സ്ത്രീകൾ സ്കൂളിൽ പോകുന്നത് പോലും അപൂർവ്വമായ കാലത്ത് നിയമബിരുദം നേടിയ 'ഗൗരി'; പേര് തന്നെ സമരചരിത്രമായ കെ.ആർ ഗൗരിയമ്മ
സ്ത്രീകൾ സ്കൂളിൽ പോകുന്നത് പോലും അപൂർവ്വമായ കാലത്ത് നിയമബിരുദം നേടിയ 'ഗൗരി'; പേര് തന്നെ സമരചരിത്രമായ കെ.ആർ ഗൗരിയമ്മ
ഈഴവ സമുദായത്തിൽ നിന്ന് എംഎ പാസായ ആദ്യ വനിതയുടെ പേര് ഗൗരി എന്നായിരുന്നു. സ്വർണമെഡലോടെ പാസായ ഗൗരിയുടെ വാർത്തയറിഞ്ഞ് രാമനും പാർവതിയും ചേർന്ന് തീരുമാനിച്ചതാണ് സ്വന്തം മകൾക്കും ആ പേര്.
മകൾക്ക് ഉന്നത വിദ്യാഭ്യാസം നൽകണമെന്ന ഒരച്ഛന്റേയും അമ്മയുടേയും ആഗ്രഹമാണ് 1948ൽ ഗൗരിയമ്മയെ നിയമബിരുദധാരിയാക്കിയത്. സ്ത്രീകൾ സ്കൂളിൽപോലും പോകുന്നത് അപൂർവമായിരുന്ന കാലത്താണ് ഗൗരിയമ്മ നിയമ ബിരുദം നേടിയത്. ചേർത്തല പട്ടണക്കാട് അന്ധകാരനഴിയിൽ കളത്തിപ്പറമ്പിൽ കെ എ രാമൻ, പാർവതിയമ്മ എന്നിവരുടെ മകളായി 1919 ജൂലൈ 14നായിരുന്നു ഗൗരിയമ്മ ജനിച്ചത്. തിരൂർ, ചേർത്തല എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. എറണാകുളം മഹാരാജാസ് കോളേജിൽ നിന്നും ബിരുദവും തുടർന്ന് എറണാകുളം ലോ കോളേജിൽ നിന്ന് നിയമബിരുദവും കരസ്ഥമാക്കി.
ഗൗരി എന്ന പേരു തന്നെ ഒരു സമരചരിത്രമാണ്. ഒരു മിടുക്കിയായ വനിതയ്ക്കുള്ള ആദരമായാണ് കെ. എ രാമനും ഭാര്യ പാർവതിയും മകൾക്ക് ഗൗരി എന്ന പേര് നൽകിയത്. ഈഴവ സമുദായത്തിൽ നിന്ന് എംഎ പാസായ ആദ്യ വനിതയുടെ പേര് ഗൗരി എന്നായിരുന്നു. സ്വർണമെഡലോടെ പാസായ ഗൗരിയുടെ വാർത്തയറിഞ്ഞ് രാമനും പാർവതിയും ചേർന്ന് തീരുമാനിച്ചതാണ് സ്വന്തം മകൾക്കും ആ പേര്. ഗൗരിയമ്മ ജനിച്ച അതേ വർഷമായിരുന്നു പിന്നീട് ഗൗരി ശങ്കുണ്ണി എന്ന് അറിയപ്പെട്ട ആ യുവതി എംഎയ്ക്ക് സ്വർണമെഡൽ നേടിയത്.
ഗൗരി പോയവഴികളുടെ ആവേശത്തിൽ മകൾക്ക് സാധിക്കാവുന്നത്ര പഠിക്കാൻ വഴിയൊരുക്കി രാമനും പാർവതിയും. വിദ്യാർഥി ആയിരിക്കുമ്പോൾ മുതൽ തന്നെ രാഷ്ട്രീയത്തിൽ സജീവമായിരുന്ന ഗൗരി, പഠിത്തം കഴിഞ്ഞെത്തി നേരേ പോയത് സമരമുഖങ്ങളിലേക്കാണ്. കെ. ആർ ഗൗരിയമ്മയും റോസമ്മ പുന്നൂസും കൂത്താട്ടുകുളം മേരിയും സുശീലാ ഗോപാലനുമെല്ലാം നയിച്ച സമരങ്ങൾ. അമ്പലപ്പുഴ താലൂക്ക് കയറുപിരി സംഘത്തിൽ തുടങ്ങിയതാണ് ആ യാത്ര.
വിവാഹം:
പുന്നപ്ര-വയലാര്‍ സമരനായകനായ ടി.വി. തോമസിനെ ഗൗരിയമ്മ ആദ്യം കാണുന്നത് സ്വന്തം വീട്ടുമുറ്റത്ത് വച്ചാണ്. 1957-ല്‍ ഒന്നാം ഐക്യകേരള മന്ത്രിസഭയില്‍ ഇരുവരും മന്ത്രിമാരുമായി. 1957 മേയ് 30ന് ഗൗരിയമ്മയുടെ ഔദ്യോഗിക വസതിയായ സാനഡുവിൽ ആയിരുന്നു സംസ്ഥാനത്തെ ആദ്യമന്ത്രിക്കല്യാണം. മന്ത്രിമാർ തമ്മിലുള്ള വിവാഹം അതിനു മുൻപോ ശേഷമോ കേരളത്തിൽ ഉണ്ടായിട്ടില്ല. താലി എടുത്തു നൽകിയത് മുഖ്യമന്ത്രി ഇ.എംഎസ്. രണ്ടുമന്ത്രിമാരും രണ്ടു വീടുകളിൽ ആയിരുന്നു. ഇരുവീടുകൾക്കും ഇടയിലെ മതിലിൽ ഒരു ഗേറ്റ് വച്ചു. അതായിരുന്നു ദാമ്പത്യജീവിതത്തിനായി ഉണ്ടായ മാറ്റം.
ഇരുവരും ദിവസവും അവരവരുടെ കാറുകളിൽ ഓഫിസിലേക്ക്. ഉച്ചയ്ക്ക് ഗൗരിയമ്മയുടെ കാറിൽ ഒന്നിച്ച് ഊണുകഴിക്കാൻ എത്തും.വൈകിട്ട് രണ്ടു കാറുകളിൽ വീണ്ടും ഒരു വീട്ടിലേക്ക്. ഒന്നിച്ചുള്ള ആ യാത്രകൾ അവസാനിച്ചു എന്ന് പുറം ലോകമറിഞ്ഞതും സാനഡുവിന്റെ മതിലിൽ നിന്നാണ്. അഭിപ്രായ വ്യത്യാസങ്ങൾ തുടങ്ങിയപ്പോൾ ഗൗരിയമ്മ ആദ്യം ചെയ്തത് അടുത്തവീട്ടിൽ നിന്നുള്ള ആ കവാടം അടയ്ക്കുകയായിരുന്നു. പിന്നെ ഗൗരിയമ്മ എന്നും ഒറ്റയ്ക്കായിരുന്നു, പാർട്ടിയിലും കുടുംബത്തിലും.
Published by:Asha Sulfiker
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.