നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഇടിമിന്നൽ സൂക്ഷിക്കുക; തെക്കൻ കേരളത്തിൽ 48 മണിക്കൂറിനിടെ മിന്നലേറ്റ് നാലു മരണം

  ഇടിമിന്നൽ സൂക്ഷിക്കുക; തെക്കൻ കേരളത്തിൽ 48 മണിക്കൂറിനിടെ മിന്നലേറ്റ് നാലു മരണം

  കോട്ടയത്ത് ഒരാളും മൂവാറ്റുപുഴയിൽ രണ്ട് പേരും കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചിരുന്നു

  Lightning

  Lightning

  • Share this:
   മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. തിരുവനന്തപുരം ചിറയിൻകീഴനടുത്ത് അഞ്ചുതെങ്ങ് പഴയനട സ്വദേശി സതീഷ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കഴിഞ്ഞ 48 മണിക്കൂറിനിടെ മാത്രം നാല് പേരാണ് സംസ്ഥാനത്ത് ഇടിമിന്നലേറ്റ് മരിച്ചത്.

   കോട്ടയത്ത് ഒരാളും മൂവാറ്റുപുഴയിൽ രണ്ട് പേരുമാണ് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഇടിമിന്നലേറ്റ് മരിച്ചത്. കോട്ടയം പാലാ തിടനാടിനടുത്ത് പൂവത്തോട് സ്വദേശിയായ ബാബു ജോസഫ് ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടോടെയായിരുന്നു അപകടം. ഓട്ടോ ഡ്രൈവറായ ബാബുവിന് വീടിന് മുന്നിൽ വച്ചാണ് ഇടിമിന്നലേറ്റത്. ഉടൻ തന്നെ ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. റെനിയാണ് ബാബുവിന്‍റെ ഭാര്യ. മക്കൾ റിയ, അനിൽ, അലക്സ്.

   Also Read-Rain Alerts | വരുംദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത; ഒമ്പത് ജില്ലകളിൽ ജാഗ്രതാനിർദേശം

   മൂവാറ്റുപുഴയ്ക്കടുത്ത് ആട്ടായത്താണ് ഞായറാഴ്ച വൈകിട്ടോടെ ഇടിമിന്നൽ അപകടമുണ്ടായത്. തടിപ്പണിക്കാരായ ഒരു സംഘം ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുമ്പോള്‍ ശക്തമായ ഇടിയും മഴയും മൂലം റബര്‍ തോട്ടത്തിനുള്ളിലെ ഷെഡില്‍ കയറിനിന്നപ്പോഴാണ് മിന്നലേറ്റത്. എല്ലാവരെയും ഉടൻ തന്നെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഒരാൾ അന്നു തന്നെ മരിച്ചു. ഗുരുതര പൊള്ളലേറ്റ ജിജോ (42) എന്നയാളെ കോലഞ്ചേരി മെഡിക്കൽ കോളജിലേക്ക് മാറ്റിയിരുന്നു. ഇവിടെ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മരിച്ചത്. ഭാര്യ; പ്രതിഭ മക്കള്‍: നെവിന്‍, നെല്‍വിന്‍.

   ഇവർക്കൊപ്പം മിന്നലേറ്റ ഈസ്റ്റ് വാഴപ്പിള്ളി സ്വദേശികളായ മഠത്തിക്കുന്നേല്‍ ജോജോ എം.എം (36),ജിജി എം എം (39),പാപ്പനേത്ത് നിതീഷ് കുമാര്‍ (29),തെരുവംകുന്നേല്‍ ജോബി (40),വാഴക്കാലയില്‍ രാജു (52) എന്നിവർ ചികിത്സയിലാണ്.

   അതേസമയം കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മെയ് 13 വരെ 30 - 40 കി.മി. വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്. മിന്നലേറ്റുള്ള അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.

   സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിച്ച ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ

   പൊതു നിര്‍ദ്ദേശങ്ങള്‍

   ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക.

   മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ ടെറസിലേക്കോ, മുറ്റത്തക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.

   ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.

   ജനലും വാതിലും അടച്ചിടുക.

   ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.

   ടെലിഫോൺ ഉപയോഗിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക.

   ഇടിമിന്നലുള്ള സമയത്ത്‌ കുളിക്കുന്നത്‌ ഒഴിവാക്കുക.

   കഴിയുന്നത്ര ഗൃഹാന്തർ ഭാഗത്ത്‌ ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കുക.

   ഇടിമിന്നലുള്ള സമയത്ത്‌ ടെറസ്സിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌.

   വീടിനു പുറത്താണങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌.

   വാഹനത്തിനുള്ളിൽ ആണങ്കിൽ തുറസ്സായ സ്ഥലത്ത്‌ നിർത്തി, ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം.

   ഇടിമിന്നൽ ഉണ്ടാകുമ്പോൾ ജലാശയത്തിൽ ഇറങ്ങുവാൻ പാടില്ല.

   പട്ടം പറത്തുവാൻ പാടില്ല.

   തുറസ്സായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച്‌ തല കാൽ മുട്ടുകൾക്ക്‌ ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക.

   ഇടിമിന്നലുള്ള സമയം പുറത്ത്‌ അയയിൽ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങൾ എടുക്കാതിരിക്കുക.

   ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ്ജ്‌ പ്രോട്ടക്ടര്‍ ഘടിപ്പിക്കാം.

   മിന്നലിന്റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേൾവിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കയോ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന്‌ പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്‌. മിന്നൽ ഏറ്റാല്‍ ആദ്യ മുപ്പത്‌ സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ്ണ നിമിഷങ്ങളാണ്‌

   വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുമ്പോള്‍ തുറസായ സ്ഥലത്തെക്ക് പോകരുത്

   കുട്ടികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്

   ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.
   Published by:Asha Sulfiker
   First published:
   )}