• HOME
  • »
  • NEWS
  • »
  • kerala
  • »
  • ഓഫീസ് തുറക്കാം ; നിയമോപദേശം ചെയർപേഴ്സണിന് അനുകൂലമെന്ന് സൂചന

ഓഫീസ് തുറക്കാം ; നിയമോപദേശം ചെയർപേഴ്സണിന് അനുകൂലമെന്ന് സൂചന

ചെയര്‍പേഴ്‌സണ്‍ ഓഫീസിനകത്ത് കയറുന്നത് തടയാന്‍ സെക്രട്ടറിക്ക് അവകാശമില്ലെന്ന് നിയമോപദേശം ലഭിച്ചതായാണ് വിവരം

തൃക്കാക്കര മുനിസിപ്പൽ ചെയർ പേഴ്സൺ അജിത തങ്കപ്പൻ

തൃക്കാക്കര മുനിസിപ്പൽ ചെയർ പേഴ്സൺ അജിത തങ്കപ്പൻ

  • Last Updated :
  • Share this:
തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണിന്റെ ഓഫീസ് പൂട്ടിയ സംഭവത്തില്‍ നിയമോപദേശം അജിത തങ്കപ്പന് അനുകൂലമെന്ന് സൂചന. ഓഫീസ് പൂട്ടാന്‍ നഗരസഭാ സെക്രട്ടറിക്ക് അധികാരമില്ല. സ്ഥാവര ജംഗമ വസ്തുക്കളുടെ സംരക്ഷണം മാത്രമാണ് സെക്രട്ടറിയുടെ ഉത്തരവാദിത്വം. ചെയര്‍പേഴ്‌സണ്‍ ഓഫീസിനകത്ത് കയറുന്നത് തടയാന്‍ സെക്രട്ടറിക്ക് അവകാശമില്ലെന്ന് നിയമോപദേശം ലഭിച്ചതായാണ് വിവരം.

പണക്കിഴി വിവാദത്തില്‍ വിജിലന്‍സ് സംഘം തെളിവെടുപ്പിന് എത്തിയതിന് പിന്നാലെയായിരുന്നു ഓഫീസ് പൂട്ടി ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍ പുറത്തു പോയത്. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഈ ദൃശ്യങ്ങള്‍ വിജിലന്‍സിന് വീണ്ടെടുക്കാനായത്. വിജിലന്‍സ് സംഘം പിന്നാലെ നഗരസഭാ സെക്രട്ടറി കൃഷ്ണകുമാര്‍ ഓഫീസ് പൂട്ടി സീല്‍ വച്ചിരുന്നു. വിജിലന്‍സ് സംഘത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി എന്നായിരുന്നു സെക്രട്ടറി നല്‍കിയ വിശദീകരണം. നിര്‍ണായകമായ തെളിവുകള്‍ നഷ്ടപ്പെടാതിരിക്കാന്‍ നടപടി സ്വീകരിച്ചതെന്നും നഗരസഭാ സെക്രട്ടറി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ഒരു നിര്‍ദ്ദേശവും നല്‍കിയിട്ടില്ലെന്ന് ആയിരുന്നു വിജിലന്‍സ് വൃത്തങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.

പണക്കിഴി വിവാദത്തില്‍ തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന് എതിരായ ആരോപണത്തില്‍ കഴമ്പുണ്ടെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. സിസി ടിവി ക്യാമറ ദൃശ്യങ്ങളും കൗണ്‍സിലര്‍മാരുടെ മൊഴിയും പരിശോധിച്ചശേഷമാണ് അന്വേഷണസംഘം ഈ നിഗമനത്തിലെത്തിയത്. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് വിജിലന്‍സ് എസ്പിക്ക് കൈമാറി. ചെയര്‍പേഴ്‌സണിന് എതിരെ കേസെടുക്കണമോയെന്ന കാര്യത്തില്‍ വിജിലന്‍സ് ഡയറക്ടറാവും അന്തിമ തീരുമാനം എടുക്കുക

ഓണസമ്മാനമായി തൃക്കാക്കര നഗരസഭാ ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍ കൗണ്‍സിലര്‍മാര്‍ക്ക് 10,000 രൂപ വീതം നല്‍കിയെന്നായിരുന്നു പരാതി. വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിനെക്കുറിച്ച് അന്വേഷിച്ചത്. പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് പരാതിയില്‍ കഴമ്പുണ്ടെന്ന നിഗമനത്തില്‍ എത്തിയിരിക്കുന്നത്.

ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ എത്തിയിരുന്നെങ്കിലും അജിത തങ്കപ്പന്‍ ഓഫീസ് പൂട്ടി പോയിരുന്നു. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ദൃശ്യങ്ങള്‍ വിജിലന്‍സിന് വീണ്ടെടുക്കാനായത്. കവറുമായി കൗണ്‍സിലര്‍മാര്‍ ചെയര്‍പേഴ്‌സണിന്റെ ഓഫീസില്‍നിന്ന് മടങ്ങുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്. പണം ലഭിച്ചിരുന്നുവെന്ന് ചില കൗണ്‍സിലര്‍മാര്‍ മൊഴി നല്‍കുകയും ചെയ്തിരുന്നു. പണം നല്‍കിയിട്ടില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് അജിത തങ്കപ്പന്‍. തനിക്കെതിരെ നടക്കുന്നത് ഗൂഢാലോചനയാണെന്നും അജിത തങ്കപ്പന്‍ ആവര്‍ത്തിക്കുന്നു.

വിജിലന്‍സിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്ന സാഹചര്യത്തില്‍ ചെയര്‍പേഴ്‌സണിന്റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ സമരം ശക്തമാക്കി. ഇടത് വനിതാ സംഘടനകളുടെ നേതൃത്വത്തില്‍ നഗരസഭാ ഓഫീസിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. ബിജെപിയുടെ അനിശ്ചിതകാല സമരവും തുടരുകയാണ്. അതേസമയം രാജി വേണമെന്ന പ്രതിപക്ഷ ആവശ്യത്തെ കോണ്‍ഗ്രസും തള്ളുകയാണ്. വിജിലന്‍സ് അന്വേഷണം രാഷ്ട്രീയപ്രേരിതമാണെന്ന് ടി ജെ വിനോദ് പറഞ്ഞു. പണക്കിഴി വിവാദത്തില്‍ ഡി സി സി നടത്തിയ അന്വേഷണത്തില്‍ അജിത തങ്കപ്പന് അനുകൂലമായിരുന്നു റിപ്പോര്‍ട്ട്
Published by:Karthika M
First published: