• HOME
 • »
 • NEWS
 • »
 • kerala
 • »
 • Assembly Election 2021 | വോട്ടിനായി അണിനിരക്കാം: വോട്ടുപാട്ടിന്റെ ഈണവും താളവും തൃശൂരില്‍

Assembly Election 2021 | വോട്ടിനായി അണിനിരക്കാം: വോട്ടുപാട്ടിന്റെ ഈണവും താളവും തൃശൂരില്‍

ജനമനസ്സുകളിലേക്ക് വോട്ടിന്റെ പ്രാധാന്യം പങ്കുവെയ്ക്കുന്ന മ്യൂസിക്കല്‍ ആല്‍ബത്തില്‍ ഔസേപ്പച്ചന്റെ ചെറുമകള്‍ താഷ അരുണ്‍, കലക്ടർ എന്നിവരുള്‍പ്പെടെ നിരവധി പേര്‍ അഭിനയിച്ചു.

thrissur vote

thrissur vote

 • Last Updated :
 • Share this:
  തൃശൂർ; കലയും സംസ്‌കാരവും ഒത്തു ചേരുന്ന തൃശൂരിന് തിരഞ്ഞെടുപ്പ് സന്ദേശമായി വോട്ടുപാട്ടിന്റെ ഈണവും താളവും. വോട്ടിനായി അണിനിരക്കാന്‍ പൊതുജനങ്ങളോട് ആഹ്വാനം ചെയ്യുന്ന 'വരിക വരിക കൂട്ടരേ' തിരഞ്ഞെടുപ്പ് ഗാനം ജില്ലാ കളക്ടര്‍ എസ് ഷാനവാസ് പ്രകാശനം ചെയ്തു. ഉദയശങ്കറാണ് മ്യൂസിക്കല്‍ ആല്‍ബത്തിന്റെ സംവിധായകന്‍. ചലച്ചിത്ര സംഗീത സംവിധായകന്‍ ഔസേപ്പച്ചന്‍ ഈണമിട്ട ഗാനത്തിന്റെ വരികള്‍ രചിച്ചത് തിരഞ്ഞെടുപ്പ് വിഭാഗം മുന്‍ ഡെപ്യൂട്ടി കലക്ടര്‍ യു. ഷീജാ ബീഗമാണ്.

  ജനമനസ്സുകളിലേക്ക് വോട്ടിന്റെ പ്രാധാന്യം പങ്കുവെയ്ക്കുന്ന മ്യൂസിക്കല്‍ ആല്‍ബത്തില്‍ ഔസേപ്പച്ചന്റെ ചെറുമകള്‍ താഷ അരുണ്‍, കലക്ടർ എന്നിവരുള്‍പ്പെടെ നിരവധി പേര്‍ അഭിനയിച്ചു. ചിത്രത്തിന്റെ ദൃശ്യങ്ങള്‍ പുരോഗമിക്കുന്നത് ഒരു കുട്ടിയിലൂടെയാണ്. രാഷ്ട്രബോധമുള്ള ഒരു ജനതയെ പ്രതിനിധീകരിക്കുന്ന കഥാപാത്രമെന്ന രീതിയിലാണ് വീഡിയോയുടെ ആശയം പ്രേക്ഷരിലേക്ക് എത്തുന്നത്. വോട്ടു ചെയ്യുന്നതിന്റെ ആവശ്യകത ഓര്‍മിപ്പിക്കുന്നതില്‍ കുട്ടി വഹിക്കുന്ന പങ്കും അവളുടെ വോട്ടു ചെയ്യാനുള്ള ആഗ്രഹവും ചിത്രത്തിലുടനീളം പ്രതിഫലിക്കുന്നു.

  സമ്മതിദാനാവകാശം ഓരോ പൗരന്റെയും കടമയാണെന്നും ജനങ്ങളെല്ലാവരും വോട്ട് ചെയ്യണമെന്നും പ്രകാശന ചടങ്ങില്‍ ഔസേപ്പച്ചന്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് ഗാനത്തിന് സമൂഹമാധ്യമങ്ങളില്‍ വമ്പിച്ച വരവേല്‍പ്പാണ് ലഭിക്കുന്നത്. വോട്ടവകാശത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിനും നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് ശതമാനം ഉറപ്പ് വരുത്തുന്നതിനുമായി ജില്ലാ ഭരണകൂടവും വോട്ടർ ബോധവൽക്കരണ വിഭാഗമായ സ്വീപ്പും സംയുക്തമായി ഒരുക്കിയതാണ് അഞ്ച് മിനുറ്റ് ദൈര്‍ഘ്യമുള്ള ഗാനം.

  തൃശൂരിലെ തനതായ പുലിക്കളി, വോട്ട് വണ്ടി, 'വോട്ട്' ഹ്രസ്വ ചിത്രം എന്നിങ്ങനെ വിവിധ തരത്തിലുള്ള വോട്ടവകാശ ബോധവത്കരണ ക്യാമ്പയിനുകളും ജില്ലയില്‍ നടന്നു വരുന്നു. സ്വീപ്പ് പ്രവര്‍ത്തകര്‍, തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.

  ഇ-വോട്ടിംഗ് 2024 മുതൽ നടപ്പിലാക്കാൻ പദ്ധതിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

  വോട്ട് ചെയ്യാൻ നാട്ടിലെത്താൻ സാധിക്കാത്ത വോട്ടർമാർക്ക് വിദൂര വോട്ടിംഗ് (റിമോട്ട് വോട്ടിംഗ്) സംവിധാനം 2024ലെ പൊതു തെരഞ്ഞെടുപ്പിൽ പരിഗണിക്കാൻ സാധ്യതയുണ്ടെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ. റിമോട്ട് വോട്ടിംഗിനായി ബ്ലോക്ക് ചെയിന്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് ഐഐടി-മദ്രാസുമായി ചേര്‍ന്ന് കാര്യക്ഷമമായ പദ്ധതികള്‍ ആസൂത്രണം ചെയ്ത് വരികയാണെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈദരാബാദിൽ പറഞ്ഞു.

  ഹൈദരാബാദില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നാഷണല്‍ പൊലീസ് അക്കാദമിയിലെ ഇന്ത്യന്‍ പൊലീസ് സര്‍വീസ് (ഐപിഎസ്) പ്രൊബേഷണറി ഓഫീസേഴ്സിനോട് സംസാരിക്കവെയാണ് സുനില്‍ അറോറ ഇക്കാര്യം വ്യക്തമാക്കിയത്. 'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' എന്നതാണ് ലക്ഷ്യമെങ്കിലും നിലവിലെ നിയമങ്ങള്‍ ഭേദഗതി ചെയ്യുമ്പോള്‍ രാഷ്ട്രീയ ഐക്യം ഉണ്ടായിരിക്കണമെന്നതിനാൽ അത് നേടിയെടുക്കല്‍ പ്രയാസകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

  'ഐഐടി-മദ്രാസിലെ ചില പ്രമുഖ ശാസ്ത്രജ്ഞരുമായി ചേര്‍ന്ന് ഒരു പുതിയ പദ്ധതി തയാറാക്കുന്നുണ്ടെന്നും അതൊരു ബ്ലോക്ക് ചെയിന്‍ പ്രൊജക്ട് ആണെന്നും അദ്ദേഹം പറഞ്ഞു. 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇ-വോട്ടിംഗിൽ പുതിയ മാറ്റങ്ങളുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വോട്ടർമാർക്ക് ദൂരസ്ഥലങ്ങളിൽ ഇരുന്ന് തന്നെ വോട്ടുചെയ്യാനുള്ള സൗകര്യത്തിന് വേണ്ടി ആപ്പ് അധിഷ്ഠിത ഇ-വോട്ടിംഗ് അവതരിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
  Published by:Anuraj GR
  First published: