ് ആന്‍റണി രാജു മന്ത്രി ആയത്' : സിഐടിയു

ഏപ്രില്‍ പാതിപിന്നിട്ടും ഇതുവരെ മാര്‍ച്ച് മാസത്തെ ശമ്പളം നല്‍കാന്‍ മാനേജ്മെന്‍റിന് കഴിഞ്ഞിട്ടില്ല

 • Share this:
  തിരുവനന്തപുരം: ഗതാഗത മന്ത്രി ആന്‍റണി രാജുവിനെതിരെ രൂക്ഷ വിമര്‍ശവുമായി ഇടത് തൊഴിലാളി സംഘടനായായ സിഐടിയു. വിഷുവും ഈസ്റ്ററും ആയിട്ടും കെഎസ്ആര്‍ടിസിയില്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തതിനെതിരെ സമരവുമായി സിഐടിയു രംഗത്തുണ്ട്. ‘തങ്ങൾ കൂടി പ്രവർത്തിച്ചിട്ടാണ് ആന്‍റണി രാജു മന്ത്രിയായത്. അധികാരം കിട്ടിയപ്പോൾ മന്ത്രി ജീവനക്കാർക്ക് എതിരെ രംഗത്തു വരികയാണ്’ കെഎസ്ആർടിഇഎ(സിഐടിയു) സംസ്ഥാന സെക്രട്ടറി ശാന്തകുമാർ മാധ്യമങ്ങളോടു പറഞ്ഞു.

  അധികാരം എന്നുമുണ്ടാകില്ല. ശമ്പളം നൽകാൻ കഴിവില്ലെങ്കിൽ സിഎംഡി ബിജു പ്രഭാകർ രാജിവയ്ക്കണമെന്നും ശാന്തകുമാർ പറഞ്ഞു.

  അതേസമയം, കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധി പരിഹരിക്കാന്‍ വീണ്ടും സര്‍ക്കാര്‍ സഹായം തേടാന്‍ മാനേജ്മെന്റ് തീരുമാനിച്ചു. 45 കോടി കൂടി ഉടന്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ധനവകുപ്പിന് അപേക്ഷ നല്‍കും. ശമ്പളം ഇന്ന് മുതല്‍ ഗഡുക്കളായി നല്‍കാനും ആലോചന.  സി.ഐ.ടി.യുവിന് പിന്നാലെ എഐടിയുസിയും ബി.എം.എസും ഇന്ന് മുതല്‍ പ്രത്യക്ഷ സമരം ആരംഭിച്ചു.

  Also Read- 'കൃത്യമായ അജണ്ടയോടുകൂടി തെറ്റായ വാർത്തകളും ഡീ ഗ്രേഡിംഗും നടത്തി ബുദ്ധിമുട്ടിപ്പിച്ചവർക്ക് നന്ദി'

  മാര്‍ച്ച് മാസത്തെ ശമ്പളത്തിനായി ജീവനക്കാര്‍ കാത്തിരിക്കാന്‍ തുടങ്ങിയിട്ട് 47 ദിവസമായി. ഏപ്രില്‍ പാതിപിന്നിട്ടും ഇതുവരെ ശമ്പളം നല്‍കാന്‍ മാനേജ്മെന്‍റിന് കഴിഞ്ഞിട്ടില്ല. പിണറായി വിജയന്‍ സര്‍ക്കാരിന്റെ കാലത്ത് ആദ്യമായാണ് ശമ്പളത്തിന് വേണ്ടി ഇടത് യൂണിയന്‍ തന്നെ സമരത്തിനിറങ്ങുന്നത്. വികസനം പറയുന്ന സര്‍ക്കാരിന് ഇത് വലിയ നാണക്കേടായതോടെയാണ് ഏത് വിധേനയും പ്രതിസന്ധി പരിഹരിക്കാനുള്ള തിരക്കിട്ട ശ്രമങ്ങള്‍ വകുപ്പ് തലത്തില്‍ നടക്കുന്നത്.

  മുപ്പത് കോടി സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെങ്കിലും 75 കോടിയുണ്ടെങ്കിലെ ശമ്പളം നല്‍കാന്‍ കഴിയു. അതുകൂടി ഉടന്‍ തരണമെന്നാണ് കെ.എസ്.ആര്‍.ടി.സി മാനേജ്മെന്റ് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നത്. സര്‍ക്കാര്‍ അനുവദിച്ച മുപ്പത് കോടി ഇന്ന് കെ.എസ്.ആര്‍.ടി.സിയുടെ അക്കൗണ്ടിലെത്തും. അതുപയോഗിച്ച് ഗഡുക്കളായി ശമ്പളം നല്‍കാനും ആലോചനയുണ്ട്. അതേസമയം മാനേജ്മെന്റിനെതിരെ ഇടത് യൂണിയന്‍ സമരം കടുപ്പിക്കുകയാണ്.

  ശമ്പളമില്ല; വിഷുവിന് മണ്ണ് സദ്യ വിളമ്പി KSRTC ജീവനക്കാരുടെ പ്രതിഷേധം


  കൊച്ചി: വിഷുവായിട്ടും കെഎസ്ആർടിസി ജീവനക്കാർക്ക് മാർച്ചിലെ ശമ്പളം നൽകാത്തതിൽ പരസ്യ പ്രതിഷേധവുമായി കെ എസ് ടി എംപ്ലോയീസ് സംഘ് (ബിഎംഎസ്). ശമ്പളം നൽകാത്ത സംസ്ഥാന സർക്കാറിനെതിരെ മണ്ണ് സദ്യ വിളമ്പിയാണ് എംപ്ലോയീസ് സംഘ് അംഗങ്ങൾ പ്രതിഷേധിച്ചത്. ആലുവ ഡിപ്പോയിൽ ആലുവ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

  Also Read- 'Swift സർവീസ് ഫലം കണ്ടുതുടങ്ങി; സ്വകാര്യ ബസുകൾ നിരക്ക് കുറക്കുന്നു': തെളിവുനിരത്തി KSRTC

  കെഎസ്ആർടിസി ജീവനക്കാർക്ക് വിഷുവായിട്ടും മാർച്ചിലെ ശമ്പളം നൽകിയിരുന്നില്ല. ശമ്പളം നൽകാന്‍ ധനവകുപ്പ് 30 കോടി രൂപ അനുവദിച്ചെങ്കിലും വിതരണം നടന്നില്ല. അവധിയായതിനാൽ അക്കൗണ്ടിലേക്ക് പണം എത്താത്തതാണ് പ്രതിസന്ധിയായത്.

  ഇതിനിടെ സർക്കാരിനെ പ്രതിരോധത്തിലാക്കി കെഎസ്ആർടിസിയിലെ ഇടത് യൂണിയനുകൾ കൂടി പ്രത്യക്ഷ സമരത്തിന് ഇറങ്ങിയിട്ടുണ്ട്. മാനേജ്മെന്‍റിനെയും സിഎംഡിയെയും പിരിച്ചു വിടണമെന്ന് റിലേ നിരാഹാരം തുടങ്ങിയ സിഐടിയു ആവശ്യപ്പെട്ടു.

  കൂടാതെ, വാഗ്ദാനലംഘനത്തിനെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഏപ്രിൽ 28ന് സൂചനാ പണിമുടക്കിന് ആഹ്വാനവും നൽകിയിട്ടുണ്ട്. ജോലി ചെയ്ത ശമ്പളം വിഷുവായിട്ടും കിട്ടില്ലെന്ന് ഉറപ്പായതോടെയാണ് ഐഎൻടിയുസി, ബിഎംഎസ് യൂണിയനുകൾക്ക് പിന്നാലെ ഇടത് സംഘടനകളും പ്രത്യക്ഷ സമരത്തിനിറങ്ങിയത്.

  ശമ്പളവും കുടിശ്ശികയും നൽകാൻ 87 കോടിരൂപ വേണമെന്നിരിക്കെ 30 കോടി രൂപ ഒന്നിനും തികയില്ലെന്നാണ് കെഎസ്ആർടിസി അധികൃതർ പറയുന്നത്. കഴിഞ്ഞ മാസം 50 കോടി രൂപ ഓവർഡ്രാഫ്റ്റ് എടുത്താണ് ശമ്പളം വിതരണം ചെയ്തത്. ഈ ഇനത്തിൽ 1.25 കോടി രൂപ സ്വകാര്യ ബാങ്കിൽ തിരിച്ചടവുണ്ട്.
  Published by:Arun krishna
  First published: