HOME » NEWS » Kerala » LIFE STORY OF VINOD THE FIRST RESEARCH SCHOLAR FROM CHOLA NAICKER COMMUNITY AS TV

'ഒരു സമൂഹത്തിൻ്റെ ആവശ്യം കൂടി അറിഞ്ഞ് വേണം അവരെ പഠിപ്പിക്കാൻ'; ചോലനായ്ക്കർ വിഭാഗത്തിലെ ആദ്യ ഗവേഷണ വിദ്യാര്‍ഥിയായ വിനോദ്

വിനോദിൻ്റെ ജീവിതം ഒരു മാതൃകയാക്കിയാൽ ഒരു മേഖലയുടെ വിദ്യാഭ്യാസ രീതിയെയും ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസ നിലവാരത്തെയും തന്നെ മാറ്റി വരയ്ക്കാൻ പറ്റും.

News18 Malayalam | news18-malayalam
Updated: November 23, 2020, 2:58 PM IST
'ഒരു സമൂഹത്തിൻ്റെ ആവശ്യം കൂടി അറിഞ്ഞ് വേണം അവരെ പഠിപ്പിക്കാൻ'; ചോലനായ്ക്കർ വിഭാഗത്തിലെ ആദ്യ ഗവേഷണ വിദ്യാര്‍ഥിയായ വിനോദ്
വിനോദ്
  • Share this:
"ഒരു 500 രൂപ കൊണ്ട് തീർക്കാവുന്ന പ്രശ്നങ്ങൾ ആണ് മിക്കപ്പോഴും ആദിവാസി വിദ്യാർഥികളുടെ പഠനം എന്നന്നേക്കുമായി അവസാനിപ്പിക്കുന്നത്.." പറയുന്നത് പ്രാക് ഗോത്ര വിഭാഗമായ ചോല നായ്‌കരിൽ നിന്നും ആദ്യമായി എം ഫിൽ പൂർത്തിയാക്കി, ഗവേഷണ വിദ്യാർത്ഥിയായ നിലമ്പൂർ മാഞ്ചീരി സ്വദേശി വിനോദ് ആണ്.

നിലമ്പൂർ വനത്തിനുള്ളിൽ സ്വർണനിക്ഷേപം ഉണ്ടെന്നാണ് വിശ്വാസം. പക്ഷേ വനത്തിൽ ജീവിക്കുന്നവരിലെ ഉള്ളിലെ

പ്രതിഭകളെ കണ്ടെത്തുമ്പോൾ അത് സ്വർണത്തേക്കാൾ തിളങ്ങും . അങ്ങനെ തിളങ്ങുന്ന ഒരു വ്യക്തിത്വമാണ് വിനോദിന്‍റെത്.
ഇവിടെ വിനോദിന്റെ വിജയം ആദ്യം ഒരു സമൂഹത്തിൻറെ ഒന്നാകെ വിജയമാണ്. വിനോദിന്റെ കൈപിടിച്ച് നടത്തിയവരുടെയാണ്, ഒപ്പം നിർത്തിയരുടെയാണ്, വഴികാണിച്ച് കൊടുത്തവരുടെയാണ് .

വിനോദിൻ്റെ ജീവിതം ഒരു മാതൃകയാക്കിയാൽ ഒരു മേഖലയുടെ വിദ്യാഭ്യാസ രീതിയെയും ആദിവാസി കുട്ടികളുടെ വിദ്യാഭ്യാസ നിലവാരത്തെയും തന്നെ മാറ്റി വരയ്ക്കാൻ പറ്റും.
പൂക്കോട്ടു പാടത്തെ വാടക വീടിന്‍റെ  ഉമ്മറത്തിരുന്ന് വിനോദ് പഠന കാലത്തെ പറ്റി പറയുന്നു."ഞാൻ ഇന്ന് ഇങ്ങനെ ആയി എങ്കിൽ അത് എൻ്റെ ഭാഗ്യം ആണ്. ഒരുപാട് പേര് എൻ്റെ കൂടെ നിന്നു. പഠിക്കാൻ കൊണ്ട് പോയവരും, ഇടക്ക് പഠനം നിർത്തിയപ്പോൾ തിരികെ കൊണ്ട് വന്നവരും ഒക്കെ ഉണ്ട്. അത്ര മാത്രം പിന്തുണ ആണ് എനിക്ക് കിട്ടിയത്. എന്നിട്ട് പോലും ഞാൻ ഇടക്ക് പ്രശ്നങ്ങൾ വരുമ്പോൾ ഇതൊക്കെ നിർത്തി കാട്ടിലേക്ക് പോകാൻ ശ്രമിച്ചിരുന്നു.  പ്രധാനമായും നല്ല വസ്ത്രം ആയിരുന്നു ഒരു കാലത്തെ പ്രതിസന്ധി. ഒരു 500 രൂപ ഉണ്ടെങ്കിൽ തീരുന്ന പ്രശ്നം. ഒപ്പം നിന്നിരുന്നവരോട്  പറഞ്ഞാല് തീരുന്ന കാര്യമേ ഉള്ളൂ. എങ്കിലും ഞാൻ അന്ന് വലിയ സമ്മർദത്തിൽ ആയി. പക്ഷേ അതിനെ മറികടന്ന് പോകാൻ സുഹൃത്തുക്കൾ കൂടെ നിന്നു. ശരിക്കും ഇതാണ് അവസ്ഥ. അഞ്ഞൂറോ ആയിരമോ രൂപക്ക് തീരുന്ന പ്രശ്നങ്ങൾ ആണ് ആദിവാസി മേഖലയിലെ കുട്ടികളുടെ പഠനം അവസാനിപ്പിക്കുന്നത്. "ആദിവാസി വിഭാഗക്കാരെ വിദ്യാഭ്യാസം ചെയ്യിക്കുക എന്നത് അവരെ മനസ്സിലാക്കി വേണം. കാട്ടിൽ നിൽക്കാൻ വിദ്യാഭ്യാസത്തിൻ്റെ ആവശ്യം ഇല്ല.  വിനോദ് പറയുന്നു.
"എനിക്ക് കാട്ടിൽ തേൻ എടുക്കാൻ പോകാനും കിഴങ്ങ് പറിക്കാൻ പോകാനും സ്കൂൾ വിദ്യാഭ്യാസത്തിൻ്റെ ആവശ്യം ഇല്ലായിരുന്നു. പക്ഷേ പഠിക്കുന്നതിൻ്റെ ആവശ്യകത ബോധ്യപ്പെട്ടപ്പോഴാണ് അതിൻ്റെ പ്രാധാന്യം മനസ്സിലായത്.  ഒരു സമൂഹത്തിൻ്റെ ആവശ്യം കൂടി അറിഞ്ഞ് വേണം അവരെ പഠിപ്പിക്കാൻ. അത്തരത്തിൽ ഒരു സമീപനം ആദിവാസി മേഖലയിൽ ഉള്ളവരോട് കാണിച്ചാലെ അവർ പഠിക്കാനും മാറാനും തയ്യാറാകു".

കിർത്താഡ്‌സ് ഡയറക്ടറായിരുന്ന എൻ വിശ്വനാഥൻ നായരാണ്‌ പണ്ട് വിനോദിനെ കാട്ടിൽ നിന്നും നാട്ടിലേക്ക് കൊണ്ടുവന്നു സ്കൂളിൽ ചേർത്തത്. നിലമ്പൂര്‍ ഇന്ദിരാഗാന്ധി സ്‌മാരക ഹൈസ്‌കൂളില്‍നിന്നു ഫസ്‌റ്റ്‌ ക്ലാസോടെ എസ്‌.എസ്‌.എല്‍.സി. ജയിച്ചെങ്കിലും വീണ്ടും ഊരില്‍ തിരിച്ചെത്തി വനവിഭവങ്ങള്‍ ശേഖരിക്കുന്ന തൊഴിലിലേക്കു വിനോദ്‌ മടങ്ങി. വിവരമറിഞ്ഞെത്തിയ അധ്യാപകരും വനംവകുപ്പ്‌ അധികൃതരും നിര്‍ബന്ധിച്ചതിനെത്തുടര്‍ന്നാണ്‌ ഉപരിപഠനത്തിനു തയാറായത്‌.

തുടര്‍ന്ന്‌ പത്തനംതിട്ട, വടശ്ശേരിക്കര എം.ആര്‍.എസില്‍ പ്ലസ്‌ വണ്ണിന്‌ ചേര്‍ന്നു. 70 ശതമാനം മാര്‍ക്കോടെയാണു പ്ലസ്‌ടു പാസായത്‌. പിന്നീട് കാട്ടിലേക്ക് മടങ്ങി, ഒതുങ്ങി കൂടാൻ ശ്രമിച്ച വിനോദിനെ കൂടെ നിർത്തി ഇന്ന് കാണുന്ന വിനോദ് ആക്കിയത് മറ്റൊരു വ്യക്തിയാണ്. കെ.ആർ . ഭാസ്കര പിള്ള.  അദ്ദേഹത്തിൻ്റെ നിയന്ത്രണത്തിൽ ഉള്ളപാലേമാട്‌ ശ്രീവിവേകാനന്ദ കോളജിലായിരുന്നു വിനോദിൻ്റെ ബിരുദപഠനം.അദ്ദേഹത്തിൻ്റെ വീട്ടിൽ നിന്ന് പഠിക്കാൻ സാധിച്ചത് ആണ് ജീവിതത്തിന്റെ ഗതി മാറ്റിയത് എന്ന് വിനോദ്.

Also Read-ആറാം വയസിൽ കാടിറക്കം; പത്ത് കഴിഞ്ഞ് വീണ്ടും കാടു കയറി; മോഹം IPS; ചോലനായ്‌ക്കരിലെ ആദ്യ ഗവേഷക വിദ്യാർഥിയായ വിനോദിന്റെ ജീവിതം

"പിള്ള സാറിൻ്റെ വീട്ടിൽ നിന്ന് ആണ് ഞാൻ നാട്ടിലെ ജീവിതം പഠിച്ചത്. ലോകം കണ്ടത്. ആളുകളെ കണ്ടത്, പെരുമാറാൻ പഠിച്ചത്. സാർ എനിക്ക് തന്ന സ്വാതന്ത്ര്യം വളരെ വലുതാണ്. അദ്ദേഹം ഒരിക്കലും കൂടുതൽ എൻ്റെ പഠനത്തെ പറ്റി അന്വേഷിച്ചിരുന്നില്ല.  പരീക്ഷ ഫലം വരുമ്പോൾ മാർക്ക് ചോദിക്കും. കുറഞ്ഞാൽ എഴുതി നേടാൻ പറയും. അദ്ദേഹം എപ്പോഴും പ്രശ്നങ്ങൾക്ക് പരിഹാരങ്ങളാണ് പറയുക. അത് എൻ്റെ ജീവിതത്തെ ശരിക്കും മാറ്റി, സ്വാധീനിച്ചു"
Youtube Video

കുസാറ്റിൽ നിന്ന് അപ്ലൈഡ് ഇക്കണോമിക്സിൽ എം ഫിൽ പൂർത്തീകരിച്ച വിനോദ് ഇപ്പോൾ ചോലനായ്‌ക്ക, കാട്ടുനായ്‌ക്ക ആദിവാസി വിഭാഗങ്ങളെക്കുറിച്ചുള്ള പിഎച്ച്‌.ഡി. പഠനത്തിലാണ്. എന്താണ് ലക്ഷ്യം എന്ന് ചോദിച്ചാൽ വിനോദ് പറയും.
"ഫോറസ്റ്റ് റേഞ്ചർ ആകണം എന്നായിരുന്നു ആദ്യത്തെ ചിന്ത. പക്ഷേ അതിന് പ്ലസ് ടു വിന് സയൻസ് പഠിക്കണം എന്ന് പിന്നീട് ആണ് അറിഞ്ഞത്. ഞാൻ ഹ്യുമാനിറ്റീസ് ആയിരുന്നു. ഇപ്പോഴത്തെ ആഗ്രഹം പഠനം പൂർത്തിയാക്കി ട്രൈബൽ മേഖലയിൽ  എവിടെ എങ്കിലും പ്രവർത്തിക്കണം എന്ന് ആണ്. എൻ്റെ സമൂഹത്തിന് കഴിയും വിധം സഹായം ചെയ്യണം. അവരുടെ ജീവിതത്തിൽ മാറ്റം കൊണ്ടുവരാൻ അവസരം കണ്ടെത്തണം. അത്തരത്തിൽ ഒരു ജോലി ആണ് സ്വപ്നം.. പിന്നെ മറ്റൊരു വിദൂര സ്വപ്നം കൂടി ഉണ്ട്. സിവിൽ സർവീസ്. "

കരുളായി മാഞ്ചീരി കോളനിയിലെ മണ്ണള ചെല്ലന്റെയും വിജയയുടെയും മകനാണ് വിനോദ്. ഏഷ്യൻ വൻകരയിൽത്തന്നെ അവശേഷിക്കുന്ന ​ഗുഹാവാസികളാണ് ചോലനായ്ക്കർ. വിനോദിൻ്റെ ഉയർച്ച ഒരു വിഭാഗത്തിൻ്റെ തന്നെ സുരക്ഷയും വളർച്ചയും ഉറപ്പ് വരുത്തുന്നത് ആവട്ടെ. ഇനിയും ഒരുപാട് പേര് ഈ സമൂഹങ്ങളിൽ നിന്ന് വിനോദിൻ്റെ പാത പിന്തുടർന്ന് മറ്റങ്ങളിലേക്ക് നടന്നു കയറട്ടെ.
Published by: Asha Sulfiker
First published: November 23, 2020, 8:59 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories