കൊച്ചി: സ്വവർഗ പങ്കാളിയെ വീട്ടുകാര്‍ തട്ടിക്കൊണ്ടു പോയെന്ന് പരാതി നല്‍കിയ ആദില നസ്രിന്‍റെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആദിലയെ മർദ്ദിച്ചെന്ന പരാതിയിലാണ് മുപ്പതടം സ്വദേശി മുഹമ്മദാലിയെ ബിനാനിപുരം പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. പങ്കാളിയായ കോഴിക്കോട് സ്വദേശിനി ഫാത്തിമ നൂറയെ ബന്ധുക്കള്‍ തട്ടിക്കൊണ്ടു പോയെന്ന് ആരോപിച്ച് ആദില പൊലീസില്‍ പരാതി നല്‍കിയിരുന്നു. പൊലീസ് നടപടി സ്വീകരിക്കാത്തതിനെ തുടര്‍ന്നാണ് ആദില ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കിയത്. ഹർജി പരിഗണിച്ച ഹൈക്കോടതി പെണ്‍കുട്ടികള്‍ക്ക് ഒരുമിച്ച് താമസിക്കാന്‍ അനുമതി നല്‍കി. ബന്ധുക്കള്‍ കൊണ്ടുപോയ ഫാത്തിമ നൂറയെ ആദിലയ്ക്കൊപ്പം വിട്ടയയ്ക്കാൻ കോടതി അനുമതി നൽകി.
വീട്ടുകാർ തടഞ്ഞുവെച്ചിരിക്കുന്ന പങ്കാളിയെ മോചിപ്പിച്ച് ഒപ്പം ജീവിക്കാൻ അനുവദിക്കണമെന്നാണ് ഹർജിയിൽ ആദില ആവശ്യപ്പെട്ടത്. സൗദി അറേബ്യയിൽ സ്കൂൾ പഠനകാലത്താണ് ആദിലയും താമശേരി സ്വദേശിയായ ഫാത്തിമ നൂറയും ഇഷ്ടത്തിലായത്. പിന്നീട് ഇരുവരും ഒരുമിച്ച് ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു.
എന്നാൽ വിവരം അറിഞ്ഞ വീട്ടുകാർ കടുത്ത എതിർപ്പുമായി രംഗത്തെത്തി. നാട്ടിലെത്തിയ ശേഷവും ഇരുവരും തമ്മിലുള്ള അടുപ്പം തുടർന്നു. ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ച ഇരുവരും വീട് വിട്ടിറങ്ങുകയും കോഴിക്കോട് ഒരു സംരക്ഷണ കേന്ദ്രത്തിൽ താമസിക്കുകയുമായിരുന്നു. അതിനിടെയാണ് ഫാത്തിമ നൂറയെ വീട്ടുകാർ ബലംപ്രയോഗിച്ച് വീട്ടിലേക്ക് കൊണ്ടുപോയത്. ഇതിനുശേഷം ഫോൺ പിടിച്ചുവാങ്ങി വെക്കുകയും മുറിയിൽ പൂട്ടിയിടുകയായിരുന്നു. ഇതോടെയാണ് ആദില നസ്രിൻ ഹേബിയസ് കോർപ്പസ് ഹർജിയുമായി കോടതിയെ സമീപിച്ചത്. സുപ്രീം കോടതി വിധി അനുസരിച്ച് തങ്ങൾക്ക് ഒരുമിച്ച് ജീവിക്കാമെന്നാണ് ആദില ഹൈക്കോടതിയിൽ വാദിച്ചത്.
വിഷു ബംപർ പത്തുകോടി സമ്മാനം ലഭിച്ച ടിക്കറ്റുമായി എത്തി; രേഖകളില്ലാത്തതിനാൽ ടിക്കറ്റ് സ്വീകരിക്കാതെ അധികൃതർ
തിരുവനന്തപുരം: വിഷു ബംപര്‍ ഭാഗ്യക്കുറി നറുക്കെടുപ്പില്‍ ഒന്നാം സമ്മാനമായ പത്തുകോടി രൂപക്ക് അര്‍ഹമായ ആളെ കണ്ടെത്താനായില്ലെന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം, ഒന്നാം സമ്മാനം ലഭിച്ച ടിക്കറ്റുമായി രണ്ട് തമിഴ്നാട് സ്വദേശികൾ ലോട്ടറി ഡയറക്ട്രേറ്റിൽ എത്തിയെങ്കിലും അവരുടെ ടിക്കറ്റ് സ്വീകരിക്കാൻ അധികൃതർ തയ്യാറായില്ല. കന്യാകുമാരിക്കടുത്ത് മണവാളക്കുറിച്ചി സ്വദേശികളായ ഡോ. പ്രദീപ് കുമാറും ബന്ധു രമേശനുമാണ് തിരുവനന്തപുരത്ത് ലോട്ടറി ഡയറക്ട്രേറ്റിൽ എത്തിയത്. എന്നാൽ കേരളത്തിനു പുറത്തുള്ളവര്‍ ലോട്ടറി സമ്മാനത്തിനായി അവകാശവാദം ഉന്നയിക്കുമ്പോള്‍ ടിക്കറ്റിനും തിരിച്ചറിയല്‍ രേഖകള്‍ക്കുമൊപ്പം നോട്ടറിയുടെ ഒപ്പും, പേരും സീലും, ഉദ്യോഗപ്പേരും നോട്ടറി സ്റ്റാമ്ബും സമര്‍പ്പിക്കണമെന്നാണ് വ്യവസ്ഥ. ഇത് ഇല്ലാത്തതിനാലാണ് അധികൃതർ ടിക്കറ്റ് സ്വീകരിക്കാതിരുന്നത്.
കൂടാതെ തിരിച്ചറിയല്‍ രേഖകള്‍ക്കൊപ്പം ടിക്കറ്റ് എടുത്ത സമയത്ത് കേരളത്തില്‍ വരാനുള്ള സാഹചര്യം വിശദീകരിച്ചുള്ള കത്തോ, കേരള സര്‍ക്കാര്‍ നല്‍കിയ തിരിച്ചറിയല്‍ രേഖയോകൂടി ഹാജരാക്കേണ്ടതുണ്ട്. ലോട്ടറി ടിക്കറ്റ് 90 ദിവസത്തിനുള്ളില്‍ ഹാജരാക്കിയാല്‍ മതിയാകുമെന്ന് അധികൃതർ ഇവരോട് പറഞ്ഞു.
ഈ മാസം 15ന് രാവിലെ വിദേശത്തുനിന്ന് വന്ന രമേശന്റെ ബന്ധുവിനെ വിളിക്കാന്‍ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയപ്പോള്‍ രാവിലെ അഞ്ചരക്കും ആറിനും ഇടയ്ക്കാണ് ലോട്ടറിയെടുത്തതെന്ന് ഡോ. പ്രദീപ് മാധ്യമങ്ങളോട് പറഞ്ഞു. നറുക്കെടുപ്പിനുശേഷം രണ്ടു ദിവസം കഴിഞ്ഞ് പത്രം നോക്കിയപ്പോഴാണ് സമ്മാനം ലഭിച്ചതറിഞ്ഞത്. ഒരു മരണവും ആരോഗ്യപ്രശ്നങ്ങളും കാരണമാണ് സമ്മാനം ലഭിച്ച ടിക്കറ്റുമായി കേരളത്തിലേക്ക് എത്താൻ വൈകിയത്. സ്ഥിരമായി ലോട്ടറി ടിക്കറ്റ് എടുക്കാറുണ്ടെന്നും ഡോ. പ്രദീപ് പറഞ്ഞു. എപ്പോഴും രമേശനുമായി ചേര്‍ന്നാണ് ഡോ. പ്രദീപ് ലോട്ടറി എടുക്കാറുള്ളത്. ചെറിയ സമ്മാനങ്ങളൊക്കെ ലഭിച്ചിട്ടുണ്ടെന്നും ഡോ. പ്രദീപ് പറഞ്ഞു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.