ഒട്ടും പ്രതീക്ഷിക്കാതെ നമ്മെ തേടിയെത്തുന്ന ചില കാര്യങ്ങള്‍ പറഞ്ഞറിയിക്കുന്നതിലുമപ്പുറം വളരെ വലയ സന്തോഷമാണ് നമുക്ക് സമ്മാനിക്കാറ്. അത്തരത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ (Kozhikode Medical College) രോഗികള്‍ക്കും കൂട്ടിരപ്പുകാര്ക്കും കിട്ടിയ സ്നേഹപ്പൊതിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ശ്രദ്ധ പിടിച്ചു പറ്റുന്നത്.
കഴിഞ്ഞ ദിവസം DYFI കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും പതിവ് തെറ്റാതെ വിതരണം ചെയ്യുന്ന ഉച്ചഭക്ഷണത്തില്‍ (Lunch Packet), കണ്ണില്‍ ഈറനും മനസ്സില്‍ സ്നേഹവും നിറയ്ക്കുന്ന കത്തും കുറച്ച് പണവും ഉണ്ടായിരുന്നു. ഉച്ചഭക്ഷണം കഴിക്കാനായി തുറന്ന യുവാവ് സ്നേഹപ്പൊതിയിലെ കത്ത് ഡിവൈഎഫ്ഐ പ്രവത്തകര്ക്ക് കാണിച്ചുകൊടുത്തപ്പോഴാണ് എല്ലാവരും ഇതറിയുന്നത്.
പേരോ, ഫോണ്‍ നമ്പറോ തുടങ്ങി ഒരു വിവരങ്ങളും ഈ കത്തിലില്ലെങ്കിലും ഉള്ള് നിറയുന്ന വാക്കുകളും കുറച്ച് പണവുമുണ്ട്. മകളുടെ പിറന്നാള്‍ ദിവസമാണ് ഇന്നെന്നും നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ ഞങ്ങളെയും ഉള്‍പ്പെടുത്തണമെന്നുമാണ് ആ കുറിപ്പിലുണ്ടായിരുന്ന വാക്കുകള്‍. ഒപ്പം നല്കിയ പണം കൊണ്ട് ഒരു നേരത്തേ മരുന്ന് വാങ്ങാന്‍ കഴിയുമെങ്കില്‍ നന്നായിരുന്നുവെന്നും കത്തില്‍ കുറിച്ചിരിക്കുന്നു.
ആളെ കണ്ടെത്താന്‍ ശ്രമം നടത്തിയെങ്കിലു ഇതുവരെയും കണ്ടെത്താനായിട്ടില്ല. സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ഈ കത്ത് പ്രചരിക്കുന്നുണ്ട്. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഫേസ്ബുക്ക് പേജിലൂടെ ഈ കത്ത് പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്.
കുറിപ്പിലെ വാക്കുകള്‍
''അറിയപ്പെടാത്ത സഹോദര, സഹോദരി ഒരു നേരത്തെ ഭക്ഷണം തരാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷമുണ്ട്. നിങ്ങളുടെയോ ബന്ധുവിന്റെയോ അസുഖം പെട്ടന്ന് ഭേദമാവാന്‍ ഞങ്ങള്‍ പ്രാര്‍ത്ഥിക്കും. നിങ്ങളുടെ പ്രാര്‍ത്ഥനയില്‍ ഞങ്ങളെയും ഉള്‍പ്പെടുത്തണേ. ഈ തുക കൊണ്ട് നിങ്ങള്‍ക്ക് ഒരു നേരത്തെ മരുന്ന് വാങ്ങാന്‍ കഴിയുമെങ്കില്‍ നന്നായിരുന്നു. ഇന്നെന്റെ മകളുടെ പിറന്നാള്‍ ആണ്.''
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Dyfi, Food, KOzhikode medical college, Lunch, Social Media post