തിരുവനന്തപുരം: ആശാരിപ്പണി ചെയ്യുന്നതിനിടെ യുവാവ് ഇടിമിന്നലേറ്റ് മരിച്ചു. കാക്കാമൂല തൊങ്ങല് വിള വീട്ടില്‍ കുഞ്ഞപ്പിയുടെ മകന് വിനീഷ് (24) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് ദാരുണമായ സംഭവം ഉണ്ടായത്. താന്നിവിള കസ്തൂര്‍ബാ കേന്ദ്രത്തിനു സമീപം മുതുവല്ലൂര്‍കോണം സ്വദേശി ഗോപിയുടെ ഇരുനില വീടിന്റെ രണ്ടാമത്തെ നിലയില്‍ ജനാലയുടെ പണിയില്‍ ഏര്‍പ്പെട്ടിരിക്കുന്നതിനിടെയാണ് വിനീഷിന് ഇടിമിന്നലേറ്റത്. ഇരുനില വീടിന്റെ മുകളില്‍ നിന്ന് താഴെ വീണു ദാരുണമായാണ് വിനീഷ് മരിച്ചത്.
സ്റ്റീല്‍ കൊണ്ട് നിര്‍മ്മിച്ച സിറ്റൗട്ടിന്റെ സംരക്ഷണ ഭിത്തിയില്‍ പിടിച്ചുകൊണ്ട് അകത്തേക്ക് കയറുന്നതിനിടെ ഉണ്ടായ ഇടിമിന്നലില്‍ വിനീഷ് പിടിവിട്ട് താഴേക്ക് പതിക്കുകയായിരുന്നു. ഇടിമിന്നലേറ്റതിനൊപ്പം കോണ്‍ക്രീറ്റ് തറയില്‍ തലയിടിച്ച് വീണതും മരണകാരണമായി. സംഭവം നടന്നയുടൻ സമീപത്ത് ഉണ്ടായിരുന്നവർ വിനീഷിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വിനീഷിന്റെ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച പോസ്റ്റുമോർട്ടം നടപടി പൂർത്തിയായ ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. നരുവാമൂട് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
കാമുകന്റെ വീട്ടിൽ നഴ്സ് മരിച്ച സംഭവം കൊലപാതകം; പ്രതി വീട്ടിലെത്തിയ തടിക്കച്ചവടക്കാരൻ
പത്തനംതിട്ട: കാമുകന്റെ വീട്ടിൽ നഴ്സിനെ തൂങ്ങി മരിച്ച നലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. പത്തനംതിട്ട കോട്ടാങ്ങലിൽ രണ്ടു വർഷം മുമ്പ് നടന്ന സംഭവമാണ് കൊലപാതകമാണെന്ന് തെളിഞ്ഞത്. യുവതിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തിയത്, കാമുകനല്ലെന്നും വീട്ടിലെത്തിയ തടിക്കച്ചവടക്കാരൻ നസീർ ആണെന്നും പൊലീസ് കണ്ടെത്തി. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
2019 ഡിസംബർ 15നാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. 25കാരിയായ നഴ്സിനെ കാമുകന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതോടെയാണ് പൊലീസ് അന്വേഷണം നടത്തിയത്. യുവതിയുടെ ബന്ധുക്കളുടെ പരാതിയിൽ കാമുകനായ യുവാവിനെതിരെ ആയിരുന്നു പൊലീസ് അന്വേഷണം. കാമുകൻ യുവതിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് ആരോപണം ഉയർന്നത്. ഈ സംഭവത്തിൽ മരിച്ച യുവതിയുടെ കാമുകനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ക്രൂരമായി മർദ്ദിച്ചത് അക്കാലത്ത് വലിയ വാർത്തയായിരുന്നു. അന്ന് യുവാവിനെ കസ്റ്റഡിയിൽ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്ഷന് ലഭിച്ചിരുന്നു. തുടര്‍ന്ന് കാമുകന് തന്നെ നടത്തിയ നിയമപോരാട്ടത്തിലാണ് ഇപ്പോൾ യഥാർഥ വസ്തുത പുറത്തുവന്നതും, പ്രതി പിടിയിലായത്. സംഭവത്തിൽ അന്വേഷണം ഏറ്റെടുത്ത പത്തനംതിട്ട ജില്ലാ ക്രൈംബ്രാഞ്ചാണ് യഥാർഥ പ്രതിയെ കണ്ടെത്തിയത്. മല്ലപ്പള്ളി കൊട്ടാങ്ങൽ പുളിമീട്ടിൽ വീട്ടിൽ നസീറിന്റെ(39) അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തി.
Also Read-
കോടികൾ വില വരുന്ന ഇരുതലമൂരിയെ വിൽക്കാനെത്തി; നാലുപേർ പിടിയിൽ
ഭർത്താവിനെ ഉപേക്ഷിച്ച് ആറുമാസമായി ഓട്ടോ ഡ്രൈവറായ കാമുകന്റെ വീട്ടിലായിരുന്നു നഴ്സ് താമസിച്ചിരുന്നത്. സംഭവദിവസം കാമുകനും അച്ഛനും വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത് അതിക്രമിച്ച് കയറിയാണ് യുവതിയെ നസീര്‍ ക്രൂരമായി കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. വീട്ടിൽ തടിക്കച്ചവടത്തിന് എത്തിയതായിരുന്നു പ്രതി. വീട്ടിൽ മറ്റാരും ഇല്ലെന്ന് മനസിലാക്കിയതോടെയാണ് ഇയാൾ അതിക്രമിച്ചു കയറിയത്. യുവതിയെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടെ തല ഭിത്തിയിൽ ഇടിച്ച് ബോധരഹിതയായി. ഈ സമയം യുവതിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയും, അതിനുശേഷം മേൽക്കൂരയിലെ ഹൂക്കിൽ കെട്ടിത്തൂക്കി കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. യുവതിയെ കടന്നുപിടിക്കാനുള്ള ശ്രമത്തിനിടെ വീണ നഴ്സിന്റെ തല കട്ടിലില്‍ ഇടിച്ച് ബോധം നഷ്ടപ്പെട്ടു. പിടിവലിക്കിടെ മാരകമായ 50ലേറെ മുറിവുകളാണ് ശരീരത്തില്‍ ഉണ്ടായിരുന്നത്.
Also Read-
Bevco Self Service shop | ഷോപ്പിൽ നിന്നും ഫുൾ ബോട്ടിൽ മോഷ്ടിച്ച 'മാന്യനെ' കണ്ടെത്തി
യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയതിന് പിന്നാലെ, ഇൻക്വസ്റ്റിലും പോസ്റ്റുമോർട്ടം റിപ്പോർട്ടിലും ബലാത്സംഗത്തിന് ഇരയായെന്ന് തെളിഞ്ഞിരുന്നു. ഇതോടെയാണ് യുവതിയുടെ ബന്ധുക്കൾ ഓട്ടോ ഡ്രൈവറായ കാമുകനെതിരെ പരാതി നൽകിയത്. ഈ പരാതിയിൽ പെരുമ്പെട്ടി എസ്ഐയായിരുന്ന ഷെരീഫ് യുവാവിനെ കസ്റ്റഡിയില്‍ എടുത്ത് മര്‍ദിച്ച് അവശനാക്കിയത് വലിയ വിവാദമായിരുന്നു. ചോര ഛര്‍ദിച്ച് ആശുപത്രിയിലായ യുവാവ് ഡിസ്ചാർജായ ശേഷം നടത്തിയ നിയമപോരാട്ടമാണ് ഇപ്പോൾ കേസിൽ വഴിത്തിരിവായത്. അതിനിടെ എസ്ഐയ്ക്കെതിരെ കോടതിയിൽ പരാതി നൽകുകയും ചെയ്തിരുന്നു. ഈ കേസിൽ സസ്പെൻഷനിലായ എസ്ഐയ്ക്കെതിരെ ഇപ്പോഴും അന്വേഷണം നടക്കുകയാണ്.
അപരിചിതരായ ആളുകളെ കേന്ദ്രീകരിച്ച് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. സ്വകാര്യഭാഗങ്ങളില്‍ നിന്ന് ലഭിച്ച സ്രവങ്ങളും ഡിഎന്‍എ പരിശോധന റിപ്പോര്‍ട്ടും കേസില്‍ പ്രതിയെ കണ്ടെത്തുന്നതിൽ നിർണായകമായി. യുവതിയുടെ നഖത്തിന്റെ അടിയില്‍ നിന്ന് ലഭിച്ച രക്തവും തൊലിയും അടക്കം പരിശോധനയ്ക്ക് അയച്ചിരുന്നു. ഇതും പ്രതിയെ കുടുക്കാൻ ക്രൈംബ്രാഞ്ചിന് സഹായകരമായി. തുടര്‍ന്ന് മൂന്ന് തവണ ചോദ്യം ചെയ്യലിന് വിളിപ്പിച്ച ശേഷമാണ് പ്രതിയുടെ അറസ്റ്റ് ക്രൈംബ്രാഞ്ച് രേഖപ്പെടുത്തിയത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.