തിരുവനന്തപുരം: ലൈഫ് മിഷൻ കോഴക്കേസിൽ എം ശിവശങ്കറിനെ വെട്ടിലാക്കി ലൈഫ് മിഷൻ മുൻ സിഇഒ യു വി ജോസിന്റെ മൊഴി. ലൈഫ് മിഷൻ ഭവന പദ്ധതിയുടെ രേഖകൾ തയ്യാറക്കിയത് എം ശിവശങ്കർ ആണെന്ന് യുവി ജോസ് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് മൊഴി നൽകി. സാമ്പത്തിക ഇടപാടുകളിൽ പങ്കില്ലെന്നും യു.വി ജോസ് വ്യക്തമാക്കി.
ലൈഫ് മിഷൻ കോഴക്കേസിൽ ചോദ്യം ചെയ്യലിനോട് നിസ്സഹകരണം തുടരുമ്പോഴും എം ശിവശങ്കറിനെ കുരുക്കുന്നതാണ് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റിന് പുതിയതായി ലഭിക്കുന്ന ഓരോ മൊഴികളും. നിർമാണ കമ്പനിയായ യുണിടാക്കിന് കരാർ ലഭിക്കാൻ ശിവശങ്കർ ഇടപെടൽ നടത്തിയെന്നാണ് ലൈഫ് മിഷൻ മുൻ സി ഇ ഒ യു വി ജോസിന്റെ മൊഴി.
ഭവന പദ്ധതിയുടെ രേഖകൾ എല്ലാം തയ്യാറാക്കി നൽകിയത് ശിവശങ്കറാണ്. കരാറിൽ ഒപ്പിടുക മാത്രമേ താൻ ചെയ്തിട്ടുള്ളൂ. സാമ്പത്തിക ഇടപാടിൽ പങ്കില്ലെന്നും പദ്ധതിക്ക് പിന്നിൽ കോഴ ഇടപാട് നടന്നിട്ടുണ്ടോ എന്ന് അറിയില്ലെന്നുമാണ് യു വി ജോസ് നൽകിയ മൊഴി. യൂണിടാക്കുമായി ഉണ്ടാക്കിയ കരാറിന്റെ രേഖകൾ ഹാജരാക്കാനും യു വി ജോസിനോട് അന്വേഷണ സംഘം നിർദ്ദേശിച്ചിരുന്നു.
കരാർ രേഖകൾ യു വി ജോസിന് ഹാജരാക്കാനായില്ല. വിരമിച്ചിട്ട് രണ്ട് വർഷമായെന്നും തന്റെ കൈശം രേഖകൾ ഇല്ലെന്നുമാണ് മറുപടി. അതേസമയം ഭവന പദ്ധതിയുടെ കരാർ രേഖകൾ ലഭിയ്ക്കാത്തത് അന്വേഷണ സംഘത്തെ വലയ്ക്കുന്നുണ്ട്.
ലൈഫ് മിഷൻ പദ്ധതിയിൽ ആരോപണം ഉണ്ടായപ്പോൾ സംസ്ഥാന സർക്കാർ വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. രേഖകൾ വിജിലൻസിന്റെ കെെവശമാണ് ഇപ്പോഴുള്ളത്. അതേസമയം ശിവശങ്കറിന്റെ ചോദ്യം ചെയ്യൽ നാലാം ദിവസവും തുടരുകയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.